| Monday, 9th November 2026, 10:18 pm

ഏറ്റവും ബോള്‍ഡാണെന്ന് ഞാന്‍ കരുതിയ ആ നടിക്ക് പോലും സിനിമയില്‍ പല കാര്യങ്ങളും ഇഷ്ടമില്ലാതെ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞു: കീര്‍ത്തി സുരേഷ്

അമര്‍നാഥ് എം.

ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെ അരങ്ങേറിയെങ്കിലും അന്യഭാഷയിലാണ് താരത്തിന് ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിച്ചത്. മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡടക്കം കീര്‍ത്തി തന്റെ ഷെല്‍ഫിലെത്തിച്ചു. തമിഴും തെലുങ്കും കടന്ന് ബോളിവുഡിലടക്കം താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത അക്ക എന്ന വെബ് സീരീസാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ പ്രൊജക്ട്. ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ അക്കക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഭവാനി എന്ന ഗ്യാങ്സ്റ്ററായാണ് കീര്‍ത്തി അക്കയില്‍ വേഷമിട്ടത്. അക്കയുടെ പ്രൊമോഷനിടെ താരം പറഞ്ഞ വാക്കുകളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

ഇന്‍ഡസ്ട്രിയില്‍ ഇത്രയും കാലം നിലനില്‍ക്കുന്നതിനിടയില്‍ ഇഷ്ടമല്ലത്ത എന്തെങ്കിലും കാര്യം സമ്മതിക്കേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കീര്‍ത്തി സുരേഷ്. സിനിമയിലേക്ക് വന്ന സമയം മുതല്‍ക്കേ ചില കാര്യങ്ങള്‍ ഒരിക്കലും ചെയ്യില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നെന്ന് കീര്‍ത്തി പറഞ്ഞു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു താരം.

‘നമുക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉള്ളതുകൊണ്ട് മാത്രം ധാരാളം പ്രൊജക്ടുകളോട് നോ പറയേണ്ടി വന്നിട്ടുണ്ട്. അതിലൊന്നും എനിക്ക് ഒരു കുറ്റബോധവുമില്ല. കാരണം, അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കാന്‍ പറ്റി. പക്ഷേ, ചില സമയങ്ങളില്‍ നമുക്ക് ഒന്നും പറയാനോ ചെയ്യാനോ പറ്റാത്ത അവസ്ഥ വന്നിട്ടുണ്ട്.

അതായത്, ആദ്യമേ കമ്മിറ്റ് ചെയ്ത ഒരു സിനിമയില്‍ ഏതെങ്കിലും സീനില്‍ മാറ്റം വരുത്തിയത് ലാസ്റ്റ് മിനിറ്റിലാകും നമ്മളോട് പറയുക. ആ സമയത്ത് അതിന്റെയൊപ്പം നില്‍ക്കുക എന്ന് മാത്രമേ നമുക്ക് ചെയ്യാനാകുള്ളൂ. എനിക്ക് മാത്രമല്ല, പല നടിമാരും ഇത്തരം അവസ്ഥ ഫേസ് ചെയ്തിട്ടുണ്ട്. വളരെ ബോള്‍ഡാണെന്ന് ഞാന്‍ കരുതിയ ഒരു നടിക്കായിരുന്നു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്.

അവര്‍ എന്നോട് ഒരുദിവസം പറഞ്ഞ കാര്യമാണ്. അവര്‍ക്ക് പലപ്പോഴും ഇത്തരത്തില്‍ നോ പറയാന്‍ പറ്റാത്ത അവസ്ഥ വന്നിട്ടുണ്ട്. അവരുടെ പേര് ഞാനിവിടെ പറയുന്നില്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. നമ്മള്‍ക്ക് ഒഴിയാനോ മാറാനോ പറ്റാത്ത സാഹചര്യമായിരിക്കും. അത്രയും ബോള്‍ഡായ നടിക്ക് പോലും ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുന്നുണ്ട്,’ കീര്‍ത്തി സുരേഷ് പറഞ്ഞു.

Content Highlight: Keerthy Suresh shares an experience of her colleague

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more