ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെയ്ര്‍ സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചു. സ്വന്തം പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിനൊടുവിലാണ് സ്റ്റാര്‍മറുടെ രാജി. പാര്‍ട്ടിയുടെ നേതൃസ്ഥാനവും ഒഴിയുന്നുവെന്ന് സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു.
സ്റ്റാര്‍മര്‍ ഉടന്‍ രാജിവയ്ക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൂചനകള്‍ പുറത്ത് വന്നിരുന്നു. സ്റ്റാര്‍മറുടെ എതിരാളിയും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറുമായിരുന്ന ആന്‍ഡി ബര്‍ണ്‍ഹാമിന്റെ ഒരു നിര്‍ണായക തെരഞ്ഞെടുപ്പ് വിജയത്തിന് പിറകെയാണ് പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ഉയര്‍ന്നത്. 55 ശതമാനം വോട്ട് നേടി വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു ബര്‍ണ്‍ഹാമിന്റെ ജയം.
ലേബര്‍ പാര്‍ട്ടിയെ അടുത്ത തെരഞ്ഞെടുപ്പിനായി നയിക്കാനുള്ള ഏറ്റവും മികച്ചയാളല്ല താനെന്ന കാര്യം നല്ല രീതിയില്‍ തന്നെ അംഗീകരിക്കുന്നതായി സ്റ്റാര്‍മര്‍ പറഞ്ഞു. താന്‍ സ്‌നേഹിക്കുന്ന തന്റെ രാജ്യത്തിന് പ്രഥമ പരിഗണന കൊടുത്താണ് എല്ലാ തീരുമാനങ്ങളും എടുത്തതെന്നും സ്സാര്‍മര്‍ 10 ഡൗണിങ് സ്ട്രീറ്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
സെപ്തംബറോടെയാവും രാജ്യത്ത് പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുക. പുതിയ ലേബര്‍ പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനം ജൂലൈയോടെ ആരംഭിക്കുമെന്നും സ്റ്റാര്‍മര്‍ അറിയിച്ചു. സെപ്തംബറില്‍ തന്റെ പിന്‍ഗാമിയെ തിരഞ്ഞടുക്കും വരെ രാജ്യത്തെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.
ബര്‍ണ്‍ഹാമിന്റെ നേതൃത്വത്തില്‍ പാര്‍ട്ടികക്കത്ത് സ്റ്റാര്‍മര്‍ക്കെതിരായി ശക്തമായ എതിര്‍പ്പും ഉയര്‍ന്നിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ സ്റ്റാര്‍മര്‍ക്കെതിരായ വികാരം ശക്തമാണെന്ന് സര്‍വേ ഫലങ്ങളും പുറത്തു വന്നിരുന്നു. രാജ്യത്തെ 19 ശതമാനം പേര്‍ക്ക് മാത്രമാണ് സ്റ്റാര്‍മറെ കുറിച്ച് നല്ല അഭിപ്രായമുള്ളതെന്ന് ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ യൂ ഗോവ് അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
2024ല്‍ സ്റ്റാര്‍മര്‍ യു.എസിലെ ബ്രിട്ടിഷ് അംബാസഡറായി നിയമിച്ച പീറ്റര്‍ മണ്ടേല്‍സണെക്കുറിച്ച് എപ്സ്റ്റീന്‍ ഫയല്‍സില്‍ വെളിപ്പെടുത്തല്‍ വന്നതും സ്റ്റാര്‍മര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
ഭരണത്തിലേറി രണ്ട് വര്‍ഷം പോലും പൂര്‍ത്തിയാക്കും മുമ്പാണ് സ്റ്റാര്‍മര്‍ പടിയിറങ്ങുന്നത്.സ്റ്റാര്‍മര്‍ രാജി വയ്ക്കുന്നതോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യു.കെയില്‍ രാജിവയ്ക്കുന്ന പ്രധാനമന്ത്രിമാരുടെ എണ്ണം ആറായി ഉയരും.
Content Highlight: Keir Starmer resigns as prime minister and leader of Labour Party