കോഴിക്കോട്: ആര്‍.എസ്.എസ് മുഖവാരിക കേസരിയുടെ ക്രൈസ്തവ സമൂഹത്തിനെതിരെയായ വിദ്വേഷ ലേഖനത്തിനെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാന്‍ കഴിയില്ലെന്നത് നമ്മള്‍ മനസിലാക്കണമെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ കേറിനടക്കുന്ന ബി.ജെ.പിയുടേത് ആര്‍.എസ്.എസിന്റെ ഈ നിലപാട് തന്നെയാണോയെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.സി. വിമര്‍ശനം ഉന്നയിച്ചത്.
‘ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കേസരിയിലെ ലേഖനം ക്രൈസ്തവ വിരുദ്ധ വിദ്വേഷമാണെന്ന് അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തനമെന്ന ഉണ്ടയില്ലാ വെടി കൊണ്ട് നാട്ടില്‍ ഒരിക്കല്‍ക്കൂടി വെറുപ്പ് പടര്‍ത്താമെന്നും ക്രൈസ്തവരെ ഈ നാടിന്റെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ കഴിയുമെന്നുമുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഛത്തീസ്ഗഡില്‍ അന്യായമായി തടങ്കലിലാക്കപ്പെട്ട കന്യാസ്ത്രീകള്‍ മോചിതരായപ്പോള്‍ അവര്‍ക്കൊപ്പം പോയിനിന്ന് ഫോട്ടോയെടുത്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവരുടെ മുഖത്ത് തേച്ച ചായമാണിവിടെ മഴയത്തൊലിച്ച് പോയിരിക്കുന്നത്. ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വിഷം തുപ്പി ശീലിച്ച ആര്‍.എസ്.എസ്, ചുടല വരെ ആ ശീലം തുടരുമെന്ന് പ്രഖ്യാപിക്കുക കൂടിയാണിവിടെ,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.
അന്ധമായ ന്യൂനപക്ഷ വിരോധം പേറുന്ന സംഘപരിവാര്‍ സംഘടനകളോട് നാട് ജാഗ്രത പുലര്‍ത്തേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഗനൈസറും കേസരിയുമൊക്കെ അച്ചടിക്കുന്നത് തന്നെ വെറുപ്പിന്റെ കടലാസ് കഷ്ണങ്ങളിലാണെന്ന് ജനം തിരിച്ചറിയുന്നുണ്ട് എന്നതുറപ്പാണ് എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
കേസരിയുടെ ഏറ്റവും പുതുതായി പുറത്തിറങ്ങിയ പതിപ്പിലാണ് ക്രൈസ്തവ സമൂഹത്തെയൊട്ടാകെ അടച്ചാക്ഷേപിച്ചുകൊണ്ടുള്ള ലേഖനമുള്ളത്. ഈ ലേഖനത്തില്‍ കൈസ്തവ സമൂഹത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
മത നേതൃത്വത്തെയും മത നേതാക്കന്മാരെയും രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച ലേഖനം സായുധ വിപ്ലവത്തിനായി സാധാരണക്കാരെ മിഷണറിമാര്‍ നയിക്കുന്നുവെന്നും ആരോപിക്കുന്നുണ്ട്. ഇതിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
മാവോയിസ്റ്റ് കലാപങ്ങള്‍ക്കും കാരണം ക്രിസ്ത്യന്‍ മിഷണറിമാരാണെന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും ക്രൈസ്തവര്‍ കടന്നുചെന്ന് അവിടങ്ങളിലെ സംസ്‌കൃതി ഇല്ലാതാക്കിയെന്നും മുഖവാരിക ആരോപിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഇന്ത്യയില്‍ വലിയ രീതിയില്‍ ഇവര്‍ മതം മാറ്റം നടത്തിയെന്ന് തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ലേഖനത്തിലുള്ളത്.
Content Highlight: KC Venugopal criticizes Kesari Weekly of RSS for article against Christian Community