| Saturday, 2nd August 2025, 6:54 am

സ്വന്തം രാജ്യത്തെ സര്‍ക്കാരില്‍ നിന്ന് കേരളം നേരിട്ട അപമാനം ഒരിക്കലും മറക്കില്ല: കെ. സി. വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരള സ്റ്റോറി എന്ന ചിത്രം ചവറ്റുകൊട്ടയില്‍ ഇടാന്‍ അര്‍ഹതയുള്ളതാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. കേരള സ്റ്റോറി ചീഞ്ഞ അജണ്ടയാണ് മുന്നോട്ട് വെക്കുന്നതെന്നും തന്റെ മനോഹരമായ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രമാണ് അതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെ.സി. വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്.

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ദി കേരള സ്റ്റോറി എന്ന വിദ്വേഷ ചിത്രത്തിന്റെ സംവിധായകന്‍ സുധീപ് തോസനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തിരുന്നു. ഈ വിഷയത്തിലാണ് കെ. സി. വേണുഗോപാലിന്റെ പ്രതികരണം. ഇന്നലെയായിരുന്നു പുരസ്‌ക്കാര പ്രഖ്യാപനം.

ബി.ജെ.പി സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ നിന്ന് വിദ്വേഷം എങ്ങനെ സ്‌പോണ്‍സര്‍ ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ദേശീയ അവാര്‍ഡ് ലഭിച്ച ഈ സിനിമയെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം രാജ്യത്തെ സര്‍ക്കാരില്‍ നിന്ന് കേരളം നേരിട്ട ഈ അപമാനം ഒരിക്കലും മറക്കില്ല. കേരളത്തിലെ സ്‌നേഹവും സ്വാഗതാര്‍ഹവും സഹോദരതുല്യവുമായ ജനങ്ങള്‍ ബി.ജെ.പിയെ കഠിനമായി ശിക്ഷിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പിക്ക് വരും തലമുറകളുടെ ഇടയില്‍ പോലും ഒരു സ്വീകാര്യതയും ലഭിക്കുമെന്ന് അവര്‍ സ്വപ്നം പോലും കാണണ്ട എന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റോറിയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരും രംഗത്ത് വന്നിരുന്നു. കേരള സ്റ്റോറിയ്ക്ക് പുരസ്‌കാരം നല്‍കിയതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ നീക്കമാണ് ദേശീയ പുരസ്‌കാരത്തിലൂടെ നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലൂടെയും ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വിദ്വേഷ ക്യാമ്പയിനാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. ദി കേരള സ്റ്റോറിക്ക് മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് ദേശീയ പുരസ്‌കാരം നല്‍കിയതെന്നും പുരസ്‌കാരം നല്‍കിയ തീരുമാനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന സംഘപരിവാറും ബി.ജെ.പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെയും രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Content Highlight: KC Venugopal Reacts On The Kerala Story Movie National Award

We use cookies to give you the best possible experience. Learn more