| Monday, 13th July 2026, 12:58 pm

ആര്‍.എസ്.എസ് ഖേദം പ്രകടിപ്പിച്ചെന്ന്, കള്ളന്മാര്‍ ഖേദം പ്രകടിപ്പിച്ചാല്‍ എല്ലാം തീരുമോ: അയോധ്യ കൊള്ളയില്‍ വേണുഗോപാല്‍

റെന്വര്‍ പി

കണ്ണൂര്‍: അയോധ്യ രാമക്ഷേത്ര തട്ടിപ്പില്‍ ആര്‍.എസ്.എസ് നടത്തിയ ഖേദപ്രകടനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. മോഷണം നടത്തിയിട്ട് കള്ളന്‍ ഖേദമുണ്ടെന്ന് പറഞ്ഞാല്‍ എല്ലാം തീരുമോ എന്ന് അദ്ദേഹം ചോദിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അയോധ്യയിലെ ക്ഷേത്രത്തില്‍ വന്‍ കൊള്ളയാണ് നടന്നിട്ടുള്ളത്. സ്വര്‍ണവും പണവും മോഷ്ടിച്ചു. അമ്പലത്തിലെ സ്വര്‍ണവും പണവും മോഷ്ടിച്ച മോഷ്ടാക്കള്‍ തന്നെ തങ്ങള്‍ ഖേദിക്കുന്നു എന്ന് പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമാണോ ഇത്,’ വേണുഗോപാല്‍ ചോദിച്ചു.

ഇത് വിശ്വാസത്തിനെതിരായ കടന്നാക്രമണമല്ലേ? അയോധ്യയുടെ പേരില്‍ ഈ നാട്ടില്‍ പത്ത് നാല്‍പത് വര്‍ഷക്കാലമായിട്ട് അവര്‍ നടത്തുന്ന പ്രചാരണമെന്തായിരുന്നു. ഞങ്ങളെല്ലാം വിശ്വാസികളാണ്. ഈ വിശ്വാസത്തിനെതിരായിട്ടാണ് ആര്‍.എസ്.എസ് കടന്നാക്രമണം നടത്തിയത്.

അയോധ്യയില്‍ മാത്രമല്ല. ബദരീനാഥും കേദാര്‍ നാഥും അടക്കം ഹിന്ദു സമൂഹം വിശ്വസിക്കുന്ന മഹത്തായ ക്ഷേത്രങ്ങളെയെല്ലാം കൊള്ളയടിക്കാനായിട്ട് ബി.ജെ.പിയും സംഘ്പരിവാറും ഉപയോഗിക്കുകയാണ്. അവര്‍ക്ക് വിശ്വാസമെന്നാല്‍ കൊള്ളയടിക്കാനും ജനങ്ങളെ വിഭജിക്കാനും വേണ്ടി മാത്രമാണ്. അല്ലാതെ ദൈവത്തോടുള്ള വിശ്വാസംകൊണ്ടല്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘ആര്‍.എസ്.എസ് ദൈവത്തെ ഉപയോഗിക്കുന്നത് രണ്ട് കാര്യങ്ങള്‍ക്കാണ്. ഒന്നെങ്കില്‍ ക്ഷേത്ര സ്വത്ത് കൊള്ളയടിക്കാന്‍. അല്ലെങ്കില്‍ പാവപ്പെട്ട ജനങ്ങളെ ഹിന്ദുവെന്നും മുസ്‌ലിമെന്നും ക്രിസ്ത്യാനിയെന്നും പറഞ്ഞ് ഭിന്നിപ്പിക്കാന്‍,’ വേണുഗോപാല്‍ പറഞ്ഞു.

ഇത് ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുകയാണ്. ആര്‍.എസ്.എസിന്റെ പ്രസ്താവന കണ്ടിട്ട് എനിക്ക് അത്ഭുതമാണ് തോന്നിയത്. അവര്‍ കര്‍ണാടകയില്‍ വലിയ സമ്മേളനം കൂടിയിട്ട് പറഞ്ഞിരിക്കുന്നത് തങ്ങള്‍ക്ക് ഖേദമുണ്ടെന്നാണ്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് ഇതിലെ പ്രതി. വി.എച്ച്.പിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് അയോധ്യയിലെ പ്രതി. എന്ത് നടപടിയാണ് അതില്‍ എടുക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ട്രസ്റ്റാണ് അയോധ്യയിലേത്. വേറാരും നിയമിച്ച ട്രസ്റ്റല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേല്‍നോട്ടം വഹിച്ച് നിയമിച്ച ട്രസ്റ്റാണത്. ആ ട്രസ്റ്റിലാണ് ഇത്രയും വലിയ കൊള്ള നടന്നത്. പാവപ്പെട്ടവര്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി കാണിക്കയിട്ട പണമാണ് അവര്‍ കട്ട് കൊണ്ടുപോയതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നമാണ് ബി.ജെ.പിയും സംഘപരിവാറും നേതൃത്വം നല്‍കുന്ന അമ്പലക്കൊള്ള. ഇത് വിശ്വാസികളുടെ മനസിനെ വേദജനിപ്പിക്കുന്നതാണ്. ഇതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തും.

വിശ്വാസികളെ സംഘടിപ്പിച്ച് കോണ്‍ഗ്രസ് പോരാട്ടം നടത്തും. സുപ്രീം കോടതി മോണിറ്റര്‍ ചെയ്യുന്ന അന്വേഷണം ഈ വിഷയത്തില്‍ വേണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തില്‍ അയോധ്യ വിഷയത്തില്‍ കേന്ദ്രത്തെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: KC Venugopal’s Response on RSS expresses grief over the Ayodhya donation theft.

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more