ഇന്ത്യന്‍ സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന പേരാണ് ദളപതിയെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ്‌യുടെത്. തമിഴ് സിനിമയിലെ ഏറ്റവവുമധികം താരമൂല്യമുള്ള നടന്‍ തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ച് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ച് സിനിമാ ജീവിതത്തിന് അവസാനം കുറിച്ചത് വലിയ വാര്‍ത്തയായിരുന്നു.
വിജയ്. Photo: NDTV
താരത്തിന്റെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തില്‍ ഒരുങ്ങിയ എച്ച്. വിനോദിന്റെ ജനനായകന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ പ്രതിസന്ധിയിലായതടക്കം വലിയ വിവാദങ്ങള്‍ക്കും സിനിമാലോകം സാക്ഷ്യം വഹിച്ചിരുന്നു. പൊങ്കല്‍ റിലീസായി പുറത്തിറങ്ങാനിരുന്ന ചിത്രത്തിന് മാസങ്ങള്‍ പിന്നിട്ടിട്ടും പുറം ലോകം കാണാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിതാ തമിഴിലെ യുവസംവിധായകനും നടനുനമായ കെന്‍കരുണാസിന്റെ വാക്കുകളാണ് വിജയ്‌യുമായി ബന്ധപ്പെട്ട മറ്റൊരു ചര്‍ച്ചക്ക് വഴിവെക്കുന്നത്.
തമിഴിലെ പ്രസിദ്ധ ഹാസ്യതാരമായ കരുണാസിന്റെ മകനായ കെന്‍, സംവിധാനം ചെയ്ത് പ്രധാനവേഷത്തിലഭിനയിക്കുന്ന പുതിയ ചിത്രം യൂത്തുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് വിജയ് യുമായി ബന്ധപ്പെട്ട പ്രതികരണം നടത്തിയിരിക്കുന്നത്. താന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും വിജയ് നായകനായി 2002ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പേരും ഒന്നായതുമായി ബന്ധപ്പെട്ട് അവതാരിക ചോദിച്ച ചോദ്യത്തിന് മറുപടി പറയവെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ചിത്രത്തിന്റെ ടൈറ്റില്‍ ഇതാണെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും വളരെയധികം ഹാപ്പിയായിരുന്നു. പക്ഷേ അമ്മ ചോദിച്ചു പൊളിറ്റിക്കലി വിജയ് സാര്‍ക്കെതിരായി അച്ഛന്‍ സംസാരിക്കുന്നതല്ലേ എന്നിട്ടും നീയെന്തിനാണ് ഇതേ ടൈറ്റില്‍ വെച്ചതെന്ന്. ഞാന്‍ പറഞ്ഞത് അച്ഛന്റെ പൊളിറ്റിക്കല്‍ സ്റ്റാന്റും കരിയറും വേറെതന്നെയാണെന്നും എന്റെത് വ്യത്യസിതമാണെന്നുമായിരുന്നു.
കെന്‍ കരുണാസ്. Photo: IMDB
ഇതൊന്നും ആര്‍ക്കും ഇടപെടാന്‍ സാധിക്കുന്ന കാര്യങ്ങളല്ല. വലിയ ഒരു നടന്റെ ടൈറ്റില്‍ എനിക്ക് ലഭിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ പ്രിവിലേജാണ്. എന്നിരുന്നാലും ഈ ടൈറ്റില്‍ മോശമാക്കാന്‍ പാടില്ലെന്ന വലിയ സ്‌ട്രെസ് എനിക്കുണ്ട്. തീര്‍ച്ചയായും ഒരു പേര് മാത്രം വെച്ച് പ്രേക്ഷകരും രണ്ട് ചിത്രങ്ങളെയും താരതമ്യപ്പെടുത്താന്‍ പോകുന്നില്ല,’ കെന്‍കരുണാസ് പറഞ്ഞു.
വിജയ്, സന്ധ്യ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു യൂത്ത്. തെലുങ്ക് സിനിമയായ ‘ചിരു നാവ്വുത്തോയുടെ’ റീമേക്കായ ചിത്രം നൂറിലധികം ദിവസങ്ങളോളം പ്രദര്‍ശനം പൂര്‍ത്തിയാക്കി അന്നത്തെക്കാലത്തെ ഹിറ്റായി മാറിയിരുന്നു. വിജയ്ക്ക് പുറമെ യുഗ്‌വേന്ദ്രന്‍, വിവേക്, മണിവണ്ണന്‍, തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തി, റൊമാന്റിക് കോമഡി ഴോണറിലായിരുന്നു ചിത്രം ഒരുക്കിയത്.
അസുരന്‍, വിടുതലൈ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച കെന്‍കരുണാസിന്റെ യൂത്ത് മാര്‍ച്ച് 19 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. കെനിന് പുറമെ സുരാജ് വെഞ്ഞാറമൂട്, അനിഷ്മ അനില്‍കുമാര്‍, ദേവദര്‍ശിനി, പ്രിയാന്‍ഷി യാദവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Ken Karunas talks about the reason behind naming his new fil as Youth same as Vijay’s old Film
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ