| Friday, 20th February 2026, 9:58 am

കടമറ്റത്ത് കത്തനാരും കള്ളിയങ്കാട്ട് നീലിയും; ലോകഃ എന്നെ അത്ഭുതപ്പെടുത്തി: കീര്‍ത്തി സുരേഷ്

അശ്വിന്‍ രാജേന്ദ്രന്‍

ഉള്‍കാമ്പുള്ള ചിത്രങ്ങളാലും ലോകോത്തര നിലവാരമുളള അഭിനേതാക്കളുടെ പ്രകടനങ്ങളാലും എപ്പോഴും വേറിട്ട് നില്‍ക്കുന്ന ഇന്ത്യന്‍ സിനിമാ മേഖലയാണ് മലയാളത്തിലേത്. യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായ ചിത്രങ്ങള്‍ മാത്രമല്ല ഹോളിവുഡ് നിലവാരത്തിലുള്ള സൂപ്പര്‍ ഹീറോ ചിത്രങ്ങളും ഈ ചെറിയ ഇന്റസ്ട്രിയില്‍ നിന്നും സൃഷ്ടിക്കാന്‍ സാധിക്കും എന്നതിന്റെ തെളിവായിരുന്നു ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര.

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. Photo: Box office worldwide/x.com

കള്ളിയങ്കാട്ട് നീലിയെന്ന മലയാളത്തിലെ മിത്തിനെ സൂപ്പര്‍ ഹീറോ പരിവേഷത്തിലേക്കെത്തിച്ചപ്പോള്‍ സിനിമാ പ്രേക്ഷകര്‍ക്ക് ലഭിച്ചത് പ്രതീക്ഷയേറെയുള്ള പുതിയൊരു സിനിമാറ്റിക് യൂണിവേഴ്‌സ് കൂടിയായിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീമിങിന് എത്തിയതിന് പിന്നാലെ ലോകത്തിന്റെ പല ഭാഗത്ത് നിന്നും വലിയ നിരൂപക പ്രശംസയാണ് ലോകഃക്ക് ലഭിച്ചത്. ഇപ്പോഴിതാ മലയാളിയായ തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ് ചിത്രത്തെ പറ്റി പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

സുധീര്‍ ശ്രീനിവാസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് എന്തുകൊണ്ടാണ് ലോകഃയിലെ കഥാപാത്രങ്ങള്‍ മലയാളി ഓഡിയന്‍സിന് പെട്ടെന്ന് കണക്ടാവുന്നത് എന്നതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. അടുത്തിടെ ലോകഃ കണ്ടതിനുശേഷം മലയാളിയല്ലാത്ത ഒരാള്‍ തന്നോട് ചിത്രം അത്രക്ക് കണക്ടായില്ലെന്നും എന്താണ് നിങ്ങളെ ഇത്രക്ക് കഥാപാത്രത്തിലേക്ക് ഇന്‍ ചെയ്യിച്ചതെന്നും ചോദിച്ചിരുന്നു.

അപ്പോള്‍ താന്‍ അവര്‍ക്ക് മറുപടി കൊടുത്തത് മലയാളികളെ സംബന്ധിച്ചിടത്തോളം കള്ളിയങ്കാട്ട് നീലിയെന്നത് അവരുടെ കുട്ടിക്കാലം മുതല്‍ കേട്ട് പരിചയിച്ച പേരാണ് എന്നാണ്. തമിഴ്‌നാട്ടില്‍ എന്താണ് ഉദാഹരണമായി പറഞ്ഞുതരികയെന്ന് തനിക്ക് അറിയില്ലെന്നും പക്ഷേ കേരളത്തില്‍ ആരോട് ചോദിച്ചാലും കള്ളിയങ്കാട്ട് നീലിയെ അറിയാമെന്നും താരം പറയുന്നു. കള്ളിയങ്കാട്ട് നീലിയായാലും പ്രീസ്റ്റായ കടമറ്റത്ത് കത്തനാരായലും ചെറിയ പ്രായം മുതല്‍ കോമിക് കഥകളിലും മറ്റും നമുക്ക് കണ്ടുപരിചയമുള്ള കഥാപാത്രമാണെന്നും കീര്‍ത്തി പറഞ്ഞു.

കീര്‍ത്തി സുരേഷ്. Photo: Shortpedia

സിനിമ കാണുമ്പോള്‍ ചന്ദ്ര കള്ളിയങ്കാട്ട് നീലിയാണെന്ന് നമ്മള്‍ സ്പ്‌നത്തില്‍ പോലും വിചാരക്കുന്നില്ലെന്നും നീലിയെ സമാകാലിക കാലഘട്ടത്തിലേക്ക് കൊണ്ടുവന്ന് ഒരു വാമ്പയര്‍ ആയി അവരിപ്പിക്കുക എന്ന ഐഡിയ അത്ഭുതപ്പെടുത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രൊഡ്യൂസര്‍ ജി. സുരേഷ് കുമാറിന്റയും നടി മേനകയുടെയും മകളായ കീര്‍ത്തി സുരേഷ് 2000 ല്‍ പുറത്തിറങ്ങിയ പൈലറ്റ്‌സ് എന്ന ചിത്രത്തില്‍ ബാലതാരമായാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2013 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയില്‍ ലീഡ് വേഷത്തിലെത്തിയ താരം തെലുങ്ക്, തമിഴ് ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

Content Highlight: Keerthy suresh talks about how director used myth characters in Lokah chapter one chandra movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more