ചെറിയ ബഡ്ജറ്റില്‍ എത്തി വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്നത് ഇന്‍ഡസ്ട്രിയില്‍ പുതിയ കാര്യമൊന്നുമല്ല. വമ്പന്‍ ഹൈപ്പിലെത്തി ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍, തമിഴില്‍ കെന്‍ കരുണാസ് ഒരുക്കിയ യൂത്ത് എന്ന ചെറിയ സിനിമയുടെ വിജയമാണ് ഇപ്പോള്‍ സമൂഹഹമാധ്യമങ്ങളില്‍ ചര്‍ച്ചകളില്‍ നിറയുകയാണ്.
നടന്‍ കെന്‍ കരുണാസ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ യൂത്ത് എന്ന റോ കോം ചിത്രം റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വലിയ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. കെന്‍ നായകനായും എത്തിയ ചിത്രത്തിന് അനൗണ്‍സ്മെന്റ് മുതലേ വന്‍ ഹൈപ്പുണ്ടായിരുന്നു. ചിത്രത്തിലെ മുട്ട കലക്കി എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
അനിഷ്മ അനില്‍കുമാര്‍, സുരാജ് വെഞ്ഞാറമൂട്, മീനാക്ഷി ദിനേശ് തുടങ്ങി മലയാളി താരങ്ങളും അണിനിരന്ന ചിത്രമായിരുന്നു യൂത്ത്. സിനിമയില്‍ കെനിന്റെ അച്ഛന്‍ വേഷത്തിലാണ് സുരാജ് എത്തിയത്. ഗംഭീര പ്രതികരണങ്ങള്‍ നേടുന്ന സിനിമയില്‍ സുരാജിന്റെ പെര്‍ഫോമന്‍സിനും വലിയ കയ്യടികള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്ന് ചിത്രം ഇതിനോടകം 30.14 കോടി സ്വന്തമാക്കി. കര്‍ണാടകയില്‍ നിന്ന് 2.43 കോടിയും തെലങ്കാനയില്‍ നിന്ന് 19 ലക്ഷവും കളക്ഷന്‍ സ്വന്തമാക്കിയപ്പോള്‍ കേരളത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍ വരുന്നത് 77 ലക്ഷമാണ്. ഓവര്‍സീസില്‍ 5.87 കോടി സ്വന്തമാക്കിയ ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 39 കോടിയാണ്.
ബോക്‌സ് ഓഫീസില്‍ ഈ മുന്നേറ്റം തുടര്‍ന്നാല്‍ ചിത്രം 50 കോടി നേടുമെന്ന കാര്യത്തില്‍ സംശമൊന്നുമില്ല. ഓവര്‍സീസില്‍ ഒമ്പത് ദിവസത്തില്‍ വണ്‍ മില്ല്യണ്‍ ഡോളര്‍ ക്രോസ് ചെയ്തുവെന്നതും ശ്രദ്ധേയമാണ്.
സിറൈ എന്ന ഒറ്റ ചിത്രം കൊണ്ട് തമിഴരുടെ മനസ് കീഴടക്കിയ അനിഷ്മ അനില്‍കുമാര്‍ സിനിമയില്‍ പ്രധാനവേഷത്തിലാണ് എത്തിയത്. അതേസമയം തമിഴ് സിനിമയിലെ മുന്‍നിര കോമഡി താരമായ കരുണാസിന്റെ മകനാണ് കെന്‍ കരുണാസ്.
ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അദ്ദേഹം നിരവധി സിനിമകളില്‍ അഭിനയച്ചെങ്കിലും വെട്രിമാരന്‍ സംവിധാനം ചെയ്ത് ധനുഷ് നായകനായെത്തിയ അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായും കെന്‍ കരുണാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാര്‍വത എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ കറുപ്പയ സി.റാം, സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് യൂത്ത് നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് സിനിമ കേരളത്തില്‍ വിതരണം ചെയ്തത്. ജി.വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നല്‍കിയ സിനിമയുടെ ഛായാഗ്രഹണം വിക്കിയാണ്.
Content Highlight: Ken Karunas’ film Youth collects over 35 crores at the box office