| Thursday, 1st April 2021, 6:27 pm

ലീഗിനേറ്റ ആഘാതം സുരേന്ദ്രന് താങ്ങാകുമോ, മഞ്ചേശ്വരത്ത് എന്തു സംഭവിക്കും?

അളക എസ്. യമുന

ഈ തെരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയിലെ നേമത്തെ പോലെ തന്നെ ഏവരും ഉറ്റുനോക്കുന്ന മറ്റൊരു മണ്ഡലമാണ് വടക്കന്‍ ജില്ലയായ കാസര്‍ഗോട്ടെ മഞ്ചേശ്വരം നിയമസഭാ മണ്ഡലം. 2016ല്‍ നേമത്തിലൂടെ ബി.ജെ.പി കേരളത്തിലെ അവരുടെ ആദ്യ അക്കൗണ്ട് തുറന്നപ്പോള്‍ കേവലം 89 വോട്ടുകള്‍ക്ക് ബി.ജെ.പിക്ക് നഷ്ടമായ മണ്ഡലമാണ് മഞ്ചേശ്വരം. അന്ന് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ഇപ്പോഴത്തെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്‍ തന്നെയാണ് ഇത്തവണയും മഞ്ചേശ്വരത്ത് മത്സര രംഗത്തുള്ളത്.

ശബരിമല വിവാദാനന്തരം കേരളത്തില്‍ ബി.ജെ.പി നേടിയ മേല്‍ക്കൈ ഇത്തവണ മഞ്ചേശ്വരം പിടിച്ചെടുക്കാന്‍ ബി.ജെ.പിയെ സഹായിക്കുമോ, മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍.എ യായ മുസ്‌ലിം ലീഗിലെ എം.സി കമറുദ്ദീന്‍ നിക്ഷേപത്തട്ടിപ്പ് കേസില്‍ അകത്തായത് യു.ഡി.എഫിനെ പ്രതികൂലമായി ബാധിക്കുമോ? കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ട സി.പി.ഐ.എം ഇപ്പോള്‍ സംസ്ഥാനമെമ്പാടും കാണുന്ന ഇടതുതരംഗത്തില്‍ മഞ്ചേശ്വരത്ത് ഉയര്‍ത്തെഴുന്നേല്‍ക്കുമോ? മഞ്ചേശ്വരത്തിന്റ വിധി എന്തായിരിക്കുമെന്നത് ആകാംക്ഷാഭരിതമാണ്.

നിലവില്‍ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് മഞ്ചേശ്വരം. മഞ്ചേശ്വരത്തെ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പുതുമുഖവുമായ എ. കെ. എം അഷ്റഫിനെയാണ് മണ്ഡലം നിലനിര്‍ത്താന്‍ ഇക്കുറി ലീഗ് നേതൃത്വം നിയോഗിച്ചത്. നാലു പതിറ്റാണ്ടിന് ശേഷം മണ്ഡലത്തില്‍ നിന്നുള്ള ഒരാള്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി എന്ന പ്രത്യേകത ലീഗിനുണ്ട്. ഇത് ലീഗിന്റെ പ്രതീക്ഷ വളരെയേറെ ഉയര്‍ത്തുന്നുമുണ്ട്. സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗവും മുന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനുമായ വി.വി. രമേശനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

നേരിയ വോട്ടിന് മണ്ഡലത്തില്‍ നേരത്തെ പരാജയപ്പെട്ട, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ തന്നെ പോരിനിറക്കി ബി.ജെ.പിയും. അതിര്‍ത്തി നാടായതിനാല്‍ മൂന്ന് ഭാഷകളില്‍ ചുവരെഴുത്തും ബാനറുകളും അനൗണ്‍സ്‌മെന്റുകളുമൊക്കെയായി മൂന്ന് മുന്നണികളും സജീവമായിത്തന്നെ മണ്ഡലത്തില്‍ പ്രചരണം നടത്തുന്നുണ്ട്.

മഞ്ചേശ്വരത്തിന്റെ ചരിത്രം

1970 ല്‍ രൂപീകരിക്കപ്പെട്ട മഞ്ചേശ്വരം മണ്ഡലത്തില്‍ ആദ്യ നാല് തെരഞ്ഞെടുപ്പുകളിലും സി.പി.ഐ ആയിരുന്നു വിജയിച്ചിരുന്നത്. 1987 ല്‍ മുസ്‌ലിം ലീഗ് നേതാവായ ചെര്‍ക്കളം അബ്ദുള്ളയിലൂടെ മണ്ഡലം യു.ഡി.എഫ് പിടിച്ചെടുത്തു. പിന്നീട് തുടര്‍ച്ചയായ നാല് തെരഞ്ഞെടുപ്പുകളിലും മഞ്ചേശ്വരത്ത് വിജയിച്ചത് ചെര്‍ക്കളം അബ്ദുള്ള തന്നെയായിരുന്നു. 2006 ല്‍ സി.പി.ഐ.എമ്മിന്റെ സി.എച്ച് കുഞ്ഞമ്പു ഇടതുപക്ഷത്തേക്ക് തിരിച്ചെത്തിച്ച മണ്ഡലം 2011 ല്‍ ലീഗ് നേതാവ് പി.ബി അബ്ദുല്‍ റസാഖിലൂടെ യു.ഡി.എഫ് തന്നെ തിരിച്ചുപിടിക്കുകയായിരുന്നു. 2016 ലെ തെരഞ്ഞെടുപ്പില്‍ പി.ബി.അബ്ദുള്‍റസാഖ് വീണ്ടും വിജയിച്ചെങ്കിലും 2018 ഒക്ടോബറില്‍ അദ്ദേഹം മരണപ്പെട്ടു. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് നിലവിലെ എം.എല്‍.എ ആയ എം.സി ഖമറുദ്ദീന്‍ വിജയിച്ചത്.

2011 ല്‍ ലീഗ് നേതാവ് പി.ബി.അബ്ദുള്‍റസാഖും സി.പി.ഐ.എം മുന്‍ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പുവും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും തമ്മില്‍ നടന്ന മത്സരത്തില്‍ 5828 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അബ്ദുള്‍റസാഖ് വിജയിച്ചത്. വിജയപ്രതീക്ഷയുമായി മത്സരിച്ച സി.പി.ഐ.എം അന്ന് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയാണുണ്ടായത്.

2016 ല്‍ മണ്ഡലത്തില്‍ അതേ വ്യക്തികള്‍ തമ്മില്‍ മത്സരം ആവര്‍ത്തിച്ചപ്പോള്‍ ബി.ജെ.പി തങ്ങളുടെ വോട്ടുകള്‍ ഉയര്‍ത്തി. അന്ന് 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. സുരേന്ദ്രന്‍ പി.ബി.അബ്ദുള്‍റസാഖിനോട് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് കെ.സുരേന്ദ്രന്‍ നിയമയുദ്ധം തുടരുന്നതിനിടെയാണ് അബ്ദുള്‍ റസാഖ് എം.എല്‍.എ മരണം സംഭവിച്ചത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ലീഗ് ജില്ലാ പ്രസിഡന്റായ എം.സി.കമറുദ്ദീന്‍ ബി.ജെ.പിയിലെ രവീശ തന്ത്രി കുണ്ടാറിനെ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി യു.ഡി.എഫിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണുണ്ടായത്.

2016ല്‍ 89 വോട്ടിന് കൈവിട്ട മണ്ഡലം ഇത്തവണയെങ്കിലും പിടിക്കുന്നതിനായി കര്‍ണ്ണാടകയിലെയടക്കം ബി.ജെ.പി, സംഘപരിവാര്‍ നേതാക്കള്‍ മഞ്ചേശ്വരത്ത് തമ്പടിച്ച് കെ. സുരേന്ദ്രന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയാണിപ്പോള്‍.

തദ്ദേശ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും നല്‍കുന്ന സൂചനകള്‍:

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി എഫിന് 5000 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിലുള്ളത്. രണ്ടാംസ്ഥാനത്തുള്ള ബി.ജെ.പിക്ക് എല്‍.ഡി.എഫിനെക്കാള്‍ 2000 വോട്ട് അധികവുമുണ്ട്. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ളത് ഏഴായിരം വോട്ടിന്റെ വ്യത്യാസമാണ്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 68217 വോട്ടുകളാണ് യു.ഡി.എഫിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള എന്‍.ഡി.എയ്ക്ക് 57104 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് കിട്ടിയത് വെറും 32796 വോട്ടുകള്‍ മാത്രമാണ്.

അതായത് മണ്ഡലത്തിലെ കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ യു.ഡി.എഫിനാണ് വലിയ മേല്‍ക്കെയും വിജയപ്രതീക്ഷയുമുള്ളത്. എന്നാല്‍ നിക്ഷേപത്തട്ടിപ്പ് കേസില്‍ എം.സി ഖമറുദ്ദീന്‍ പ്രതിയാക്കപ്പെട്ടതും ജയിലിലായതുമെല്ലാം യു.ഡി.എഫിനെ ബാധിക്കുകയാണെങ്കില്‍ അത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നതാണ് മണ്ഡലത്തിലെ സ്ഥിതി. സംസ്ഥാനവ്യാപകമായി നിലനില്‍ക്കുന്ന ഇടത് അനുകൂല തരംഗവും ഭരണത്തുടര്‍ച്ചാ പ്രവചനങ്ങളുമെല്ലാമുണ്ടെങ്കിലും നിലവില്‍ മൂന്നാം സ്ഥാനത്തുള്ള സി.പി.ഐ.എമ്മിനെ സംബന്ധിച്ച് മറ്റ് രണ്ട് മുന്നണികളെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്തുക എന്നത് ഏറെ പ്രയാസകരമാണ്. ഈ സാഹചര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ബി.ജെ.പിയുടെ വിജയസാധ്യതയും തള്ളിക്കളയാനാവില്ല. മഞ്ചേശ്വരത്തിന്റെ വിധി എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Assembly Election, Kasaragod Possibilities

അളക എസ്. യമുന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more