തിരുവനന്തപുരം: കീം പരീക്ഷയുടെ ഫലം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീലിനില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു. പഴയ ഫോര്‍മുലയില്‍ റാങ്ക് പട്ടിക തയ്യാറാക്കി ഇന്ന് (വ്യാഴം) തന്നെ പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ആര്‍. ബിന്ദുവിന്റെ പ്രതികരണം.
പ്രവേശന നടപടി വൈകുമെന്നുള്ളതിനാലാണ് അപ്പീലിന് പോകാത്തതെന്നും മന്ത്രി പറഞ്ഞു. പഴയ ഫോര്‍മുലയില്‍ റാങ്ക് ലിസ്റ്റ് പുറത്തുവിടുമ്പോള്‍ ആര്‍ക്കെങ്കിലും പരാതിയിട്ടുണ്ടെങ്കില്‍ നിയമപരമായി മുന്നോട്ടുപോകാമെന്നും മന്ത്രി പ്രതികരിച്ചു.
പഴയ ഫോര്‍മുലയില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ ആരംഭിച്ചു. അതേസമയം പ്രോസ്പക്ടസില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിക്കരിക്കേണ്ടതിനാല്‍ കോടതിയുടെ നിര്‍ദേശം അംഗീകരിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
റാങ്ക് ലിസ്റ്റ് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ നടപടിയില്‍ ഇടപെടാനില്ലെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം.
ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയും ചെയ്തു. ഉത്തരവില്‍ അപാകതയില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ പരിഷ്‌കരണം ധൃതി പിടിച്ചുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രോസ്പെക്ടസ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തിരക്കുപിടിച്ചാണ് നടത്തിയതെന്നും കോടതി വിമര്‍ശിച്ചു. ഇന്നലെ (ബുധന്‍)യാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പരീക്ഷ ഫലം റദ്ദാക്കിയത്.
പിന്നാലെ അടിയന്തിരമായി സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു. എഞ്ചിനീയറിങ് ഉള്‍പ്പെടെ കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കീം പരീക്ഷ ഫലമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.
കോളേജ് പ്രവേശത്തിനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു കോടതിയുടെ ഇടപെടൽ. ഇപ്പോൾ അഡ്മിഷൻ നടപടികൾ വൈകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്.
Content Highlight: Keam; No appeal against High Court verdict, rank list to be published