[]വയനാട്: മെഡിക്കല്‍ പ്രവേശന തട്ടിപ്പ് കേസിലെ പ്രതി കവിത പിള്ള അസ്റ്റില്‍. വയനാട്ടിലെ തിരുനെല്ലിയില്‍ വെച്ചാണ് കവിതയെ അറസ്റ്റ് ചെയ്തത്. കവിതയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേസ്സിലെ അഞ്ചാം പ്രതി ആലുവ കടുങ്ങല്ലൂര്‍ സ്വദേശി ശിവരാമകൃഷ്ണനെ (ശിവറാം 33) എറണാകുളം സെന്‍ട്രല്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ കവിത പിള്ള സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. ഇതിന് ശേഷമാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കേസ്സില്‍ ആകെ അഞ്ച് പ്രതികളാണ് ഉള്ളത്. എറണാകുളം കാരിക്കാമുറി ക്രോസ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.ജി.കെ ഗ്രൂപ്പ് എന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.
പുഷ്ഗിരി, അമൃത, അമല, കിംസ് മെഡിക്കല്‍ കോളേജുകളിലാണ് സീറ്റ് വാഗ്ദാനം ചെയ്തത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ആദ്യഗഡുവായി 15 മുതല്‍ 20 ലക്ഷം രൂപ വരെ കവിത വാങ്ങിയിട്ടുണ്ട്.
പിന്നീട് കോളേജില്‍ നിന്നാണെന്ന് പറഞ്ഞ് ശിവറാം വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും ബന്ധപ്പെട്ട് സീറ്റ് ശരിയായെന്നും ബാക്കി തുക ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.
പുഷ്പഗിരി കോളേജിലും അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും അഡ്മിഷന്‍ വിഭാഗത്തില്‍ മേല്‍നോട്ടം വഹിക്കുന്നയാളെന്ന വ്യാജേന ശിവരാമകൃഷ്ണന്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
അലക്‌സ് എന്ന പേരിലാണ് പുഷ്പഗിരി കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. തിരുവല്ല സ്വദേശിയില്‍ നിന്ന് 65 ലക്ഷം രൂപയാണ് വാങ്ങിയത്.
തിരുവനന്തപുരം സ്വദേശിക്ക് അമൃതയില്‍ സീറ്റ് വാഗ്ദാനം ചെയ്ത് 27 ലക്ഷം രൂപ കൈപ്പറ്റിയതായും പോലീസ് പറഞ്ഞു. സുരേഷ് സ്വാമി എന്ന വ്യാജപേരുപയോഗിച്ചായിരുന്നു തട്ടിപ്പ്.
തട്ടിപ്പിലൂടെ ലഭിച്ച തുക മുഴുവനും പ്രതി കവിത പിള്ളയെ ഏല്‍പ്പിച്ചിട്ടുള്ളതായി പോലീസ് പറയുന്നു.