| Sunday, 24th August 2025, 8:33 am

കൊടുങ്കാറ്റായി ഇമ്രാന്‍; പൊരുതിത്തോറ്റ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്!

സ്പോര്‍ട്സ് ഡെസ്‌ക്

കെ.സി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി തൃശൂര്‍ ടൈറ്റന്‍സ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് റണ്‍സിനായിരുന്നു തൃശൂര്‍ വിജയിച്ചു കയറിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടിക്ക് ഇറങ്ങിയ കാലിക്കറ്റിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഇതോടെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളാണ് കാലിക്കറ്റ് പരാജയപ്പെടുന്നത്.

മത്സരത്തില്‍ ഓപ്പണര്‍ അഹമ്മദ് ഇമ്രാന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് തൃശൂര്‍ ഉയര്‍ന്ന സ്‌കോറിലെത്തിയത്. 55 പന്തില്‍ നിന്ന് അഞ്ച് സിക്‌സും 11 ഫോറും ഉള്‍പ്പെടെയാണ് താരം 100 റണ്‍സ് പൂര്‍ത്തിയാക്കിയത്. സീസണിലെ ആദ്യ സെഞ്ച്വറിക്കൊപ്പം മത്സരത്തിലെ താരമാകാനും ഇമ്രാന് സാധിച്ചു.

തൃശൂരിന് വേണ്ടി ഷോണ്‍ റോജര്‍ 35 റണ്‍സും അര്‍ജുന്‍ എ.കെ. പുറത്താക്കാതെ 24 റണ്‍സും നേടി മികവ് പുലര്‍ത്തി. അക്ഷയ് മനോഹര്‍ 22 റണ്‍സും നേടിയിരുന്നു. അതേസമയം ബാറ്റിങ്ങില്‍ കാലിക്കറ്റിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് അഞ്ചാമനായി ഇറങ്ങിയ സല്‍മാന്‍ നിസാറാണ്. 44 പന്തില്‍ ആറ് സിക്‌സറുകളും അഞ്ച് ഫോറും ഉള്‍പ്പെടെ 77 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. താരത്തിന് പുറമേ എം. അജാസ് നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 58 റണ്‍സ് നേടി മികവ് പുലര്‍ത്തി.

മറ്റാര്‍ക്കും കാലിക്കറ്റിനായി സ്‌കോര്‍ സ്‌കോര്‍ ഉയര്‍ത്താനോ ടീമിനെ വിജയത്തില്‍ എത്തിക്കാനോ സാധിച്ചില്ല. എം.ഡി. നിതീഷിന്റെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് കാലിക്കറ്റ് വലിയ പ്രഹരം നേരിട്ടത്. മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. സിബിന്‍ ഗിരീഷ് രണ്ട് വിക്കറ്റും ആനന്ദ് ജോസഫ് ഒരു വിക്കറ്റും നേടി മികവുലര്‍ത്തി.

അതേസമയം കാലിക്കറ്റിന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് രണ്ട് വിക്കറ്റ് നേടിയ അഖില്‍ സ്‌കറിയയാണ്. ഇന്ന് (ഞായര്‍) നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റിന്റെ എതിരാളികള്‍ ട്രിവാഡ്രം റോയല്‍സാണ്. വൈകിട്ട് നടക്കുന്ന മത്സരത്തില്‍ ബ്ലൂ ടൈഗേഴ്‌സ് കൊല്ലം സെയ്‌ലേഴ്‌സിനെയും നേരിടും.

Content Highlight: KCL: Calicut lost to Thrissur Titans after a hard fought battle

We use cookies to give you the best possible experience. Learn more