| Wednesday, 30th July 2025, 7:37 am

ഫലസ്തീനെ അംഗീകരിക്കാന്‍ യു.കെയും; ഇസ്രഈലിനും ഹമാസിനും സ്റ്റാര്‍മറിന്റെ മുന്നറിയിപ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ബ്രിട്ടനും. ഇസ്രഈല്‍ ഗസക്കെതിരായ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ലെങ്കില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മാര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് യു.കെ പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.

ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള നീക്കങ്ങളെ പിന്തുണക്കുന്നില്ലെങ്കില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇസ്രഈലിനെതിരായ യു.കെയുടെ നിര്‍ണായകമായ നീക്കമുണ്ടാകുമെന്നും സ്റ്റാര്‍മാര്‍ പറഞ്ഞു.

ഗസക്കെതിരായ സൈനിക നീക്കം അവസാനിപ്പിക്കാന്‍ ഇസ്രഈല്‍ നടപടി സ്വീകരിക്കുകയും സമാധാനപ്രക്രിയക്ക് തയ്യാറാകുകയും ചെയ്യാത്ത പക്ഷം സെപ്റ്റംബറോടെ ഫലസ്തീനെ അംഗീകരിക്കാനാണ് യു.കെ തയ്യാറെടുക്കുന്നത്. ഫലസ്തീന്‍ സായുധ സംഘടനായ ഹമാസിനോടും കെയ്ര്‍ സ്റ്റാര്‍മാര്‍ ഏതാനും ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

‘തടവിലുള്ള മുഴുവന്‍ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം, വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെക്കണം, ഗസ സര്‍ക്കാരില്‍ പങ്കുണ്ടാവില്ലെന്ന് നിലപാടെടുക്കണം, നിരായുധീകരണം ഉണ്ടാകണം,’ സ്റ്റാര്‍മാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന സ്റ്റാര്‍മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രഈല്‍ പ്രതികരണവുമായി രംഗത്തെത്തി. ഗസക്കെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ബ്രിട്ടന്റെ നിലപാട് സഹായിക്കുവെന്ന് ഇസ്രഈല്‍ പറഞ്ഞു.

ബ്രിട്ടന്റെ നീക്കം വെടിനിര്‍ത്തല്‍ സാധ്യതകളെ അടക്കം നിഴലിലാക്കുമെന്നും ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം എക്സില്‍ പങ്കുവെച്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ബ്രിട്ടന്‍ ഫലസ്തീനെ ഔപചാരികമായി അംഗീകരിക്കുന്നത് ചരിത്രപരമായ തീരുമാനമാണെന്ന് യു.കെയിലെ ഫലസ്തീന്‍ അംബാസഡര്‍ ഹുസാം സോംലോട്ട് പ്രതികരിച്ചു.

ഇസ്രഈല്‍ അനുകൂല നിലപാടിനെതിരെ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ആഗോള സമൂഹത്തില്‍ നിന്നും സമ്മര്‍ദമുയര്‍ന്നതോടെയാണ് സ്റ്റാര്‍മാര്‍ ഈ നിര്‍ണായക തീരുമാനത്തിലെത്തിയത്. നേരത്തെ ഗസക്കെതിരായ സൈനിക നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ സ്റ്റാര്‍മാര്‍ സര്‍ക്കാര്‍ ഇസ്രഈലിന് ഉപരോധമടക്കമുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.

ഇസ്രഈലുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ യു.കെ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. സംയുക്ത പ്രസ്താവനയിലൂടെയാണ് സ്റ്റാര്‍മര്‍ ഉള്‍പ്പെടെ ഇസ്രഈലിന് ഉപരോധ മുന്നറിയിപ്പ് നല്‍കിയത്. സ്റ്റാര്‍മറിന് പുറമെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നീ നേതാക്കള്‍ സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിലാണ് രാജ്യങ്ങള്‍ തങ്ങളുടെ നയം വ്യക്തമാക്കിയത്.

ഇസ്രഈല്‍ സര്‍ക്കാര്‍ ഗസയിലെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ലോകനേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരികുമെന്ന് ഇമ്മാനുവല്‍ മാക്രോണും പ്രഖ്യാപിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ സമ്മേളനത്തില്‍ വെച്ചായിരിക്കും ഫ്രാന്‍സും ഫലസ്തീനെ അംഗീകരിക്കുക.

Content Highlight: UK plans to recognize Palestine

We use cookies to give you the best possible experience. Learn more