രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ പിടിമുറുക്കി പഞ്ചാബ്. 135 ഓവറുകള്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ എട്ട് വിക്കറ്റിന് 353 റണ്‍സ് എടുത്തിട്ടുണ്ട്. 67 പന്തില്‍ 27 റണ്‍സ് നേടിയ പ്രേരിത ദത്തയും 58 പന്തില്‍ 14 റണ്‍സ് എടുത്ത മായങ്ക് മാര്‍ക്കണ്ഡേയുമാണ് ക്രീസിലുള്ളത്.
ആറിന് 240 എന്ന നിലയിലായിരുന്നു പഞ്ചാബ് രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. രണ്ടാം ദിവസവും തുടക്കത്തില്‍ തന്നെ മികച്ച ബാറ്റിങ്ങാണ് ഹര്‍നൂര്‍ സിങ് – ക്രിസ് ഭഗത് കാഴ്ച്ചവെച്ചത്. ശക്തമായ നിലയില്‍ ബാറ്റ് ചെയ്ത ഈ കൂട്ടുകെട്ടിനെ 112ാം ഓവറില്‍ ക്രിസ് ഭഗതിനെ മടക്കി കേരളം തകര്‍ത്തു. ഇരുവരും 62 റണ്‍സ് ചേര്‍ത്താണ് മടങ്ങിയത്. ക്രിസ് ഭഗത് 83 പന്തില്‍ 28 റണ്‍സാണ് എടുത്തത്.
ഏറെ വൈകാതെ തന്നെ സെഞ്ച്വറി നേടിയ പഞ്ചാബ് ഓപ്പണര്‍ ഹര്‍നൂറിനെ എം.ഡി. നിധീഷ് പുറത്താക്കി. താരം 343 പന്തില്‍ 170 റണ്‍സാണ് എടുത്തത്. 13 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് ആദ്യ ദിവസം തന്നെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ഓപ്പണിങ്ങില്‍ ഹര്‍നൂറും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് പഞ്ചാബിന് ഓപ്പണിങ്ങില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു.
പ്രഭ്‌സിമ്രാന്‍ മടങ്ങിയതിന് പിന്നാലെയെത്തിയ ഉദയ് സഹാറാനുമായി ഹര്‍നൂര്‍ 86 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. പിന്നാലെ ആറാം വിക്കറ്റില്‍ സലില്‍ അറോറയുമായും 74 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തിയാണ് പഞ്ചാബിനെ മികച്ച നിലയില്‍ എത്തിച്ചത്.
ഹര്‍നൂറിന് പുറമെ, ഉദയ് സഹാറന്‍ 105 പന്തില്‍ 37 റണ്‍സും സലില്‍ അറോറ 74 പന്തില്‍ 36 റണ്‍സും എടുത്തു. പ്രഭ്‌സിമ്രാന്‍ 47 പന്തുകള്‍ നേരിട്ട് 23 റണ്‍സും നേടി.
കേരളത്തിനായി ബൗളിങ്ങില്‍ അങ്കിത് ശര്‍മയാണ് തിളങ്ങിയത്. താരം മൂന്ന് പഞ്ചാബ് താരങ്ങളെയാണ് തിരികെ അയച്ചത്. ഒപ്പം എന്‍.പി ബേസിലും ബാബ അപരാജിതും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ എം.ഡി നിധീഷ് ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Ker vs Pun: Punjab Cricket Team is in strong position against Kerala Cricket Team in Ranji Trophy