സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കീഴില്‍ വിജയക്കുതിപ്പ് തുടരുകയാണ് കേരളം. എന്നാല്‍ ടൂര്‍ണമെന്റില്‍ കേരളത്തെ നയിക്കുമ്പോഴും സഞ്ജുവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് വെളിപ്പെടുത്തുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീജിത്ത് വി. നായര്‍.
ആരോഗ്യം മോശമായിട്ടും സീനിയര്‍ താരമായ സഞ്ജു ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചാണ് കേരളത്തിന് വേണ്ടി പ്രാക്ടീസ് സെഷനില്‍ വരുന്നതും കേരളത്തിന് വേണ്ടി കളിക്കുന്നതെന്നും ശ്രീജിത്ത് വി. നായര്‍ പറഞ്ഞു. കഷ്ടപ്പാടിനേക്കാള്‍ മുകളില്‍ സഞ്ജുവിന്റെ ഡെഡിക്കേഷനാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവംബര്‍ 20ന് ത്രിപുരയുമായി നടന്ന മത്സരത്തില്‍ സഞ്ജു സഞ്ജു ഏഴാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയത്. ഇതിന് പിന്നില്‍ ആരോഗ്യപ്രശ്‌നങ്ങളാകാം കാരണമെന്നാണ് വിലയിരുത്തല്‍.
‘ഇന്ന് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ സഞ്ജു സാംസണ്‍ കേരളത്തെ നയിച്ചുകൊണ്ടിരിക്കുകയാണ്. മിനഞ്ഞാന്ന് സഞ്ജുവിന്റെ ആരോഗ്യ അവസ്ഥ, ആന്റിബയോട്ടിക് കഴിച്ചുകൊണ്ട് രാവിലെ 10 കിലോ മീറ്ററാണ് സഞ്ജു ഓടിയത്. സഞ്ജുവിന്റെ ഡെഡിക്കേഷന്‍ നമ്മള്‍ കാണുന്നില്ല! മീഡിയയിലോ ഗ്രൗഡിലോ കാണുന്ന സഞ്ജുവല്ലാതെ സഞ്ജുവിന്റെ കഷ്ടപ്പാട് ഉണ്ട്.
ആ കഷ്ടപ്പാടിനെ ഡെഡിക്കേഷന്‍ എന്നാണ് നമ്മള്‍ പറയുന്നത്. മറ്റുള്ളവര്‍ കഷ്ടപ്പാട് എന്ന് പറയും. അല്ലെങ്കില്‍ ഇത്രയും സീനിയര്‍ ആയിട്ടുള്ള ഒരു താരം ക്രിക്കറ്റ് കളിക്കും. പക്ഷെ, പ്രാക്ടീസ് സെഷന് ആന്റി ബയോട്ടിക് കഴിച്ചാണ് അദ്ദേഹം പോകുന്നത്,’ കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി. നായര്‍ കേരള ലീഗിന്റെ ഇന്റഗ്രാം വീഡിയോയില്‍ പറഞ്ഞു.
View this post on Instagram
അതേസമയം 2026 സയ്യിദ് മുഷ്താഖലി ട്രോഫിയില്‍ സഞ്ജു സാംസണിന്റെ കീഴില്‍ വിജയക്കുതിപ്പ് തുടരുകയാണ് കേരളം. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് കേരളം വിജയിച്ച് കയറിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അസം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 45 പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
നിലവില്‍ സഞ്ജുവിന്റെ കീഴില്‍ ആറ് മത്സരങ്ങളില്‍ നിന്നും നാല് വിജയവും രണ്ട് തോല്‍വിയുമാണ് കേരളം സ്വന്തമാക്കിയത്. ഇന്നാണ് കേരളത്തിന്റെ ഏഴാം മത്സരം. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഹിമാചല്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളി.
Content Highlight: KCA President states that Sanju Samson was in poor health while playing in the Syed Mushtaq Ali Trophy