ന്യൂദൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു ‘ജൂറിസ്റ്റിക് പേഴ്‌സണാ’ണോയെന്ന് (നിയമപരമായ വ്യക്തി) സുപ്രീം കോടതിയോട് കേരളവും തമിഴ്‌നാടും.
ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം തങ്ങളുടെ അവകാശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. കേരള ഹൈക്കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്ത സാഹചര്യത്തിലാണ് ഈ ചോദ്യം.
ഇ.ഡി ഒരു ‘വ്യക്തിയല്ലെന്നും മറിച്ച് ഒരു നിയമപരമായ സംവിധാനം മാത്രമാണെന്നും അഡ്വക്കേറ്റ് സി.കെ. ശശി കേരളത്തിനുവേണ്ടി വാദിച്ചു. യഥാർത്ഥത്തിൽ ഇ.ഡി രാഷ്ട്രത്തിന്റെ തന്നെ ഭാഗമാണെന്നും കേരളം ചൂണ്ടിക്കാട്ടി.
ഭരണകൂടത്തിന്റെ അതിക്രമങ്ങളിൽ ഇരയാകുന്ന മനുഷ്യരാണ് സാധാരണയായി 226-ാം അനുച്ഛേദം ഉപയോഗിക്കുന്നത്.
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കങ്ങൾ ഭരണഘടനയുടെ 131-ാം അനുച്ഛേദം അനുസരിച്ച് സുപ്രീം കോടതിയിൽ മാത്രമാണ് ഉന്നയിക്കേണ്ടതെന്നും കേരളം വ്യക്തമാക്കി.
2025 സെപ്റ്റംബറിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഒരു ഉത്തരവാണ് ഈ കേസിന്റെ പശ്ചാത്തലം.
ഡെപ്യൂട്ടി ഡയറക്ടർ മുഖേന സംസ്ഥാനത്തിനെതിരെ ഇ.ഡി നൽകിയ റിട്ട് ഹരജി നിലനിൽക്കുമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
ഇ.ഡിയെ ‘ഹരജിക്കാരൻ’ എന്ന് കാണിക്കുന്നത് വെറുമൊരു സാങ്കേതിക പിശക് മാത്രമാണെന്നും, ഹരജിയുടെ രൂപത്തേക്കാൾ അതിന്റെ ഉള്ളടക്കത്തിനാണ് പ്രാധാന്യമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു.
2020 ലെ നയതന്ത്ര മാർഗത്തിലൂടെയുള്ള സ്വർണക്കടത്ത് സംബന്ധിച്ച ഇ.ഡി അന്വേഷണത്തെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്തുകൊണ്ട് കഴിഞ്ഞ വർഷം സെപ്റ്റംബർ 26 ന് പുറപ്പെടുവിച്ച ഉത്തരവിൽ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്താൻ ഇ.ഡി ഉദ്യോഗസ്ഥർ പ്രതികളെ നിർബന്ധിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ രൂപീകരിച്ചത്.
രാഷ്ട്രീയ നേതാക്കൾക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് കണ്ടെത്താനായിരുന്നു സംസ്ഥാനം കമ്മീഷന്റെ നീക്കം.
അഡ്വക്കേറ്റ് ടി. ഹരീഷ് കുമാർ മുഖേന തമിഴ്‌നാടും സുപ്രീം കോടതിയിൽ സമാനമായ ഹരജി നൽകിയിരുന്നു.
നിയമവിരുദ്ധ ഖനനവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്യാൻ മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകിയ ഇ.ഡിയുടെ നടപടി നിയമ ദുരുപയോഗമാണെന്ന് തമിഴ്‌നാട് വാദിച്ചു.
കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഗണിക്കുന്ന 131-ാം അനുച്ഛേദത്തെ മാനിച്ച് ഇ.ഡിയുടെ ഹരജി നിലനിൽക്കില്ലെന്നും തമിഴ്‌നാട് വ്യക്തമാക്കി.
ഇ.ഡി റെയ്ഡുകളും നിയമനടപടികളും നേരിടുന്ന വിഷയങ്ങളിൽ സുപ്രീം കോടതിയുടെ അന്തിമമായ വിധി പ്രതീക്ഷിക്കുന്നുവെന്ന് ഇരുസംസ്ഥാനങ്ങളും പറഞ്ഞു.
ജസ്റ്റിസ് ദിപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ചൊവ്വാഴ്ച കേസിൽ വാദം കേൾക്കുന്നത്.
Content Highlight: Kerala and Tamil Nadu will ask the Supreme Court whether the ED is a person or a ‘juristic person’