| Wednesday, 26th November 2025, 5:48 pm

സഞ്ജുവും രോഹനും കസറി; കേരളത്തിന് വിജയത്തുടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. ഇന്ന് ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷക്കെതിരെ പത്ത് വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ഒഡീഷ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം 21 പന്ത് ബാക്കി നില്‍ക്കെ കേരളം മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും അപരാജിത ഓപ്പണിങ് കൂട്ടുകെട്ടാണ് ടീമിന് വിജയം സമ്മാനിച്ചത്. ഇരുവരും മറുപടി ബാറ്റിങ്ങില്‍ പുറത്തെടുത്തത് വെടിക്കെട്ട് പ്രകടനമാണ്. ടീമിനായി രോഹന്‍ കുന്നുമ്മല്‍ സെഞ്ച്വറി നേടിയപ്പോള്‍ സഞ്ജു അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി.

രോഹന്‍ കുന്നുമ്മല്‍ 60 പന്തില്‍ 121 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. പത്ത് വീതം സിക്സും ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 201.67 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

മറുവശത്ത്, ക്യാപ്റ്റന്‍ സഞ്ജു 41 പന്തില്‍ 51 റണ്‍സെടുത്തു. ഈ ഇന്നിങ്‌സില്‍ ഒരു സിക്സും ആറ് ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 124.39 ആയിരുന്നു ക്യാപ്റ്റന്റെ സ്‌ട്രൈക്ക് റേറ്റ്.

ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി ബാറ്റിങ്ങില്‍ സ്ഥാന മാറ്റമുണ്ടാവുന്ന സഞ്ജു ഓപ്പണിങ്ങില്‍ എത്തിയാണ് ഈ ഇന്നിങ്സ് പുറത്തെടുത്തത് എന്നതും ഇതിനോട് ചേര്‍ത്തുവെക്കേണ്ടതാണ്. മൂന്ന് മാസങ്ങള്‍ക്കിപ്പുറം എത്തുന്ന ടി -20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാന്‍ താനും അര്‍ഹനാണെന്നാണ് ഈ ഇന്നിങ്സിലൂടെ സഞ്ജു പറഞ്ഞു വെക്കുന്നത്.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത് ഒഡീഷ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിരുന്നു. ടീമിനായി ബിപ്ലബ് സാമന്ത്രയ് യും സാംബിത് കുമാര്‍ സൗരവ് ബരാളുമാണ് മികച്ച പ്രകടനം നടത്തിയത്. സാമന്ത്രയ് 41 പന്തില്‍ 53 റണ്‍സ് നേടിയപ്പോള്‍ സൗരവ് ബരാള്‍ 32 പന്തില്‍ 40 റണ്‍സും സ്‌കോര്‍ ചെയ്തു.

കേരളത്തിനായി എം.ഡി നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി. കെ.എം. ആസിഫ് രണ്ട് വിക്കറ്റും അങ്കിത് ശര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: KER v ODI: Kerala Cricket Team won against Odisha in Syed Mushtaq Ali Trophy with Rohan Kunnumal’s century and Sanju Samson’s fifty

We use cookies to give you the best possible experience. Learn more