| Saturday, 3rd October 2026, 2:56 pm

'ശബ്‌നം നൂര്‍ജഹാന്റെ ശബ്ദവും ചേര്‍ന്നതാവണം സംവാദം, മാധ്യമം ലേഖനം പിന്‍വലിച്ചു'; കോളം നിര്‍ത്തുന്നതായി കെ.ഇ.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമം വാരാന്ത്യപതിപ്പില്‍ താന്‍ എഴുതിവന്നിരുന്ന ‘ഇടപെടല്‍’ എന്ന
കോളം നിര്‍ത്തുന്നതായി കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. തന്റെ ‘കുപ്പിച്ചില്ലും മഴവില്ലും’ എന്ന ലേഖനം പ്രസിദ്ധീകരിക്കുമെന്ന് പരസ്യം ചെയ്ത ശേഷം മാധ്യമം പിന്‍വലിച്ചെന്നും ഇതിനാലാണ് കോളം നിര്‍ത്തുന്നതെന്നും കെ.ഇ.എന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അടുത്തിടെയുണ്ടായ ‘സൂഫിസം’ വിവാദവുമായി ബന്ധപ്പെട്ട ലേഖനമാണ് ‘കുപ്പിച്ചില്ലും മഴവില്ലും’ എന്ന് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച പരസ്യം വ്യക്തമാകുന്നു. ഈ പരസ്യവും കെ.ഇ.എന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. ഈ വിവാദവുമായി ബന്ധപ്പെട്ട് ഫറൂഖ് കൊളേജ് അധ്യാപിക ശബ്‌നം നൂര്‍ജഹാന്റെ ശബ്ദം കൂടി ചേര്‍ന്നതാവണം സംവാദമെന്ന് കെ.എ.ഇന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘മാധ്യമം വാരാന്ത്യപതിപ്പില്‍ എഴുതിവന്നിരുന്ന ഇടപെടല്‍ കോളം 2026 ഒക്ടോബര്‍ രണ്ട് മുതല്‍ നിര്‍ത്തുകയാണ്. ഇതുവരെയും അനുകൂല-എതിര്‍ബന്ധങ്ങള്‍ പ്രകടിപ്പിച്ചവരോടൊക്കെയും സംവാദസ്‌നേഹം പങ്കുവെക്കുന്നു. ഓരോ ഇടപെടല്‍ കോളവും ഏറ്റവും ചുരുങ്ങിയത് എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ഒരു സമരംതന്നെ ആയിരുന്നു. ഇതുവരെയും അത് തുടരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

മാധ്യമം വാരാന്ത്യപതിപ്പിന്റെ ചുമതല വഹിക്കുന്നവരോടും, പത്രാധിപര്‍ പ്രിയ സുഹൃത്ത് പ്രമോദ് ഗംഗാധരനോടും, പല പ്രകാരം പ്രതികരിച്ചവരോടും സ്‌നേഹം,’ കെ.ഇ.എന്‍ കുറിച്ചു.

പരസ്യം പ്രസിദ്ധീകരിച്ച ശേഷം ലേഖനം പിന്‍വലിച്ചത് ജനായത്ത നടപടിയായില്ലെന്നും കെ.എ.ഇന്‍ അഭിപ്രായപ്പെട്ടു. മാധ്യമം പത്രത്തിന് നേതൃത്വം വഹിക്കുന്നവര്‍ പുലര്‍ത്തിയ ജനാധിപത്യവിരുദ്ധ സമീപനത്തോടുള്ള ജനായത്ത പ്രതികരണം എന്ന നിലയിലാണ് കോളം തുടരേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ശബ്‌നം നൂര്‍ജഹാന്റെ ശബ്ദവുംകൂടി ചേര്‍ന്നതാണ്, ചേര്‍ന്നതാവണം യോജിപ്പിനും വിയോജിപ്പിനുമപ്പുറം സംവാദം. കുപ്പിച്ചില്ലും മഴവില്ലും എന്ന കോളം ഏത് അര്‍ത്ഥത്തിലും സംവാദ ഔന്നിത്യം പുലര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ ആ പ്രബന്ധം പതിവുപോലെ ഒക്ടോബര്‍ നാലിന് പ്രസിദ്ധീകരിക്കുമെന്ന് പരസ്യം ചെയ്ത ശേഷം പെട്ടെന്ന് പിന്‍വലിക്കുകയാണ് ചെയ്തത്. അതൊരു ജനായത്ത നടപടിയായില്ല.

മാധ്യമം പത്രത്തിന് നേതൃത്വം വഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ ജനാധിപത്യവിരുദ്ധ സമീപനത്തോട് എനിക്കുള്ള ജനായത്ത പ്രതികരണം എന്ന നിലയിലാണ് ‘ഇടപെടല്‍ കോളം’ ഇനിമുതല്‍ തുടരേണ്ട എന്ന് തീരുമാനിച്ചത്,’ കെ.ഇ.എന്‍ കുറിച്ചു.

മാധ്യമം വാരാന്ത്യ പതിപ്പില്‍ എഴുതിയ ഓരോ കോളവും പലതരത്തിലുള്ള അധികാരങ്ങളോടുള്ള പ്രതിഷേധമായിരുന്നെങ്കില്‍, കോളം ഇന്നോടെ നിര്‍ത്തുന്നതും അതുപോലുള്ള ഒരു പ്രതിഷേധമാണെന്നും കെ.ഇ.എന്‍ പറഞ്ഞു. മാധ്യമം പിന്‍വലിച്ച ലേഖനത്തിന്റെ അവസാന ഭാഗവും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

‘അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു വിശ്വാസത്തിനും അത് എത്ര ഉന്നതവും ഉദാത്തവുമായാലും അഗ്‌നിപരീക്ഷണങ്ങളെ അതിജീവിക്കാനോ, ആ വിധം സ്വന്തം അകത്തു പോലും ഊര്‍ജ്ജം ഉല്പാദിപ്പിക്കാനോ കഴിയില്ല.

പ്രവാചകന്മാര്‍ പ്രബോധനത്തിന്റെ പാതയിലൂടെ പൂക്കള്‍ വിതറി സഞ്ചരിച്ചു. പിറകെ വന്ന പുരോഹിതന്മാരാവട്ടെ അന്വേഷണ വീഥികളില്‍ മുള്ളുകള്‍ വിതറിയാണ് കടന്നുപോകുന്നത്…’ എന്ന ലേഖനത്തിലെ ഭാഗമാണ് കെ.ഇ.എന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചത്.

Content Highlight: KEN Kunjahammaed Announce Ending His Column in Malayalam Weekly Madhyamam

We use cookies to give you the best possible experience. Learn more