രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി കേരളം. 89 റണ്‍സിന്റെ ലീഡാണ് കേരളത്തിനുള്ളത്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ കേരള ടീം 281 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത മധ്യപ്രദേശ് 192 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇതാണ് കേരള ടീമിന് ലീഡ് സമ്മാനിച്ചത്. ഈഡന്‍ ആപ്പിള്‍ ടോമിന്റെയും അഭിജിത് പ്രവീണിന്റേയും കരുത്തിലാണ് മധ്യപ്രദേശിനെ 89 റണ്‍സ് അകലെ പുറത്താക്കിയത്. ഇരുവരും ചേര്‍ന്ന് എതിരാളികളുടെ ഏഴ് വിക്കറ്റാണ് വീഴ്ത്തിയത്.
മധ്യപ്രദേശിനായി സാരാന്‍ഷ് ജെയ്ന്‍ മികച്ച പ്രകടനം പുറത്തെടുത്തു. താരം 129 പന്തില്‍ 67 റണ്‍സാണ് എടുത്തത്. താരത്തിനൊപ്പം, ആര്യന്‍ പാണ്ഡേ 91 പന്തില്‍ 36 റണ്‍സും സ്‌കോര്‍ ചെയ്തു. കൂടാതെ, റിഷാബ് ചൗഹാന്‍, ഹര്‍ഷ് ഗൗളി, ഹിമാന്‍ഷു മന്‍ട്രി എന്നിവര്‍ 21 റണ്‍സ് വീതം കൂട്ടിച്ചേര്‍ത്തു.
കേരളത്തിനായി ആപ്പിള്‍ ടോം നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പ്രവീണ്‍ മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. എം.ഡി. നിധീഷ്, ബാബ അപരാജിത്, ശ്രീഹരി എസ്. നായര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ തുടക്കം പതറിയ കേരളത്തിന് വേണ്ടി ബാബ അപരാജിതും അഭിജിത് പ്രവീണും മികച്ച കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു. ഇരുവരും 122 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. അപരാജിത് 186 പന്തില്‍ 98 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. പ്രവീണ്‍ 153 പന്തില്‍ 60 റണ്‍സും എടുത്തു. ഇവര്‍ക്കൊപ്പം അഭിഷേക് ജി. നായര്‍ 113 പന്തില്‍ 47 റണ്‍സും നേടി.
മധ്യപ്രദേശിനായി അര്‍ഷാദ് ഖാന്‍ നാല് വിക്കറ്റും സാരാന്‍ഷ് ജെയ്ന്‍ മൂന്ന് വിക്കറ്റും നേടിയിരുന്നു. ആര്യന്‍ പാണ്ഡേ, കുമാര്‍ കാര്‍ത്തികേയ, കുല്‍ദീപ് സെന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ കേരളം ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. 14 ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെടുത്തിട്ടുണ്ട്. അഭിഷേക് ജി നായര്‍ (42 പന്തില്‍ ഏഴ്), സച്ചിന്‍ ബേബി (25 പന്തില്‍ അഞ്ച്) എന്നിവരാണ് ക്രീസിലുള്ളത്.
രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 16 പന്തില്‍ ഏഴ് റണ്‍സുമായാണ് ഓപ്പണറുടെ മടക്കം. കാര്‍ത്തികേയ സിങ്ങാണ് വിക്കറ്റ് വീഴ്ത്തിയത്.
Content Highlight: Ker vs MP: Kerala Cricket Team secured first Innings lead against Madhyapradesh in Ranji Trophy