| Thursday, 2nd October 2025, 8:30 am

ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചില്ലെങ്കില്‍ പണി കിട്ടും; സഞ്ജുവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കെ.സി.എ പ്രസിഡന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഒമ്പതാം തവണയും കിരീടം സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം ബാറ്റര്‍ എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളിലെ നാല് ഇന്നിങ്‌സില്‍ നിന്ന് 132 റണ്‍സാണ് സഞ്ജു നേടിയത്. 56 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 33.0 എന്ന ആവറേജിലുമാണ് സഞ്ജു ബാറ്റ് വീശിയത്. ഏഴ് സിക്‌സും ഏഴ് ഫോറും താരം അടിച്ചെടുത്തിട്ടുണ്ട്.

ഇപ്പോള്‍ സഞ്ജു സാംസണെക്കുറിച്ച് സംസാരിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജിതേഷ് ജോര്‍ജ്. ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാന്‍ തയ്യാറായ ശേഷം സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ മികച്ച ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല കഴിഞ്ഞ തവണ ക്യാമ്പില്‍ പങ്കെടുക്കാത്തതിനാലാണ് സഞ്ജുവിനെ ആഭ്യന്തര മത്സരങ്ങളില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കാതെ വന്നതെന്നും ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ഒരു താരത്തിന്റെ മൂല്യം ഉയര്‍ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അവനെ തിരിച്ചുകൊണ്ടുവരുന്നതില്‍ ഞാന്‍ ചെയ്തത് ശരിയാണ്. അവന്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചു. നമ്മുടെ പ്ലെയേഴ്‌സ് തെറ്റുകള്‍ വരുത്തുമ്പോള്‍, ഞങ്ങള്‍ അവരെ തിരുത്തുന്നു. അത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. അവന്‍ കാര്യങ്ങള്‍ തിരുത്തി.

ഇപ്പോള്‍ അവന്‍ ടീമിലുണ്ട്, നല്ല ക്രിക്കറ്റ് കളിക്കുന്നു. നിലവില്‍ അവന്‍ ഒരു ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ തവണ അദ്ദേഹം പങ്കെടുത്തില്ല, അതുകൊണ്ടാണ് അദ്ദേഹത്തെ തെരഞ്ഞടുക്കാന്‍ സാധിക്കാതെ വന്നത്. പലരും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാകാത്തതിനാല്‍ ബി.സി.സി.ഐ കളിക്കാരോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അത് നിങ്ങളുടെ മൂല്യം കൂട്ടുകയും നിങ്ങളെ മികച്ച കളിക്കാരനാക്കുകയും ചെയ്യുന്നു. കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍ തുടങ്ങി എല്ലാ മഹാന്മാരും അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാത്തപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നു എന്നത് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് കഴിയുമ്പോഴെല്ലാം നിങ്ങളുടെ സംസ്ഥാനത്തിനായി കളിക്കേണ്ടതുണ്ട്,’ ജിതേഷ് ജോര്‍ജ് പറഞ്ഞു.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ടി-20യിലാണ് സഞ്ജു സജീവമായി കളിക്കുന്നത്. ഫോര്‍മാറ്റില്‍ 49 മത്സരങ്ങില്‍ നിന്ന് 993 റണ്‍സാണ് താരം നേടിയത്. 26.1 ഓവറേജും 148 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും താരം സ്വന്തമാക്കി.

Content Highlight: KCA President Talking About Sanju Samson

We use cookies to give you the best possible experience. Learn more