| Saturday, 10th January 2026, 7:45 am

ഫുട്‌ബോള്‍ ഉള്ള കാലത്തോളം തകരാത്ത റെക്കോഡ്; 59 വയസിന്റെയല്ല, ഇത് അഞ്ച് പതിറ്റാണ്ടുകളുടെ നേട്ടം

ആദര്‍ശ് എം.കെ.

കായിക ലോകത്ത് റെക്കോഡുകള്‍ സൃഷ്ടിക്കെപ്പടുന്നത് തകര്‍ക്കാന്‍ വേണ്ടി തന്നെയാണ്. ഇതിഹാസങ്ങള്‍ സൃഷ്ടിച്ച, ഒരിക്കലും തകര്‍ക്കപ്പെടില്ലെന്ന് കരുതിയ നിരവധി റെക്കോഡുകള്‍ അവരുടെ പിന്‍ഗാമികള്‍ തകര്‍ക്കുകയും തിരുത്തിക്കുറിക്കുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റിലും ഫുട്‌ബോളിലുമടക്കം നിരവധി റെക്കോഡുകള്‍ ഇപ്പോള്‍ ചോപ്പിങ് ബോര്‍ഡിലുമാണ്.

എന്നാല്‍ കിങ് കസുവെന്ന് ആരാധകര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന ജാപ്പനീസ് ലെജന്‍ഡ് കസുയോഷി മിയൂറ പടുത്തുയര്‍ത്തിയ ഒരു റെക്കോഡ് തകര്‍ക്കുകയെന്നത് എളുപ്പമല്ല, മറ്റൊരര്‍ത്ഥത്തില്‍ അസാധ്യമെന്ന് തന്നെ പറയാം.

കസുയോഷി മിയൂറ

അഞ്ച് വിവിധ പതിറ്റാണ്ടുകളില്‍ സ്‌കോര്‍ ചെയ്യുന്ന ചരിത്രത്തിലെ ഏക താരമെന്ന നേട്ടമാണ് കസു സ്വന്തമാക്കിയത്. ഇതിഹാസ താരം ലയണല്‍ മെസി ജനിക്കുന്നതിന് മുമ്പ് തന്നെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച താരം ഇപ്പോള്‍ കാല്‍പ്പന്തില്‍ 41 വയസ് പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്.

1986ലാണ് താരം പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. എണ്‍പതുകള്‍ മുതല്‍ തുടങ്ങിവെച്ച ഗോളടി തൊണ്ണൂറുകളിലും 21ാം നൂറ്റാണ്ടിന്റെ ഒന്ന്, രണ്ട്, മൂന്ന് പതിറ്റാണ്ടുകളിലും താരം തുടരുകയാണ്. (1980s, 1990s, 2000s, 2010s, 2020s)

ഈ ഫെബ്രുവരിയില്‍ 59ാം വയസിലേക്ക് കാലെടുത്തുവെക്കുന്ന താരം പ്രൊഫഷണല്‍ കരിയറിലെ 41ാം വര്‍ഷത്തിലേക്ക് കൂടിയാണ് കടക്കുന്നത്.

കസുയോഷി മിയൂറ

ബ്രസീല്‍ ക്ലബ്ബ് സാന്റോസിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. ഈ സമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു വയസ് മാത്രമാണ് പ്രായം. മെസിയടക്കമുള്ളവര്‍ ജനിച്ചിട്ടുമില്ല. അന്ന് ബ്രസീലിയന്‍ മണ്ണില്‍ പന്ത് തട്ടി തുടങ്ങിയ ഫുട്ബോള്‍ യാത്ര കസു ഇന്നും തുടരുകയാണ്.

കരിയറിന്റെ തുടക്ക കാലത്ത് താരം ബ്രസീലില്‍ തന്നെയായിരുന്നു പന്ത് തട്ടിയത്. പാല്‍മീറസ്, മത്സുബാര, സി.ആര്‍.ബി, എക്സ്.വി ഡെ ജാവോ, കോറിടിബ ക്ലബ്ബുകളില്‍ കളിച്ച കസു ഒടുവില്‍ 1990ല്‍ സാന്റോസിലേക്ക് മടങ്ങിയെത്തി.

ശേഷം എട്ട് വര്‍ഷക്കാലം ജാപ്പനീസ് സൂപ്പര്‍ ടീമായ ടോക്കിയോ വെര്‍ഡി കവാസാക്കിയായിരുന്നു തട്ടകം. ഇതിനിടെ ഇറ്റാലിയന്‍ സൂപ്പര്‍ ടീം ജെനോവയില്‍ ലോണ്‍ അടിസ്ഥാനത്തിലും പന്ത് തട്ടി. ഇതോടെ ഇറ്റാലിയന്‍ സീരി എ കളിക്കുന്ന ആദ്യ ജാപ്പനീസ് താരമായും കിങ് കസു ചരിത്രമെഴുതി.

99ല്‍ ഡൈനാമോ സാഗ്രെബില്‍ കുറച്ച് നാളുകളുണ്ടായിരുന്ന താരം അതേ വര്‍ഷം ക്യോട്ടോ പര്‍പ്പിള്‍ സാംഗയിലൂടെ ജപ്പാന്റെ മണ്ണിലേക്ക് മടങ്ങിയെത്തി.

കസുയോഷി മിയൂറ

തുടര്‍ന്ന് വിസല്‍ കോബെ, യോക്കോഹാമ എഫ്.സി, സിഡ്നി എഫ്.സി (ലോണ്‍), സുസൂക്ക പോയിന്റ് ഗെറ്റേഴ്സ് (ലോണ്‍), ഡെസ്പോര്‍ട്ടീവ ഒലിവെയ്റന്‍സ് (ലോണ്‍), അത്‌ലറ്റിക്കോ സുസൂക്ക എന്നിവര്‍ക്കായും ബൂട്ടുകെട്ടി.

നീണ്ട 20 വര്‍ഷക്കാലം യോക്കഹാമ എഫ്.സിയുടെ ഭാഗമായ താരം ദേശീയ ടീമിനായി കളത്തിലിറങ്ങിയ 89 മത്സരത്തില്‍ നിന്ന് 55 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

ദേശീയ ടീമിനൊപ്പം

പുതിയ സീസണില്‍ ഫുക്കുഷിമ യുണൈറ്റഡിനായാണ് താരം ബൂട്ട് കെട്ടുക. ജെ ലീഗിലെ തേര്‍ഡ് ഡിവിഷന്‍ ടീമാണ് ഫുക്കുഷിമ യുണൈറ്റഡ്. യോക്കോഹാമ എഫ്.സിയില്‍ നിന്നും ലോണിലാണ് മിയൂറ ഫുക്കുഷിമയ്‌ക്കൊപ്പം ചേരുന്നത്.

Content Highlight: Kazuyoshi Miura becomes the first player to score in five different decades

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more