| Friday, 3rd April 2026, 1:18 pm

നിയമസഭ തെരഞ്ഞെടുപ്പ്: പ്രീപോള്‍ സര്‍വേകള്‍ നിരോധിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വാര്‍ത്താ ചാനലുകള്‍ നടത്തുന്ന പ്രീപോള്‍ സര്‍വേകളും അഭിപ്രായ സര്‍വേകളും നിരോധിക്കണമെന്ന ആവശ്യവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

കെ.പി.സി.സി അംഗം അഡ്വ. ജെ.എസ്. അഖില്‍ ആണ് തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി സമര്‍പ്പിച്ചത്.

തെരഞ്ഞെടുപ്പിന് മുന്‍പേ പുറത്തുവിടുന്ന സര്‍വേ ഫലങ്ങള്‍ വോട്ടര്‍മാരുടെ മനോഭാവത്തെ അനാവശ്യമായി സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തടസ്സമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

ചില വാര്‍ത്താ അവതാരകര്‍ മണ്ഡലങ്ങളില്‍ ചില സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കുന്നത് വോട്ടര്‍മാര്‍ക്കിടയില്‍ ‘ബാന്‍ഡ് വാഗണ്‍ ഇഫക്റ്റ്’ സൃഷ്ടിക്കുന്നു. ഇത് പ്രത്യേകിച്ച് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലാത്ത വോട്ടര്‍മാരെ തെറ്റായ രീതിയില്‍ സ്വാധീനിക്കാന്‍ കാരണമാകുമെന്നും പരാതിയില്‍ പറഞ്ഞു.

നിലവില്‍ വോട്ടെടുപ്പിന് ശേഷം പുറത്തുവിടുന്ന എക്‌സിറ്റ് പോളുകള്‍ക്ക് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തുന്ന പ്രീപോള്‍ സര്‍വേകള്‍ക്ക് ഇത്തരം നിയന്ത്രണങ്ങളില്ല. ഇതൊരു ഗുരുതരമായ നിയമപരമായ വിടവാണെന്നും അഡ്വ. അഖില്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ചില നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെടുന്നു.

പ്രീപോള്‍ സര്‍വേകളുടെ പ്രക്ഷേപണം സംസ്ഥാനത്ത് പൂര്‍ണ്ണമായും നിരോധിക്കുകയോ അല്ലെങ്കില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുക, സര്‍വേകള്‍ നടത്തുന്ന മാധ്യമങ്ങള്‍ അവയുടെ രീതിശാസ്ത്രം, സര്‍വേയ്ക്കായുള്ള ധനസ്രോതസ്സുകള്‍ എന്നിവ പൊതുജനസമക്ഷം പൂര്‍ണ്ണമായും വെളിപ്പെടുത്തണം എന്നീ നിര്‍ദേശങ്ങളാണ് പരാതിയില്‍ മുന്നോട്ടുവെച്ചത്.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത ഉറപ്പാക്കാന്‍ കമ്മിഷന്റെ അടിയന്തര ഇടപെടല്‍ അത്യാവശ്യമാണെന്നും ഈ വിഷയത്തില്‍ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അഡ്വ. ജെ.എസ്. അഖില്‍ പറഞ്ഞു.

Content Highlight: Kerala Assembly Polls: Complaint Filed with Election Commission Seeking Ban on Pre-Poll Surveys

Latest Stories

We use cookies to give you the best possible experience. Learn more