| Sunday, 16th November 2025, 9:33 am

ബീഹാര്‍ തെരഞ്ഞെടുപ്പ് കാലത്ത് കെ.സി വേണുഗോപാല്‍ കേരളത്തില്‍ അധികാരം ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലായിരുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോണ്‍ഗ്രസിലെ രണ്ടാമനെന്ന് അവകാശപ്പെടുന്ന കെ.സി ബീഹാര്‍ പ്രചാരണസമയത്ത് ഇവിടെ അധികാരം ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിശാലമായ ബി.ജെ.പി വിരുദ്ധ ഐക്യം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും ഇത് കോണ്‍ഗ്രസ് ഗൗരവമായി കാണണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദന്‍.

മതനിരപേക്ഷ ശക്തികള്‍ ബീഹാര്‍ തെരഞ്ഞെടുപ്പിലെ തോല്‍വി ശരിയാംവണ്ണം പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകണമെന്ന സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്തുകൊണ്ട് വര്‍ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഉടനീളം നടത്തി. പരാജയത്തിന്റെ ഒന്നാമത്തെ കാരണം 60 ലക്ഷം പേരുടെ വോട്ടവകാശം തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് വോട്ടര്‍പ്പട്ടിക തീവ്ര പുനപരിശോധനയിലൂടെ (എസ്.ഐ.ആര്‍) നീക്കിയതാണെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

’60 ലക്ഷത്തോളം പേരുടെ വോട്ടവകാശമാണ് തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് എസ്.ഐ.ആറിലൂടെ നീക്കം ചെയ്തത്. ഒരു കോടിയോളം ബീഹാറുകാര്‍ക്ക് വോട്ട് ചെയ്യാനായില്ല. ഇ.വി.എം മെഷീന്‍പോലും ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ല. പെരുമാറ്റച്ചട്ടമുള്ളപ്പോഴായാണ് 10,000 സ്ത്രീകള്‍ക്ക് എന്‍.ഡി.എ നല്‍കിയത്.

തെരഞ്ഞെടുപ്പ് അട്ടിമറി നടത്താനും രാഷ്ട്രീയമായ അജണ്ട നടപ്പിലാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്തു. അതിന്റെ പരസ്യപ്രഖ്യാപനമാണ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഭിസംബോധന. കേന്ദ്രത്തിന്റെ ഫലപ്രദമായ ഇടപെടലെന്നാണ് പ്രധാനമന്ത്രി കമീഷന്റെ പ്രവര്‍ത്തിയെ വിലയിരുത്തിയത്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

പ്രധാനകക്ഷിയെന്ന രീതിയിലുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസ് നിര്‍വഹിച്ചില്ലെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി. മതനിരപേക്ഷത സംരക്ഷിക്കാന്‍ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍?ഗ്രസ് തയ്യാറായില്ല.

പലയിടത്തും സൗഹൃദമത്സരമെന്ന് പറഞ്ഞ് ഇടതുപക്ഷം മത്സരിച്ചത് ഉള്‍പ്പെടെയുള്ള നിരവധി സീറ്റുകളില്‍ പോലും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഒരിടത്ത് സി.പി.ഐക്കും കോണ്‍ഗ്രസിനും കൂടി ലഭിച്ച വോട്ടുകള്‍ ജയിച്ച സ്ഥാനാര്‍ഥിയെക്കാള്‍ കൂടുതലായിരുന്നു. ഇത് ബി.ജെ.പിക്ക് അനുകൂലമാക്കിയെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: KC Venugopal was trying to consolidate power in Kerala during the Bihar elections: MV Govindan

We use cookies to give you the best possible experience. Learn more