കേരള ക്രിക്കറ്റ് ലീഗില്‍ വെടിക്കെട്ട് തുടര്‍ന്ന് സഞ്ജു സാംസണ്‍. ആലപ്പി റിപ്പിള്‍സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് സഞ്ജു സാംസണ്‍ തിളങ്ങുന്നത്. തുടര്‍ച്ചയായ നാലാം 50+ സ്‌കോറാണ് സഞ്ജു സ്വന്തമാക്കിയത്. സഞ്ജുവിന്റെ കരുത്തില്‍ ബ്ലൂ ടൈഗേഴ്‌സ് വിജയവും സ്വന്തമാക്കി.
ആലപ്പി റിപ്പിള്‍സ് ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജുവിന്റെ വെടിക്കെട്ടില്‍ ബ്ലൂ ടൈഗേഴ്‌സ് മറികടക്കുകയായിരുന്നു. 41 പന്ത് നേരിട്ട താരം 83 റണ്‍സടിച്ചാണ് പുറത്തായത്. ഒമ്പത് സിക്‌സറിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 202.44 സട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
121 (51), 89 (46), 62 (37), 83 (41) എന്നിങ്ങനെയാണ് ഒടുവിലെ നാല് ഇന്നിങ്‌സില്‍ സഞ്ജു വെടിക്കെട്ട് നടത്തിയത്. ഈ നാല് മത്സരത്തിലും താരം കൊച്ചിയുടെ ഓപ്പണറായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ മിഡില്‍ ഓര്‍ഡറിലിറങ്ങിയ താരം പാടെ നിരാശപ്പെടുത്തിയിരുന്നു. 22 പന്ത് നേരിട്ട താരം 13 റണ്‍സ് മാത്രമാണ് നേടിയത്.
എന്നാല്‍ തന്റെ നാച്ചുറല്‍ പൊസിഷനായ ടോപ്പ് ഓര്‍ഡറിലേക്ക് വന്നതോടെ മറ്റൊരു സഞ്ജുവിനെയാണ് ആരാധകര്‍ കണ്ടത്. ഏഷ്യാ കപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കവെ ഫോമിന്റെ പാരമ്യത്തിലാണ് സഞ്ജു. ഈ സാഹചര്യത്തില്‍ താരത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താരിക്കാനും ബി.സി.സി.ഐക്ക് സാധിക്കില്ല.
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റിപ്പിള്‍സ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെയും ജലജ് സക്‌സേനയുടെയും കരുത്തില്‍ മികച്ച ഒന്നാം വിക്കറ്റ് സ്‌കോര്‍ പടുത്തുയര്‍ത്തി. ആദ്യ വിക്കറ്റില്‍ 94 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.
42 പന്തില്‍ 71 റണ്‍സ് നേടിയ ജലജ് സക്‌സേനയെ മടക്കി ജെറിനാണ് ബ്രേക് ത്രൂ സമ്മാനിച്ചത്. പിന്നാലെയെത്തിയ അഭിഷേക് പി. നായര്‍ക്കൊപ്പവും ക്യാപ്റ്റന്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി.
അഭിഷേക് 19 പന്തില്‍ 24 റണ്‍സല് നേടി മടങ്ങിയപ്പോള്‍ 43 പന്തില്‍ 64 റണ്‍സുമായി അസറുദ്ദീനും തിരിച്ചുനടന്നു. പിന്നാലെയെത്തിയവര്‍ക്കൊന്നും തന്നെ ചെയ്യാന്‍ സാധിക്കാതെ പോയതോടെ ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 176ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചിക്കായി സഞ്ജുവിന് പുറമെ ജെറിന്‍ പി.എസ്. (13 പന്തില്‍ 25) വിനൂപ് മനോഹരന്‍ (11 പന്തില്‍ 23), അജീഷ് കെ (13 പന്തില്‍ 18) എന്നിവര്‍ മികച്ച പ്രകടനം നടത്തി. ഒടുവില്‍ പത്ത് പന്ത് ശേഷിക്കെ ടീം വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: KCL 2025: Sanju Samson’s brilliant batting performance continues