കെ.സി.എല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സും ട്രിവാന്‍ഡ്രം റോയല്‍സും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. കാര്യവട്ടം ഗ്രലീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.
ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ഓപ്പണറായി ഇറങ്ങിയ വെടിക്കെട്ട് ബാറ്റര്‍ സഞ്ജു സാംസണ്‍ തന്നെയാണ്. 37 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 62 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
ഇത് സഞ്ജുവിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയാണ്. കഴിഞ്ഞ മത്സരത്തില്‍ കളത്തിലിറങ്ങാന്‍ സാധിച്ചില്ലെങ്കിലും വെടിക്കെട്ട് ബാറ്റിങ്ങിന് ഒരു കുറവുമുണ്ടാകില്ലെന്ന് സഞ്ജു വീണ്ടും തെളിയിക്കുകയാണ്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് 13 (22), 121 (51), 89 (46), 62 (37) എന്നിങ്ങനെയാണ് താരം സ്‌കോര്‍ ചെയ്തത്. ഇതോടെ ഏഷ്യാ കപ്പിലുള്ള ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത കൂടുതലാണെന്നും ആരാധകര്‍ വിശ്വസിക്കുന്നു.
നിലവില്‍ സഞ്ജുവിന്റെ സ്ഥാനം തുലാസിലാണെന്ന പല ചര്‍ച്ചകളും നടക്കുമ്പോഴാണ് സഞ്ജു കെ.സി.എല്ലില്‍ തകര്‍ത്തടിക്കുന്നത്. ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഏഷ്യകപ്പില്‍ ടീമിലെ ആദ്യ 11ലെത്താന്‍ സഞ്ജു വലിയ കഠിനാധ്വമാണ് ചെയ്യുന്നത്.
ട്രിവാന്‍ഡ്രത്തിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് അഭിജിത് പ്രവീണാണ്, മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. അബ്ദുള്‍ ബാസിത്, ആസിഫ് സല്‍മാന്‍ എന്നിവര്‍ ടീമിന് വേണ്ടി ഓരോ വിക്കറ്റുകളും നേടി.
Content Highlight: KCL: Sanju Samson In Great Performance Against Trivandram Royals