| Thursday, 5th March 2026, 8:09 am

അന്നെന്റെ സിനിമ നിരസിച്ചവർ ഇന്നെന്റെ പാട്ടിന് റീൽസ് ചെയ്യുന്നു; പ്രദീപ് രംഗനാഥനെല്ലാം സിംപതിക്ക് വേണ്ടി പറയുകയാണെന്ന് കരുതി: കെൻ കരുണാസ്

നന്ദന എം.സി

ചരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമാ പ്രേമികളുടെ ഇടയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് കെൻ കരുണാസ്. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ കരുണാസിന്റെ മകനായ കെൻ, അസുരൻ എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

വെട്രിമാരന്റെ സംവിധാനത്തിൽ പിറന്ന വിടുതലൈ 2വിലും ശ്രദ്ധേയമായ പ്രകടനം കെൻ കാഴ്ച വെച്ചിരുന്നു. ഇപ്പോൾ കെൻ ആദ്യമായി സംവിധാനം ചെയ്യുന്ന യൂത്ത് റിലീസിനൊരുങ്ങുകയാണ്. കെൻ നായകനായെത്തുന്ന ചിത്രത്തിൽ താരത്തോടൊപ്പം മൂന്ന് നായികമാരാണ് പ്രധാന വേഷത്തിലെത്തുന്നത്.

തന്റെ നായികയാകാൻ തമിഴിലെ ഒട്ടുമിക്ക നായികമാരും തയ്യാറായിരുന്നില്ലെന്നും അവസാനമാണ് മലയാളിയായ അനിഷ്‌മയെ സമീപിക്കുന്നതും താരം ചിത്രത്തിൽ എത്തിയതെന്നും കെൻ മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു.

യൂത്ത്, Photo: IMDb

ഇപ്പോളിതാ താരം സിനി ഉലഗത്തിന് നൽകിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. തന്റെ കൂടെ സിനിമ നിരസിച്ച നായികമാർ ഇപ്പോൾ അതേ സിനിമയിലെ പാട്ടിന് ഡാൻസ് കളിക്കുന്നതാണ് കാണുന്നതെന്നും അത് കാണുമ്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.

ആദ്യമെല്ലാം പ്രദീപ് രംഗനാഥനും അബിഷാനുമെല്ലാം പറയുന്നത് കേൾക്കുമായിരുന്നു അവരുടെ കൂടെ ആരും അഭിനയിക്കാൻ തയ്യാറായിരുന്നില്ല എന്നത്. അപ്പോൾ അതെല്ലാം സിംപതി നേടാൻ വേണ്ടിയാണ് പറയുന്നതെന്ന് കരുതി. എന്നാൽ തനിക്ക് അതേ അവസ്ഥ നേരിടേണ്ടി വന്നപ്പോഴാണ് യാഥാർത്ഥ്യം മനസിലായതെന്നും താരം തുറന്ന് പറഞ്ഞു.

‘ഞാൻ ഓപ്പൺ ആയി പറയുകയാണ്. പ്രദീപ് രംഗനാഥനും അബിഷാനുമെല്ലാം പറയുന്നത് കേൾക്കുമായിരുന്നു അവരുടെ കൂടെ ഹീറോയിൻ ആയിട്ട് ആരും അഭിനയിക്കാൻ തയാറായിരുന്നില്ല എന്ന്.

അപ്പോൾ എനിക്ക് തോന്നിയത് അതൊക്കെ വെറുതെ പറയുകയാണ്. എങ്ങനെയാണ് ഒരു നല്ല കഥയിൽ അഭിനയിക്കാതിരിക്കുക എന്ന് ചിന്തിച്ചിരുന്നു. എന്നാൽ സത്യത്തിൽ ഒരു നടിമാരും അഭിനയിക്കാൻ തയ്യാറാവില്ല, അതാണ് സത്യം.

യൂത്ത്, Photo: YouTube/ Screengrab

നമുക്ക് കാണുമ്പോൾ അവർ സിമ്പതി ക്രിയേറ്റ് ചെയ്യാൻ വേണ്ടിയാണ് അങ്ങനെയൊക്കെ പറയുന്നത് എന്ന് തോന്നും. എന്നാൽ റിയാലിറ്റി അതല്ല . തമിഴിൽ ഞാൻ കഥ പറയുമ്പോൾ മൂന്ന് ഹീറോയിൻസ് ഉള്ള സിനിമയിൽ എനിക്ക് എന്ത് ഇമ്പോർട്ടൻസ് ആണ് ഉള്ളത് എന്ന് ചോദിക്കും. ഞാൻ എന്തിന് അഭിനയിക്കണം എന്നതാണ് അവർ ചോദിക്കുന്ന ആദ്യത്തെ ചോദ്യം.

കുറെ നടിമാർ മെസേജ് കണ്ടിട്ട് റിപ്ലൈ തന്നിട്ടില്ല. എന്നാൽ ഇന്ന് അതേ നടിമാർ എന്റെ സിനിമയിലെ ‘മുട്ടാ കാലക്കി’ എന്ന പാട്ടിന് റീൽസും ചെയ്ത് ‘വെരി ഹാപ്പി കെൻ, ഓൾ ദി ബെസ്റ്റ്, വി റൂട്ടിംഗ് ഫോർ യു’ എന്നൊക്കെ പറഞ്ഞു. അന്നൊക്കെ അവർ എന്നെ ജഡ്ജ് ചെയ്തു. എന്നാൽ എന്നെ ജഡ്ജ് ചെയ്യാതെ എന്റെ കഥയെ വിശ്വസിച്ച് വന്ന മൂന്നുപേരാണ് ഇപ്പോൾ എന്റെ ഹീറോയിൻസ്,’ കെൻ പറഞ്ഞു.

ചിത്രത്തിലെ നായികയായ മലയാളി താരം അനിഷ്‌മ, ഗിരീഷ് എ.ഡി സംവിധാനം ചെയ്‌ത ഐ ആം കാതലൻ വഴിയാണ് സിനിമയിലേക്ക് എത്തിയത്. ബേസിൽ ജോസഫ് നായകനായെത്തിയ മരണമാസിലും അനിഷ്‌മ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ വർഷം ഏറെ ചർച്ചയായ സിറൈ വഴിയും തമിഴിൽ സാന്നിധ്യം അറിയിച്ച താരം, കലൈയരസി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ രണ്ടാമത്തെ തമിഴ് ചിത്രത്തിലും അനിഷ്‌മ തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ്.

Content Highlight: Ken Karunas says he is happy to see heroines who did not act with him now performing songs in his films.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more