ന്യൂദല്‍ഹി: ജയിലിലാകുന്ന മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ലിനെ ന്യായീകരിച്ചതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ചോദ്യങ്ങളുമായി ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
ഒരു ജനപ്രതിനിധിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലിടക്കുന്ന മന്ത്രിമാര്‍ക്ക് എത്ര വര്‍ഷം തടവുശിക്ഷ ലഭിക്കുമെന്നാണ് കെജ്രിവാള്‍ ചോദിച്ചത്. അമിത് ഷാ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിന് എക്സിലൂടെ മറുപടി നല്‍കുകയായിരുന്നു കെജ്‌രിവാൾ.
‘ഒരു ജനപ്രതിനിധിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ശേഷം അയാള്‍ കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ ആ കള്ളക്കേസ് കെട്ടിച്ചമച്ച മന്ത്രിക്ക് എത്ര വര്‍ഷം തടവ് ശിക്ഷ ലഭിക്കും,’ കെജ്‌രിവാൾ ചോദിച്ചു.
വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കെജ്‌രിവാളിനെ കുറിച്ച് അമിത് ഷാ പരാമര്‍ശിച്ചിരുന്നു. ദല്‍ഹി മദ്യനയക്കേസില്‍ കെജ്‌രിവാൾ അറസ്റ്റിലായപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ വിസമ്മിച്ചതുവെന്നും തിഹാര്‍ ജയിലില്‍ കഴിയവേ കെജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുകയായിരുന്നുവെന്നുമാണ് അമിത് ഷാ പറഞ്ഞത്.
നമ്മുടെ ഭരണഘടനാ നിര്‍മാതാക്കള്‍ ഇത്തരത്തില്‍ ഒരു സംഭവം ഭരണഘടന നിര്‍മിക്കുമ്പോള്‍ സങ്കല്‍പ്പിക്കുക പോലും ചെയ്തിട്ടുണ്ടാകില്ലെന്നും ഷാ പറഞ്ഞിരുന്നു.
നിലവിലുള്ള നിയമത്തില്‍ കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള വ്യവസ്ഥയില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലില്‍ കിടന്നുകൊണ്ട് സര്‍ക്കാരിനെ നയിക്കാനാകില്ലെന്നാണ് താനും തന്റെ പാര്‍ട്ടിയും നമ്മുടെ പ്രധാനമന്ത്രിയും വിശ്വസിക്കുന്നതെന്നും അമിത് ഷാ പ്രതികരിക്കുകയുണ്ടായി.
ഇതിന്റെ പശ്ചാലത്തിലാണ് കെജ്‌രിവാള്‍ അമിത് ഷായ്ക്ക് മറുപടി നല്‍കിയത്. കേന്ദ്രം തന്നെ കള്ളക്കേസില്‍ കുടുക്കിയപ്പോള്‍ ജയിലില്‍ കിടന്ന് 160 ദിവസം താന്‍ സര്‍ക്കാരിനെ നയിച്ചുവെന്നും എന്നാല്‍ കഴിഞ്ഞ ഏഴുമാസം കൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ ദല്‍ഹിയെ നരകമാക്കിയെന്നുമാണ് കെജ്‌രിവാള്‍ മറുപടി നല്‍കിയത്.
ഇപ്പോള്‍ താന്‍ ജയിലില്‍ കിടന്ന ദിവസങ്ങള്‍ ജനങ്ങള്‍ ഓര്‍ക്കുന്നുണ്ടെന്നും അന്ന് ദല്‍ഹിയില്‍ വൈദ്യുതിയും വെള്ളവും ലഭ്യമായിരുന്നുവെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. ആശുപത്രികളില്‍ മരുന്നുകള്‍ സൗജന്യമായിരുന്നു. പരിശോധനകളും സൗജന്യം. ഒരു മഴ പോലും നഗരത്തെ കുഴപ്പത്തിലാക്കിയിരുന്നില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ജമ്മുകശ്മീര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ എന്നിവരെയടക്കം നീക്കം ചെയ്യുന്നതാണ് വിവാദ ബില്‍. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 75, 164, 239AA എന്നിവയും 2019ലെ ജമ്മുകശ്മീര്‍ പുനസംഘടന നിയമത്തിലെ സെക്ഷന്‍ 54 ഉം ഭേദഗതി ചെയ്താല്‍ മാത്രമേ ബില്‍ നിയമമാകൂ.
Content Highlight: Arrested in a false case, ousted the government from jail: Kejriwal sharply criticizes Amit Shah