മലയാളത്തിലൂടെ അരങ്ങേറി, ഇന്ന് സൗത്ത് ഇന്ത്യയിലെ മുന്‍നിര താരമായി മാറിയ നടിയാണ് കയദു ലോഹര്‍. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലൂടെയാണ് കയദു സിനിമാകരിയര്‍ ആരംഭിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലും മികച്ച സിനിമകള്‍ ചെയ്തുകൊണ്ട് മുന്‍നിരയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിക്കഴിഞ്ഞു.
ടൊവിനോ പ്രധാന വേഷത്തിലെത്തിയ പള്ളിച്ചട്ടമ്പിയായിരുന്നു താരത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. പള്ളിച്ചട്ടമ്പിയിലെ ‘കാട്ടുചെമ്പകം’ എന്ന ഗാനം വലിയ ട്രെന്‍ഡായി മാറിയിരുന്നു. അഥര്‍വ നായകനാകുന്ന ഇദയം മുരളിയാണ് കയദുവിന്റെ ഏറ്റവും പുതിയ ചിത്രം. ബ്ലാസ്റ്റിലൂടെ ഞെട്ടിച്ച പ്രീതി മുകുന്ദനും ഇദയം മുരളിയിലെ നായികമാരില്‍ ഒരാളാണ്.
കയദു ലോഹര്‍ Photo: Screen grab/ Galatta TV
ചിത്രത്തിന്റെ പ്രൊമോഷനിടെ കയദു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചെറുപ്പത്തില്‍ മറക്കാനാകാത്ത എന്തെങ്കിലും അനുഭവമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരുപാട് സംഭവങ്ങളുണ്ടെന്നായിരുന്നു കയദുവിന്റെ മറുപടി. പെണ്‍കുട്ടിയായതിന്റെ പേരില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം പറഞ്ഞു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു താരം.
‘പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു സംഭവം നടന്നിട്ടുണ്ടായിരുന്നു. ആ സമയത്ത് ട്യൂഷന് പോകുമ്പോള്‍ ഒരുത്തന്‍ എന്നെ പിന്നാലെ നടന്ന് ശല്യം ചെയ്യുമായിരുന്നു. ഈവ് ടീസിങ് എന്ന വാക്ക് പോലും അപ്പോള്‍ എനിക്ക് അറിയില്ലായിരുന്നു. ആദ്യത്തെ രണ്ട് ദിവസവും അവനെ മൈന്‍ഡ് ചെയ്യാതെ പോകാന്‍ ശ്രമിച്ചു.
കയദു ലോഹര്‍ Photo: Screen grab/ Galatta Tamil
മൂന്നാമത്തെ ദിവസം ശല്യം സഹിക്കാന്‍ പറ്റാതായപ്പോള്‍ കൈയില്‍ കിട്ടിയ ഒരു കല്ലെടുത്ത് അവന്റെ തലക്കിട്ട് എറിഞ്ഞു. തല പൊട്ടി ചോര വരുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ തന്നെ ഞാന്‍ അവിടുന്ന് ഓടി. പിന്നീട് അവന്റെ ശല്യമുണ്ടായിട്ടില്ല. എന്നെപ്പോലെ എല്ലാവരും കല്ലെറിയാന്‍ പറയുന്നില്ല. പക്ഷേ, ഇത്തരം ആളുകള്‍ക്കെതിരെ പ്രതികരിക്കണം. വേറെയാരും നിങ്ങള്‍ക്ക് വേണ്ടി വരാന്‍ പോകുന്നില്ല,’ കയേദു ലോഹര്‍ പറയുന്നു.
നവാഗതനായ ആകാശ് ഭാസ്‌കരനാണ് ഇദയം മുരളി അണിയിച്ചൊരുക്കുന്നത്. ഫീല്‍ ഗുഡ്- റൊമാന്‍സ് ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലും ഇദയം മുരളിയുടെ ഭാഗമാണ്. എക്സ്റ്റന്‍ഡ് കാമിയോയാണ് ഫഹദ് ഈ ചിത്രത്തില്‍ വേഷമിടുന്നത്.
Content Highlight: Kayadu Lohar shares her childhood incident
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ