| Tuesday, 18th November 2025, 6:04 pm

ഉറങ്ങുമ്പോള്‍ പോലും എന്നെക്കുറിച്ചുള്ള വിവാദമാണ് മനസില്‍, അതില്‍ നിന്ന് പുറത്തുവരാന്‍ പ്രയാസപ്പെടുകയാണ്: കയേദു ലോഹര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യയൊട്ടാകെ സെന്‍സേഷനായി മാറിയ നടിയാണ് കയേദു ലോഹര്‍. മലയാളത്തിലും തമിഴിലും തെലുങ്കിലും കയേദു ഭാഗമായ സിനിമകളെല്ലാം വന്‍ വിജയമായിരുന്നു. എന്നാല്‍ അടുത്തിടെ താരത്തെക്കുറിച്ച് ചില വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തമിഴ്‌നാട്ടിലെ പാര്‍ടടികളില്‍ പങ്കെടുക്കാന്‍ ഒരു രാത്രിക്ക് 35 ലക്ഷം രൂപ വരെ കയേദു ആവശ്യപ്പെടുന്നുണ്ടെന്നായിരുന്നു വിവാദം. അത്തരം വാര്‍ത്തകളോട് പ്രതികരിക്കുകയാണ് കയേദു ലോഹര്‍.

താന്‍ മനസാവാചാ അറിയാത്ത കാര്യമാണ് പലരും തന്നെക്കുറിച്ച് പറഞ്ഞു പരത്തുന്നതെന്ന് കയേദു പറഞ്ഞു. വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് ഈ വിവാദമെന്നും കുറേ കാലമായി താന്‍ ഇതിന്റെ പേരില്‍ ബുദ്ധിമുട്ടുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കയേദു ലോഹര്‍.

‘എന്നെക്കുറിച്ചുള്ള വിവാദത്തെപ്പറ്റി സംസാരിച്ചേ പറ്റൂ. കുറേ കാലമായി ഞാന്‍ ഇതിന്റെ പേരില്‍ ബുദ്ധിമുട്ടുന്നു. സത്യം പറഞ്ഞാല്‍, സിനിമയുടെ യാതൊരു ബാക്ക്ഗ്രൗണ്ടുമില്ലാത്ത സ്ഥലത്ത് നിന്നാണ് ഞാന്‍ വരുന്നത്. അതിനാല്‍ തന്നെ എല്ലാ കാര്യങ്ങളും എനിക്ക് പുതിയതാണ്. ആളുകള്‍ എന്നെക്കുറിച്ച് പറയുന്ന കാര്യങ്ങളെല്ലാം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്.

ഉറങ്ങാന്‍ പോകുമ്പോഴും എന്റെ മനസില്‍ വരുന്നത് ‘ആളുകള്‍ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെയാണല്ലോ ചിന്തിക്കുന്നത്’ എന്നാണ്. ആളുകളോട് നല്ല രീതിയില്‍ പെരുമാറുക എന്ന തെറ്റ് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. എന്റെ സ്വപ്നത്തെ പിന്തുടരുക മാത്രമാണ് ചെയ്തത്. അല്ലാതെ എന്ത് തെറ്റാണ് ചെയ്തിട്ടുള്ളതെന്ന് ചിന്തിക്കാറുണ്ട്,’ കയേദു പറയുന്നു.

തന്നെക്കുറിച്ച് മോശമായിട്ടുള്ള കമന്റുകളും പോസ്റ്റുകളും കാണുമ്പോള്‍ അതിനെയെല്ലാം ഡീല്‍ ചെയ്യുന്നത് എളുപ്പമല്ലെന്ന് തോന്നാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്നെ മാത്രം എന്തിനാണ് എല്ലാവരും ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് ചിന്തിക്കാറുണ്ടെന്നും കയേദു പറഞ്ഞു. ഇതെല്ലാം ജോലിയുടെ ഭാഗമായി കരുതാന്‍ ശ്രമിക്കാറുണ്ടെന്നും എന്നാല്‍ അത് എളുപ്പമല്ലെന്നും താരം പറയുന്നു.

‘ഇപ്പോള്‍ ഞാന്‍ കടന്നുപോകുന്ന അവസ്ഥയില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, അത് അത്ര എളുപ്പമല്ല. തിരിച്ചടികളെല്ലാം നേരിടാന്‍ തയാറെടുത്തുകൊണ്ട് തന്നെയാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വിഷയം എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഏറ്റവും മോശം അവസ്ഥയായാണ് ഞാന്‍ ഇതിനെ കാണുന്നത്’ കയേദു പറഞ്ഞു.

Content Highlight: Kayadu Lohar saying the controversies about her hitting so hard

We use cookies to give you the best possible experience. Learn more