| Monday, 1st September 2025, 8:21 pm

അര്‍ജന്റീനയുടെ മത്സരത്തെക്കുറിച്ചുള്ള ഒഫീഷ്യല്‍ പ്ലാന്‍ എന്താണെന്ന് സംസാരിച്ചിട്ടില്ല; പ്രസ്താവനയുമായി കെ.സി.എ സെക്രട്ടറി

സ്പോര്‍ട്സ് ഡെസ്‌ക്

കേരളത്തില്‍ മെസിപ്പടയെത്തുന്നതിന്റെ കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. ഏറെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവിലാണ് കേരളത്തില്‍ അര്‍ജന്റീനയുടെ ടീം എത്തുമെന്ന് ഒഫീഷ്യല്‍സ് അറിയിച്ചത്. 2023ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ വിജയിച്ച ടീമുമായിയിട്ടാണ് മെസിപ്പട കേരളത്തിലെത്തുന്നത്.

എന്നാല്‍ നിലവില്‍ അന്താരാഷ്ട നിലവാരമുള്ള കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാകും മത്സരം നടത്തുന്നതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിലവാരക്കുറവ് ഉള്ളതിനാലാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ളത്.

ഇപ്പോള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് തങ്ങളുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് പറയുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്. കുമാര്‍. കാര്യവട്ടം സ്‌റ്റേഡിയത്തില്‍ ന്യൂസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു വിനോദ് എസ്. കുമാര്‍.

‘നമ്മുടെ അടുത്ത് മത്സരത്തെക്കുറിച്ചുള്ള ഒഫീഷ്യല്‍ പ്ലാന്‍ എന്താണെന്ന് സംസാരിച്ചിട്ടില്ല. എങ്ങനെയാണ് മത്സരം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമെന്ന് കരുതുന്നു. മത്സരത്തിന്റെ പ്ലാനിങ് എങ്ങനെയാണെന്ന് പറഞ്ഞാല്‍ മാത്രമേ അനുസരിച്ച് നമുക്കും സീസണ്‍ പ്ലാന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ,’ വിനോദ് എസ്. കുമാര്‍ പറഞ്ഞു.

അതേസമയം സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എ.എഫ്.എ പുറത്തുവിട്ടത്. നവംബര്‍ മാസമായിരിക്കും അര്‍ജന്റീന കേരളത്തില്‍ കളിക്കുകയെന്നാണ് എ.എഫ്.എ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദം മത്സരങ്ങള്‍ നടക്കുന്നത്. കേരളത്തിന് പുറമേ അങ്കോളയിലും അര്‍ജന്റീന കളിക്കും.

അര്‍ജന്റീനയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒക്ടോബര്‍ മാസത്തില്‍ അമേരിക്കയിലാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍. നവംബര്‍ 2025 ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ സൗഹൃദ മത്സരത്തിനായി ഖത്തര്‍ ലോകകപ്പ് നേടിയ ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റീന ടീമാണ് കേരളത്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ചത്. 2011ന് ശേഷമുള്ള മെസിയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.

Content Highlight: KCA Secretary says no official discussions have taken place regarding holding Argentina matches at Kariyavattom Stadium

We use cookies to give you the best possible experience. Learn more