കേരള ക്രിക്കറ്റ് ലീഗില്‍ വിജയം തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. സഞ്ജു സാംസണിന്റെ സെഞ്ച്വറിയുടെയും മുഹമ്മദ് ആഷിഖിന്റെ വെടിക്കെട്ടിന്റെയും കരുത്തിലാണ് ബ്ലൂ ടൈഗേഴ്‌സ് വിജയം പിടിച്ചടക്കിയത്.
കൊല്ലം സെയ്‌ലേഴ്‌സ് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ ബ്ലൂ ടൈഗേഴ്‌സ് മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആരീസ് കൊല്ലം സെയ്‌ലേഴ്‌ല്‌സ് ഓപ്പണര്‍ വിഷ്ണു വിനോദിന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
41 പന്തില്‍ 94 റണ്‍സുമായാണ് വിഷ്ണു വിനോദ് കളം നിറഞ്ഞത്. പത്ത് സിക്‌സറും മൂന്ന് ഫോറും അടക്കം 229.27 സ്‌ട്രൈക്ക് റേറ്റില്‍ താരം സ്‌കോര്‍ വെടിക്കെട്ട് പുറത്തെടുത്തു. രണ്ടാം ഓപ്പണര്‍ അഭിഷേക് നായര്‍ നിരാശപ്പെടുത്തിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കൊപ്പം വിഷ്ണു മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു.
44 പന്തില്‍ 91 റണ്‍സുമായാണ് സച്ചിന്‍ ബേബി കരുത്ത് കാട്ടിയത്. ആറ് വീതം സിക്‌സറും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇരുവരുടെയും കരുത്തില്‍ സെയ്‌ലേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സിലെത്തി.
ബ്ലൂ ടൈഗേഴ്‌സിനായി ജെറിന്‍ പി.എസ്. രണ്ട് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ സാലി സാംസണ്‍, മുഹമ്മദ് ആഷിഖ്, കെ.എം. ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്ലൂ ടൈഗേഴ്‌സിനായി സഞ്ജു സാംസണും വിനൂപ് മനോഹരനുമാണ് ക്രീസിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച വിനൂപ് ഇത്തവണ മങ്ങിയപ്പോള്‍ ആലപ്പി റിപ്പിള്‍സിനെതിരെ പാടെ നിരാശപ്പെടുത്തിയ സഞ്ജു സാംസണ്‍ സെയ്‌ലേഴ്‌സിനെതിരെ ആഞ്ഞടിച്ചു.
View this post on Instagram
ആദ്യ വിക്കറ്റില്‍ 64 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 11 റണ്‍സാണ് വിനൂപിന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. വണ്‍ ഡൗണായി ഇറങ്ങിയ മുഹമ്മദ് ഷാനുവിനെ ഒപ്പം കൂട്ടിയും സഞ്ജു മികച്ച പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി.
13ാം ഓവറിലെ അഞ്ചാം പന്തില്‍ ഷാനുവിനെ മടക്കി സെയ്‌ലേഴ്‌സ് ബ്രേക് ത്രൂ നേടി. 28 പന്ത് നേരിട്ട് 39 റണ്‍സുമായാണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സാലി സാംസണും വിക്കറ്റ് കീപ്പര്‍ നിഖില്‍ തോട്ടത്തും ഒറ്റയക്കത്തിന് മടങ്ങി.
19ാം ഓവറിലെ ആദ്യ പന്തിലാണ് സഞ്ജു സാംസണ്‍ പുറത്താകുന്നത്. അജയ്‌ഘോഷിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. 51 പന്തില്‍ 121 റണ്‍സാണ് താരം അടിച്ചെടുത്തത്. ഏഴ് സിക്‌സറും 14 ഫോറും അടക്കം 237.25 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു സ്‌കോര്‍ ചെയ്തത്. കെ.സി.എല്ലില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിയാണിത്.
സഞ്ജു മടങ്ങിയെങ്കിലും മികച്ച പിന്തുണ നല്‍കിയ മുഹമ്മദ് ആഷിഖ് വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല.
അവസാന ഓവറില്‍ 17 റണ്‍സാണ് ബ്ലൂ ടൈഗ്ലേിന് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ ഫോറും സിക്‌സറുമായി ആഷിഖ് സെയ്‌ലേഴ്‌സിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. മൂന്നാം പന്തില്‍ ബൈസിന്റെ രൂപത്തില്‍ ഒരു റണ്‍സ് ടീമിന്റെ അക്കൗണ്ടിലെത്തി.
നാലാം പന്തില്‍ സിംഗിള്‍ നേടിയ ആഷിഖിന് സ്‌ട്രൈക് കൈമാറാനുള്ള ശ്രമത്തിനിടെ ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ റണ്‍ ഔട്ടായി മടങ്ങി. എങ്കിലും ആഷിഖ് സ്‌ട്രൈക്കിലെത്തി. അവസാന രണ്ട് പന്തില്‍ ആറ് റണ്‍സായിരുന്നു ടൈഗേഴ്‌സിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. അഞ്ചാം പന്ത് ഡോട്ട് ആയെങ്കിലും അവസാന പന്തില്‍ സിക്‌സറടിച്ച് ആഷിഖ് ടീമിന് വിജയം സമ്മാനിച്ചു.
View this post on Instagram
അഞ്ച് സിക്‌സറും മൂന്ന് ഫോറും അടക്കം 18 പന്തില്‍ പുറത്താകാതെ 45 റണ്‍സാണ് ആഷിഖ് അടിച്ചെടുത്തത്.
ഈ വിജയത്തിന് പിന്നാലെ കേരള ക്രിക്കറ്റ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലിന്റെ റെക്കോഡും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നും ജയിച്ച ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഓഗസ്റ്റ് 26നാണ് ബ്ലൂ ടൈഗേഴ്‌സിന്റെ അടുത്ത മത്സരം. തൃശൂര്‍ ടൈറ്റന്‍സാണ് എതിരാളികള്‍.
Content Highlight: KCL 2025: Sanju Samson hits century, Kochi Blue Tigers defeated Aries Kollam Sailors