| Wednesday, 9th July 2025, 12:15 pm

കീം പരീക്ഷ ഫലം റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എഞ്ചിനീയറിങ് ഉള്‍പ്പെടെ കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള  പ്രവേശനത്തിനുള്ള കീം (കേരള എഞ്ചിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍) പരീക്ഷ ഫലം റദ്ദാക്കി. സി.ബി.എസ്.ഇ- കേരള സിലബസ് മാര്‍ക്ക് ഏകീകരണത്തിനുള്ള ഫോര്‍മുലയാണ് റദ്ദാക്കിയത്.

 പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയശേഷം വെയ്‌റ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ച ജസ്റ്റിസ് ഡി.കെ.സിങ്ങാണ് ഫലം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവേശന നടപടി തുടങ്ങാന്‍ ഇരിക്കവെയാണ് ഇത്തരത്തിലൊരു നടപടി. നടപടിയില്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഈ മാസം ഒന്നിനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന ഫലങ്ങള്‍ പ്രഖ്യാപിച്ചത്. കേരള സിലിബസ് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി മാര്‍ക്ക് ഏകീകരണം നടപ്പാക്കിയശേഷമാണ് സര്‍ക്കാര്‍ ഫലം പ്രഖ്യാപിച്ചത്. ഈ മാറ്റം പരീക്ഷക്ക് ശേഷമാണ് നടപ്പാക്കിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയത്.

മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു ഫലം പുറത്തുവന്നത്. ശുപാര്‍ശകളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു.

സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്നാട് മാതൃകയില്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന ഒരു ഫോര്‍മുലയാണ് അവലംബിച്ചത്. കഴിഞ്ഞ വര്‍ഷം 35 മാര്‍ക്കിന്റെ വ്യത്യാസം വരാവുന്ന നിലയിലായിരുന്നു സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രോസസ് ഉണ്ടായിരുന്നത്.

കേരള ബോര്‍ഡില്‍ പഠിക്കുന്ന കുട്ടി ഫുള്‍ മാര്‍ക്ക് നേടിയാലും 35 മാര്‍ക്ക് കുറവ് ലഭിക്കുന്ന സ്ഥിതിയായിരുന്നു. അതിനാലാണ് എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന ഫോര്‍മുലയിലേക്ക് എത്തിയത്. ക്യാബിനറ്റ് കൂടി അംഗീകരിച്ച് ശേഷമാണ് അത് നടപ്പാക്കിയത്. അതുകൊണ്ട് തന്നെ കോടതിയില്‍ നിന്ന് ലഭ്യമായിട്ടുള്ള വിധി മുഖ്യമന്ത്രിയായും മറ്റ് മന്ത്രിമാരുമായും ആലോചിച്ചതിന് ശേഷം തീരുമാനമെടുക്കും,’ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

Content Highlight: KEAM exam results canceled

We use cookies to give you the best possible experience. Learn more