| Saturday, 28th February 2026, 7:29 am

ഒരു ട്വിസ്റ്റ് അല്ലേ പുറത്തുവന്നത്; വൈറലായി ദൃശ്യം 4 നെക്കുറിച്ചുളള ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍

അശ്വിന്‍ രാജേന്ദ്രന്‍

ട്വിസ്റ്റ് കൊണ്ട് മാത്രം ഒരു പടത്തെ എങ്ങനെ ലോകോത്തര നിലവാരത്തിലെത്തിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ദൃശ്യം ഫ്രാഞ്ചൈസിലെ സിനിമകള്‍. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ആദ്യഭാഗവും 2021 ല്‍ പുറത്തിറങ്ങിയ ദൃശ്യം 2വും പകരം വെക്കാനില്ലാത്ത ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. ഇതേ ആവേശത്തോടെയാണ് ഏപ്രില്‍ 2 ന് പുറത്തിറങ്ങാനിരിക്കുന്ന ദൃശ്യം 3യും ആരാധകര്‍ കാത്തിരിക്കുന്നത്.

ജോര്ജജ് കുട്ടിയും കുടുംബവും. Photo: The Indian Express

സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോര്‍ജ് കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിച്ചു എന്നറിയാനാണ് ഒരോ പ്രേക്ഷകനും റിലീസിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ദൃശ്യത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫിലിപ് മാത്യൂവായി വേഷമിട്ട നടന്‍ കെ.ബി ഗണേഷ് കുമാര്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കൂടിയായ ഗണേഷ്‌കുമാര്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ദൃശ്യത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.

ജോര്‍ജ് കുട്ടിയെ പിടിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് അത് ജീത്തു ജോസഫിന് മാത്രം അറിയാവുന്ന കാര്യമാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. എന്നാല്‍ ജോര്‍ജ് കുട്ടിയെ പിടിച്ചാല്‍ ദൃശ്യം 4 ഉണ്ടാകുമോ എന്ന് അദ്ദേഹം ചോദിക്കുന്നതാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ജോര്‍ജ് കുട്ടി പൊലീസുകാരുടെ പിടിയിലായാല്‍ അടുത്ത ഭാഗം ഉണ്ടാകില്ലെന്നും, ദൃശ്യം 4 ഉണ്ടെന്നുമായിരുന്നു ഗണേഷ്‌കുമാര്‍ നല്‍കുന്ന മറുപടി.

ഇതിന്റെ കാര്യങ്ങളൊന്നും അദ്ദേഹം നമ്മുടെ അടുത്ത് പറയില്ലെന്നും അഭിനയിക്കാന്‍ പോകുമ്പോള്‍ നമ്മള്‍ അഭിനയിക്കേണ്ട ഭാഗം മാത്രമേ പറഞ്ഞുതരികയുളളൂവെന്നും താരം പറയുന്നു. നമ്മള്‍ അഭിനയിക്കുന്ന സീനിന്റെ മുമ്പും ശേഷവും ഒന്നും മനസ്സിലാവില്ല അഭിനയിക്കേണ്ട സീന്‍ പറഞ്ഞു തരും അതങ്ങ് അഭിനയിക്കുക, ഡബ്ബ് ചെയ്യാന്‍ പോകുമ്പോള്‍ ആ സീന്‍ മാത്രമേ നമ്മളെ കാണിക്കുള്ളൂവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

ദൃശ്യം. Photo: Wikipedia

നേരത്തേ ഒരു അഭിമുഖത്തില്‍ ദൃശ്യം 3 മറ്റ് രണ്ട് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും ചിത്രത്തിന് സ്വാഭാവികമായ ഒരു അന്ത്യമുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞ വാക്കുകള്‍ ജോര്‍ജ് കുട്ടി പിടിയിലാവുമെന്നതിന്റെ സൂചനയാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഗണേഷ് കുമാറിന്റെ പുതിയ വെളിപ്പെടുത്തലോടെ ഏത് വിധത്തിലാണ് ഇത്തവണ പൊലീസില്‍ നിന്നും ജോര്‍ജ് കുട്ടി രക്ഷപ്പെടാന്‍ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

Content Highlight: KB Ganesh kumar talks about Drishyam 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more