| Sunday, 5th April 2026, 5:34 pm

അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി; വനിതാ മുഖ്യമന്ത്രിക്കായി കേരളത്തെ തയ്യാറാക്കുകയാണ് ലക്ഷ്യം: കെ.സി വേണുഗോപാല്‍

ആദര്‍ശ് എം.കെ.

കൊച്ചി: സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ എങ്ങനെ കാര്യങ്ങള്‍ ചെയ്യുമെന്ന് കര്‍ണാടകയില്‍ കാണിച്ചിട്ടുണ്ട്. തെലങ്കാനയില്‍ കാണിച്ചിട്ടുണ്ട്, ഹിമാചലില്‍ കാണിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് അധികാരം കിട്ടിയ സ്ഥലങ്ങളിലെല്ലാം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഒരു താമസവും ഉണ്ടായിട്ടില്ല. ഇവിടെ ഒരു സംശയവും വേണ്ട, അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുണ്ടാകും,’ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി പറഞ്ഞ വനിതാ മുഖ്യമന്ത്രി എന്നുണ്ടാകും എന്ന ചോദ്യത്തിന് അതിനായി കേരളത്തെ തയ്യാറാക്കുകയാണ് ലക്ഷ്യമെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി.

‘അതിന് വേണ്ടി കേരളത്തെ തയ്യാറാക്കുകയാണ് നമ്മുടെ ലക്ഷ്യം. ഈ തെരഞ്ഞെടുപ്പിലെ ഞങ്ങളുടെ ഏറ്റവും വലിയ ഫോക്കസ് പോയിന്റ് എന്ന് പറയുന്നത് സ്ത്രീകളുടെ ശാക്തീകരണമാണ്. വെറുതെ പ്രസംഗത്തില്‍ പറയുക മാത്രമല്ല, ഞങ്ങളുടെ സ്‌കീമുകള്‍ എടുത്താല്‍ സ്ത്രീകളുടെ ശാക്തീകരണമാണ് അതിലെല്ലാം.

പൊളിറ്റിക്‌സില്‍ മൂന്നിലൊന്ന് സംവരണം 2029ല്‍ വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വരുമല്ലോ, മൂന്നിലൊന്ന് സ്ത്രീകള്‍ എന്തായാലും വരുമല്ലോ. അതിലൂടെ കേരളത്തില്‍ ഒരുപാട് നേതാക്കള്‍ ഉയര്‍ന്നുവരും എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴും ഉണ്ട്. അപ്പോള്‍ ഏത് സമയത്തും അത് പ്രതീക്ഷിക്കാം,’ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പരസ്യമായി പറഞ്ഞിരുന്നു.

കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍ എന്നിവരില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ പിന്തുണയ്ിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് സുധാകരന്‍ ചെന്നിത്തലയുടെ പേരുപറഞ്ഞത്.

സാധാരണ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. ഈ കീഴ്‌വഴക്കത്തെ മറികടന്നാണ് സുധാകരന്റെ ഈ പ്രതികരണം.

Content Highlight: KC Venugopal says the Chief Minister will be announced within hours if the UDF comes to power.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more