| Thursday, 4th September 2025, 8:00 am

ലോട്ടറിക്ക് ഏര്‍പ്പെടുത്തിയ നികുതി വര്‍ധനവ് ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ട് കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുതുക്കിയ ജി.എസ്.ടി പരിഷ്‌കരണം അനുസരിച്ച് ലോട്ടറിക്ക് ഏര്‍പ്പെടുത്തിയ നികുതി ഒഴിവാക്കാന്‍ ജി.എസ്.ടി. കൗണ്‍സിലിനോട് ആവശ്യപ്പെട്ട് കേരളം. കഴിഞ്ഞദിവസം ഏര്‍പ്പെടുത്തിയ പരിഷ്‌കരണം അനുസരിച്ച് ലോട്ടറിയുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയരും. ഇത് ഒഴിവാക്കാനാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.

ലോട്ടറിയില്‍ നിന്നുള്ള നികുതി വരുമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് കേരളം വ്യക്തമാക്കി. വരുമാനനഷ്ടം നികത്താന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാത്തതിനാല്‍ കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ യോഗത്തില്‍ പ്രതിഷേധമറിയിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ജി.എസ്.ടി പരിഷ്‌കരണത്തിന് ജി.എസ്.ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

പുതിയ പരിഷ്‌കണം മൂലം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വലിയ നഷ്ടമുണ്ടാകുമെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ ധനമന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ഒരു പഠനവും നടത്താതെയാണ് കേന്ദ്രം ഈ പരിഷ്‌കണം ഏര്‍പ്പെടുത്തിയതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. 8000 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാവുകയെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളുണ്ടായിരുന്ന നികുതി അഞ്ച് ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകളാക്കി ചുരുക്കി. ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പരിഷ്‌കാരമനുസരിച്ച് ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ജി.എസ്.ടിയുണ്ടാകില്ല. നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും.

കൂടാതെ, വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ബാധകമായ 18 ശതമാനം നികുതി ഒഴിവാക്കണമെന്ന ആവശ്യവും ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിച്ചു. ചെറിയ കാറുകള്‍, ടൂത്ത് പേസ്റ്റ്, സിമന്റ് എന്നിങ്ങനെയുള്ള വസ്തുക്കളുടെ നികുതിയും കുറയും. സെപ്റ്റംബര്‍ 22 മുതലാണ് പുതുക്കിയ നികുതി പ്രാബല്യത്തില്‍ വരിക.

ചെറുകാറുകള്‍, 350 സി.സി വരെയുള്ള ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്കും വില കുറയും. എസി, ടി.വി എന്നിവയുടെയും വില കുറയും. പുതിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരുടെ ജീവിതം മെച്ചപ്പെടുത്തുത്തുമെന്നും ചെറുകിട കച്ചവടക്കാര്‍ക്കും, ബിസിനസുകാര്‍ക്കും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുമെന്നും ഇളവുകള്‍ അംഗീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു.

Content Highlight: Kerala asked GST Council to remove the tax hike for Lottery

We use cookies to give you the best possible experience. Learn more