| Friday, 24th July 2015, 3:57 pm

ജഡ്ജി ചായത്തൊട്ടിയില്‍ വീണ കുറുക്കനാണെന്ന് കെ.സി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അറ്റോര്‍ണി ജനറലിനെതിരെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്ന ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശത്തിനെതിരെ കെ.സി ജോസഫ്. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പരാമര്‍ശം അജ്ഞതയുടെ തെളിവാണെന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെടാത്ത ഒരു കേസില്‍ അദ്ദേഹത്തെ വലിച്ചഴച്ചുകൊണ്ടുവന്ന് കമന്റ് പറയാന്‍ അലക്‌സാണ്ടര്‍ തോമസിന് എന്ത് അവകാശം എന്നും കെ.സി ജോസഫ് ചോദിക്കുന്നു.

കമന്റ് പറഞ്ഞവരുടെ പൂര്‍വ്വകാല ചരിത്രം നോക്കിയാല്‍ അവര്‍ പറയുന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. ചായത്തൊട്ടിയില്‍ വീണ് രാജായ കുറുക്കന്‍ അറിയാതെ ഓരിയിട്ടുപോയാല്‍ കുറ്റപ്പെടുക്കാന്‍ കഴിയുമോ? കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ആരുടേയും അനുമതി ആവശ്യമില്ല. മുകുള്‍ റോഹ്ത്തഗി ഇന്ത്യയുടെ അറ്റോര്‍ണി ജനറലാണ്. ഇന്ത്യ എന്ന് പറഞ്ഞാല്‍ കേന്ദ്രവും സംസ്ഥാനവും ഉള്‍പ്പെട്ടതാണെന്ന് ഹൈക്കോടതി ജഡ്ജിക്ക് അറിയാത്ത കാര്യമാണോ എന്നും കെ.സി ജോസഫ് ചോദിക്കുന്നു.

മുഖ്യമന്ത്രിക്കും സംസ്ഥാന അഡ്വക്കറ്റ് ജനറലിനുമെതിരെയായിരുന്നു ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം എ.ജിയുടെ ഓഫീസ് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. കോടതിയുടെ ഉത്തരവുകള്‍ പലതും നടപ്പിലാക്കുന്നതില്‍ ഓഫീസ് വീഴ്ച വരുത്തുന്നു. 120 അഭിഭാഷകര്‍ ഉണ്ടായിട്ടും സര്‍ക്കാരിന്റെ കേസുകള്‍ കൃത്യമായി നടക്കുന്നില്ല. എന്നാല്‍ സോളാര്‍ കേസില്‍ കൃത്യമായി അഭിഭാഷകര്‍ ഹാജരാകുന്നുണ്ടെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു.

കോടതി ആവശ്യപ്പെടുന്ന വിവരങ്ങള്‍ പോലും ഓഫീസ് കൃത്യമായി നല്‍കുന്നില്ല. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് തമിഴ്‌നാട് എ.ജി ഓഫീസിനെ മാതൃകയാക്കണം അല്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.

തുടര്‍ന്ന് ഹൈക്കോടതിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടിയും രംഗത്തുവരികയുണ്ടായി. അഡ്വക്കറ്റ് ജനറലിനെ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണ്. എ.ജിയുടെ ഓഫിസ് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്. ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിക്കെതിരായ നിലപാട് ജനങ്ങള്‍ക്ക് വേണ്ടിയാണ്. ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനായാണ് മദ്യനയം സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിനെതിരെ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഹാജരായത് ശരിയല്ല. ഈ വിഷയത്തിലുള്ള എതിര്‍പ്പ് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

We use cookies to give you the best possible experience. Learn more