[share]
[]കൊച്ചി: കര്‍ഷകരെ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ ഇടയലേഖനം.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനിറങ്ങിയവരെ വോട്ടിലൂടെ തോല്‍പ്പിക്കണമെന്നും ഇടലേഖനം ആഹ്വാനം ചെയ്യുന്നു.
തിരഞ്ഞെടുപ്പില്‍ കെ.സി.ബി.സിയുടെ നിലപാട് വ്യക്തമാക്കുന്ന ഇടയലേഖനം മാര്‍ച്ച് ഒമ്പതിന് സീറോമലബാര്‍ പള്ളികളില്‍ വായിക്കും.
മനുഷ്യരെ അവഗണിച്ച് ഭൂമിയെ സംരക്ഷിക്കുന്ന നയം തിരുത്തണം. കേന്ദ്രത്തില്‍ വേണ്ടത് മതേതരത്വം സംരക്ഷിക്കുന്ന സര്‍ക്കാറാണെന്നും മെത്രാന്‍ സമിതിയുടെ ഇടയലേഖനത്തില്‍ പറയുന്നു.
മലയോര മേഖലയിലും കടലോരമേഖലയിലുമുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നവരെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.
പശ്ചിമഘട്ട മേഖലകളില്‍ വസിക്കുന്നവര്‍ക്ക് സമാധാനം ഉറപ്പ് വരുത്തുക, മനുഷ്യരെ അവഗണിച്ച് ഭൂമി, സസ്യ-ജന്തുജാലങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നയം തിരുത്തുക, കടലോരത്തും മലയോരത്തുമുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കുക, തീരദേശ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുക, ഗോത്രവിഭാഗങ്ങള്‍ക്ക് ഭൂമി, ജലം, വനം എന്നിവയ്ക്ക് മേലുള്ള അവകാശം സംരക്ഷിക്കുക, കേന്ദ്രത്തില്‍ മതേതരത്വത്തിനും ന്യൂനപക്ഷങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നവരെ പിന്തുണക്കുക എന്നീ കാര്യങ്ങളാണ് പ്രധാനമായും ഇടയലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്.
കെ.സി.ബി.സിക്ക് വേണ്ടി കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസാണ് ഇടയലേഖനം തയ്യാറാക്കിയത്.