| Thursday, 19th May 2016, 2:19 pm

സുല്‍ത്താന്‍ ബത്തേരിയില്‍ യു.ഡി.എഫ്; സി.കെ ജാനു തോറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

 വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഐ.സി ബാലകൃഷ്ണന്‍ 11198 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. 75747 വോട്ടുകളാണ് ഐ.സിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ഇടതുമുന്നണിയുടെ രുഗ്മിണി സുബ്രഹ്മണ്യന് 64549 വോട്ടുകളാണ് കിട്ടിയത്. മൂന്നാം സ്ഥാനത്തെത്തിയ സി.കെ ജാനുവിന് 27920 വോട്ടുകളാണ് ലഭിച്ചത്. 1261 വോട്ടുകളുമായി നോട്ടയ്ക്കാണ് നാലാം സ്ഥാനം.

സി.കെ ജാനവിന്റെ എന്‍.ഡി.എ രംഗപ്രവേശത്തോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് സുല്‍ത്താന്‍ ബത്തേരി. ആദിവാസി ഗോത്രമഹാസഭയുടെ നേതാവായിരുന്ന ജാനു ബി.ജെ.പി പിന്തുണയോടെ ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആര്‍.എസ് )എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് ബി.ജെ.പിയുമായി സഖ്യത്തിലായത്. എന്നാല്‍ ജാനു വലിയ സാന്നിധ്യമാകില്ലെന്നാണ് മുന്നണികള്‍ പ്രതീക്ഷിച്ചിരുന്നത്.

മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ വാളാട് ഇല്ലത്തുമൂല കുറിച്യ കോളനിയിലെ ചന്തു മീനാക്ഷി ദമ്പതികളുടെ മകനായ ഐ.സി. ബാലകൃഷ്ണന്‍ സിറ്റിംഗ് എം.എല്‍.എയാണ്. മന്ത്രി പി.കെ.ജയലക്ഷ്മിയുടെ അടുത്ത ബന്ധുകൂടിയാണ് ഐ.സി ബാലകൃഷ്ണന്‍. പൂതാടി പഞ്ചായത്തില്‍ നിന്നുള്ളയാളാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രുഗ്മിണി.

വയനാട് ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സുല്‍ത്താന്‍ ബത്തേരിയില്‍ 1977 മുതല്‍ 2011 വരെ നടന്ന ഒന്‍പതു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏഴു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും രണ്ടു തവണ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളും ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്.

സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയും പൂതാടി, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, അമ്പലവയല്‍, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലം.

ഐ.സി ബാലകൃഷ്ണന്‍ ഇവിടെ കഴിഞ്ഞ തവണ സി.പി.ഐ.എമ്മിന്റെ ഇ.എ ശങ്കരനേക്കാള്‍ 71509 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ബി.ജെ.പിക്കാകട്ടെ 8829 വോട്ടും.

എന്നാല്‍ നിയമസഭാ ഇലക്ഷനില്‍ നിന്നും ലോകസഭയിലേക്ക് എത്തിയപ്പോഴേക്കും യു.ഡി.എഫില്‍ നിന്നും മണ്ഡലം ഇടതുപക്ഷം തിരിച്ചു പിടിക്കുന്നതായി കാണാം. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴായിരുന്നു ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന സത്യന്‍ മൊകേരിക്ക് എം.ഐ ഷാനവാസിനേക്കാള്‍ 8983 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും ഇവിടെ ഭൂരിപക്ഷമുണ്ടായിട്ടുണ്ട്. പി.ആര്‍ രശ്മില്‍നാഥിന് 18918 വോട്ടുകള്‍ ലഭിച്ചു.

സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയും പൂതാടി, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, അമ്പലവയല്‍, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലം.

നോട്ട: 1261

മുകുന്ദന്‍ ചീങ്ങേരി (ബി.എസ്.പി) 791

മാധവി (സി.പി.ഐ.എം.എല്‍) റെഡ്സ്റ്റാര്‍ 609

കെ.കെ വാസു (എസ്.പി) 478

ടി.ആര്‍ ശ്രീധരന്‍: (എസ്.യു.സി.ഐ) 262

Latest Stories

We use cookies to give you the best possible experience. Learn more