| Sunday, 8th March 2026, 5:34 pm

സിനിമാ ഇന്‍ഡസ്ട്രിയുടെ മുഴുവന്‍ പ്രശ്‌നം 200 രൂപ ബിരിയാണിയുടെ ഉദാഹരണത്തില്‍ തീര്‍ത്തു, കെന്‍ കരുണാസിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് കെന്‍ കരുണാസ്. ചെറിയ വേഷങ്ങളില്‍ മാത്രം തിളങ്ങിയ കെന്‍ ധനുഷ് നായകനായ അസുരനിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിന് പുറമെ നിരവധി ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും കെന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന യൂത്ത് റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിലെ നായകനും കെന്‍ തന്നെയാണ്.

കെന്‍ കരുണാസ് Photo: Screen grab/ SS Music

ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞദിവസം യൂത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കെന്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വൈറല്‍. സിനിമാ റിവ്യൂ അതിര് കടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വളരെ പക്വതയോടെയാണ് താരം പ്രതികരിച്ചത്. ഒരു സിനിമ മോശമായതിന്റെ പേരില്‍ സംവിധായകര്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെയെല്ലാം തന്റെ മറുപടിയില്‍ കൊണ്ടുവരാന്‍ കെന്‍ ശ്രമിച്ചിട്ടുണ്ട്.

‘ഇപ്പോള്‍ ഒരു സിനിമാ ടിക്കറ്റിന് 200 രൂപയാണ്. ആ പൈസക്ക് നമുക്ക് ഒരു ബിരിയാണി വാങ്ങിക്കഴിക്കാം. ഇപ്പോള്‍ നമ്മള്‍ കൂട്ടുകാരുടെ കൂടെ പോയി ഒരു ബിരിയാണി കഴിച്ചെന്ന് വെച്ചോളൂ. ആ ബിരിയാണിക്ക് ആവറേജ് ടേസ്റ്റ് മാത്രമാണെങ്കില്‍ എന്താകും ചെയ്യുക, ‘അളിയാ, ബിരിയാണി പോര, ഇനി ഈ കടയില്‍ കേറണ്ട’ എന്നാകും പറയുക.

പക്ഷേ ഒരു സിനിമ നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ സംവിധായകന്റെ എല്ലാ തലമുറയെയും തെറിവിളിക്കുന്നവരാണ് നമ്മള്‍. അതിന് ഒരൊറ്റ കാരണം മാത്രമേയുള്ളൂ, ബിരിയാണി കഴിക്കുമ്പോള്‍ നമ്മുടെ വിശപ്പ് മാത്രമേ അടങ്ങുകയുള്ളൂ. സിനിമ അങ്ങനെയല്ല, രണ്ടര മണിക്കൂര്‍ നേരം ആ ഹാളില്‍ നമ്മള്‍ ഇരുന്നേ തീരൂ. സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നമ്മുടെ അത്രയും നേരത്തെ ഫ്രസ്‌ട്രേഷന്‍ നമ്മള്‍ തീര്‍ക്കുകയാണ്. അതാണ് പല സിനിമകളും റിലീസാകുമ്പോള്‍ പല കാഴ്ചകളും നമ്മള്‍ കാണുന്നത്,’ കെന്‍ കരുണാസ് പറയുന്നു.

ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടെന്ന് താരം പറഞ്ഞു. ആളുകള്‍ക്ക് ടോര്‍ച്ചറാണെന്ന തോന്നല്‍ യൂത്ത് എന്ന ചിത്രം കാണുമ്പോള്‍ ഉണ്ടാകരുതെന്നുമാണ് തന്റെ നിര്‍ബന്ധമെന്നും കെന്‍ കൂട്ടിച്ചേര്‍ത്തു. ഒരു മിനിറ്റില്‍ താഴെയുള്ള കെന്നിന്റെ വീഡിയോ ഇതിനോടകം സിനിമാപേജുകള്‍ ഏറ്റെടുത്തു.

ഇന്‍ഡസ്ട്രിയിലെ സകല കൊമ്പന്മാരും ട്രോളുകളേറ്റുവാങ്ങുന്ന സമയത്ത് ഇത്തരമൊരു പ്രസ്താവന നടത്തിയ കെന്നിനെ പലരും പ്രശംസിക്കുന്നു. വലിയൊരു പ്രശ്‌നത്തെ വെറും 200 രൂപയുള്ള ബിരിയാണിയുടെ ഉദാഹരണം കൊണ്ട് വ്യക്തമാക്കിയെന്നാണ് പലരും വീഡിയോയുടെ താഴെ കമന്റ് പങ്കുവെച്ചത്. ഗംഭീര ഉദാഹരണമാണ് കെന്‍ നടത്തിയതെന്നും കമന്റുകളുണ്ട്.

Content Highlight: Ken Karunas latest interview viral in Social Media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more