| Monday, 22nd December 2025, 5:06 pm

കെ.സി നല്ല പത്തരമാറ്റ് കോണ്‍ഗ്രസ്! പോക്കറ്റിലെ ഡബിള്‍ മൈക്കും ചുറ്റുമുള്ള മാധ്യമ ക്യാമറകളും കാര്യമാക്കണ്ട!

ആര്യ. പി

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം മണ്ണിലിരുന്ന് വാഴയിലയില്‍ കപ്പയും കാന്താരിയും ചമ്മന്തിയും കഴിക്കുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ കഴിഞ്ഞ ദിവസമായിരുന്നു തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കെ.സിയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ ഇതിന് പിന്നാലെ വന്നു.

തന്റെ വെളുത്ത വസ്ത്രങ്ങളില്‍ അഴുക്കാകുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് അയാള്‍ ആ മണ്ണിലിരിക്കുന്നതെന്നും അയാള്‍ക്ക് മാത്രമായിട്ടൊരു പ്‌ളേറ്റ് അവര്‍ കൊണ്ട് വന്നതാണെന്നും വേണ്ടെന്നു പറഞ്ഞ ആ മനസ് കാണാതെ പോകരുതെന്നുമാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത്.

ആ വാഴയിലയില്‍ പോലും അയാള്‍ക്ക് ഒറ്റക്ക് കഴിക്കാമായിരുന്നു, പകരം അവിടെയുള്ള തൊഴിലാളി സ്ത്രീകളോടൊപ്പം ഒരേ വാഴയിലയില്‍ നിന്നും പങ്കിട്ട് കഴിക്കാനാണദ്ദേഹം ഇഷ്ടപ്പെടുന്നതെന്നും സുനാമി വന്നാലും കസേരയില്‍ നിന്നെഴുന്നേല്‍ക്കാത്ത പിണറായി വിജയനും K. S. F. E യുടെ ഫുള്‍ ഫോം ചോദിച്ചാലും കെന്റക്കി ഫ്രൈഡ് ചിക്കന്‍ എന്ന് പറയുന്ന അണികള്‍ക്കും കണ്ടു പഠിക്കാവുന്നതാണ് കെ.സി.യുടെ ലാളിത്യമെന്നുമാണ് സംഗീത് ശേഖര്‍ ഫേസ്ബുക്കിലെഴുതിയത്.

കെ.സി വേണുഗോപാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം Photo: K.C Venugopal/Facebook

ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തും, കീറിയ ഖദര്‍ ഷര്‍ട് തുന്നിയിട്ടും, ട്രെയിനില്‍ കിടന്നുറങ്ങിയും
എളിമ കാണിക്കുക, ചെരുപ്പില്ലാതെ നടന്നും, വഴിയില്‍ കാണുന്നവരോട് തോളില്‍ കയ്യിട്ട് സംസാരിച്ചും, പിള്ളേരുടെ മൂക്ക് ചീറ്റിയും ലാളിത്യം കാണിക്കുക, മുകൂവന്മാരുടെ കൂടെ കടലില്‍ ചാടിയും, കര്‍ഷകരുടെ കൂടെ ചെളിയില്‍ ഇറങ്ങി നിന്നും, യാത്രക്കിടയില്‍ വഴിയരുകിലെ ചായക്കടയില്‍ നിന്നും പഴം പൊരിയും ചായയും കഴിച്ചും വിനയം കാണിക്കുക, തുടങ്ങി കോണ്‍ഗ്രസ്സ് ഉണ്ടായ കാലം മുതലേയുള്ള കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചു നടക്കാന്‍ കെ.സി കമ്യൂണിസ്റ്റോ ബി.ജെ.പിയോ, ട്വന്റി -20 യൊ ഒന്നുമല്ല കെ.സി കോണ്‍ഗ്രസ്സ് ആണ്..നല്ല പത്തരമാറ്റ് കോണ്‍ഗ്രസ്സ്.. എന്നായിരുന്നു സനല്‍കുമാര്‍ പദ്മനാഭന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

ഇതില്‍ ഏതാണ് ട്രോള്‍ ഏതാണ് പിന്തുണയെന്നറിയാതെ കുഴങ്ങുകയാണ് അണികള്‍.

അതിനിടെ ട്രെയിനില്‍ വെച്ച് സഹയാത്രിയക്ക് പൊതിച്ചോര്‍ പങ്കുവെച്ച വി.ഡി സതീശന് കെ.സിയുടെ വക ചെക്ക്! എന്ന് പറയുന്ന ചില കമന്റുകളും കാണാം.

ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഡബിള്‍ മൈക്ക്, ചുറ്റും മാധ്യമ ക്യാമറകള്‍, തൂവെള്ള ഖദര്‍.. ഇനി പറ ഇതിന് ഷോ എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകുമെന്നുള്ള കമന്റുകളുമുണ്ട്.

ഇതൊക്കെ കണ്ട് സതീശനും ചെന്നിത്തലയ്ക്കും ഹൃദയമിടിപ്പ് കൂടുന്നുണ്ടോ എന്ന് ചോദിക്കുന്നവരും കുറവല്ല.

ഒരാള്‍ ട്രെയിനില്‍ സഹയാത്രികക്ക് പൊതിച്ചോര്‍ കൊടുത്തത് വൈറല്‍ ആയപ്പോള്‍ മറ്റൊരാള്‍ തൊഴിലുറപ്പ് കാരുടെ കൂടെ ഇലയിലുണ്ട് ചെക്ക്! എന്തായാലും ചോറാണ് ( വിശപ്പ് ) ആണ് മുഖ്യം ? അടുത്തത് ആരായിരിക്കും? എവിടെയിരിക്കും, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അത്താഴപ്പഷ്ണിക്കാരുണ്ടോ എന്ന ആശങ്കയില്‍ ഒരു പൊതി ചോറ് അധികമായി കൊണ്ടുനടക്കുന്ന നേതാവുമുണ്ടെന്നായിരുന്നു വി.ഡിക്കെതിരായ ചിലരുടെ ഒളിയമ്പ്. ‘ഇഷ്ടപ്പെട്ടു എടുക്കുന്നു..കട്ടള ഗോപാലന്‍’ തുടങ്ങിയ കമന്റുകളും സജീവമാണ്.

Content Highlight: KC Venugopal Lunch with Thozhilurapp workers videos goes viral

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more