കൊട്ടും കുരവയുമായെത്തിയ ജന നായകന് റിലീസ് ലഭിക്കാതിരിക്കുകയും വമ്പന്‍ ഹൈപ്പിലെത്തിയ പരാശക്തി നിരാശ സമ്മാനിക്കുകയും ചെയത്‌പ്പോള്‍ 2026 ല്‍ തമിഴ് സിനിമക്ക് താങ്ങായത് തലൈവര്‍ തമ്പി തലൈമയിലും തായ്കിഴവിയും വിത്ത് ലവും അടക്കമുള്ള ചെറിയ ചിത്രങ്ങളായിരുന്നു. ഈ ചിത്രങ്ങളുടെ പാത പിന്തുടര്‍ന്നാണ് കെന്‍ കരുണാസ് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച യൂത്ത് തിയേറ്ററുകളിലേക്കെത്തിയത്.
വലിയ താരമൂല്യമില്ലാത്ത അഭിനേതാക്കളെ അണിനിരത്തി മികച്ച പ്രതികരണമാണ് ചിത്രം ഇതിനോടകം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. താരതമ്യേന ചെറിയ ബഡ്ജറ്റില്‍ പുറത്തിറങ്ങിയ ചിത്രം പത്ത് ദിവസം പിന്നിടുമ്പോള്‍ ഏകദേശം 32 കോടിയോളമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. നവാഗതനെന്ന നിലയില്‍ സിനിമ സംവിധാനം ചെയ്യുമ്പോഴുണ്ടായ വെല്ലുവിളിയെക്കുറിച്ചും സംഗീത സംവിധായകന്‍ ജി.വി പ്രകാശ് തന്നെ സഹായിച്ചതിനെക്കുറിച്ചും കെന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
കെന്‍ കരുണാസ്. Photo: Let’s X OTT GLOBAL/ X.com
‘യൂത്ത് നിര്‍മിക്കാനായി തീരുമാനിച്ചപ്പോള്‍ ആരും ഞങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. ഇത്തരത്തിലുള്ള വര്‍ക്ക് നമുക്ക് വേണ്ടെന്നും എന്തിനാണ് ഇങ്ങനെയൊരു ചിത്രം ചെയ്യുന്നത് എന്നുമായിരുന്നു പലരും തന്നോട് ചോദിച്ചത്. സ്വന്തം മാതാപിതാക്കള്‍ പോലും ഞങ്ങളെ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന് ഹൈപ്പ് കിട്ടുന്ന തരത്തില്‍ ഒരാളെ ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു.
ഒരു പ്രശസ്തനായ സംഗീത സംവിധായകനെ ചിത്രത്തിലേക്ക് ലഭിക്കുകയാണെങ്കില്‍ പ്രൊജക്ടിനെക്കുറിച്ച് എല്ലാവരും അറിയും എന്നെനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ ജി.വി പ്രകാശിന്റെ അടുത്ത് പോകുന്നതും അദ്ദേഹത്തോട് കാര്യങ്ങള്‍ പറയുന്നതും. കഥ കൊണ്ട് വരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചിത്രത്തിന് വേണ്ടി സംഗീതം ചെയ്ത് തരാമെന്ന് അദ്ദേഹം എനിക്ക് വാക്ക് നല്‍കി. സത്യത്തില്‍ യൂത്തിന് വേണ്ടി ഒരു പൈസ പോലും വാങ്ങിക്കാതെ തികച്ചും സൗജന്യമായാണ് അദ്ദേഹം സംഗീതം ചെയ്ത് നല്‍കിയത്,’ കെന്‍ കരുണാസ് പറഞ്ഞു.
ജി.വി പ്രകാശ്. Photo: X.com
കമിങ് ഓഫ് ഏജ് കാറ്റഗറിയില്‍ റോം-കോം ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളിയായ അനിഷ്മ അനില്‍കുമാര്‍, പ്രിയദര്‍ശിനി യാദവ്, മീനാക്ഷി ദിനേശ് തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. കെന്‍ കരുണാസിന്റെ കഥാപാത്രത്തിന്റെ അച്ഛനായി മലയാളി താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
Content Highlight: Ken Karunas talks about How GV Prakash helped him in Youth movie