നവാഗതനായ കീര്‍ത്തിശ്വരന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥനും മമിത ബൈജും പ്രധാനവേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഡ്യൂഡ്. അനൗണ്‍സ്മന്റെ് മുതല്‍ ഹൈപ്പുണ്ടായിരുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍വിജയമായി തീര്‍ന്നു. ലവ് ടുഡേയിലൂടെ ആക്ടിങ് കരിയര്‍ ആരംഭിച്ച പ്രദീപന്റെ തുടര്‍ച്ചയായ മൂന്നാം ഹിറ്റ് ഡ്യൂഡിലൂടെ പിറവിയെടുത്തു.
ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം 120 കോടിയോളം കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തെ കീറിമുറിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. മേക്കിങ് കൊണ്ട് സിനിമ മികച്ചതാകുമ്പോള്‍ കഥക്ക് ഒരു തരത്തിലുമുള്ള നിലവാരവുമില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
നല്ല രീതിയില്‍ പോയ ആദ്യ പകുതിയും അതിനെ ഒന്നുമല്ലാതാക്കിയ രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേതെന്നും അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. സിനിമയെ ട്രോളികൊണ്ടുള്ള നിരവധി പോസ്റ്റുകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ഇപ്പോഴിതാ ഒരു കോളേജ് ഇവന്റിനിടെ സംവിധായകന്‍ കീര്‍ത്തീശ്വരന്‍ ഡ്യൂഡ് സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു വിഭാഗം ഡ്യൂഡ് സിനിമയുടെ രണ്ടാം ഭാഗം എപ്പോഴുണ്ടാകുമെന്ന് ചോദ്യത്തിന് ‘ അയ്യോ രണ്ടാം ഭാഗമോ, ഒരു ഭാഗമെടുത്തിട്ട് തന്നെ ഞാന്‍ തളര്‍ന്നു പോയി, താങ്ങില്ല’ എന്നാണ് മറുപടി നല്‍കിയത്.
ഡ്യൂഡില്‍ മമിത ബൈജു അവതരിപ്പിച്ച കുരല്‍ എന്ന കഥാപാത്രത്തിനും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആദ്യ പുകുതിയില്‍ കുരല്‍ എന്ന കഥാപാത്രത്തോട് ഉണ്ടാകുന്ന സ്‌നേഹം രണ്ടാം പകുതിയില്‍ നഷ്ടമാകുന്നുണ്ടെന്നും അഗനോട് തന്റെ കാര്യങ്ങള്‍ സാധിക്കാന്‍ കണ്ണീരൊഴുക്കുന്ന നായികയെയാണ് രണ്ടാം പകുതിയില്‍ കണ്ടെതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
തിയേറ്റര്‍ റിലീസിന് മുമ്പ് സിനിമയിലെ ഊറും ബ്ലഡ് എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ ഒരു പാട്ടിന്റെ പല വേരിയേഷനുകളാണ് എല്ലാ സീനിലും ഉപയോഗിച്ചതെന്ന് പറഞ്ഞ് സായ് അഭ്യങ്കറിന് നേരെയും വിമര്‍ശനങ്ങളുണ്ടായി. മൈത്രി മൂവീസ് നിര്‍മിച്ച ഡ്യൂഡില്‍ ശരത്കുമാര്‍, ഹൃദു ഹാരൂണ്‍, രോഹിണി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Keertheeswaran’s words about the second part of the Dude movie are being noticed