| Saturday, 23rd May 2026, 6:18 pm

'എ ഫോർ ആക്ഷൻ'; എ സർട്ടിഫിക്കറ്റുമായി 'കാട്ടാളൻ' മെയ് 28-ന് തിയേറ്ററുകളിലേക്ക്

കെ.എസ് ഷാബിന

മലയാള സിനിമയിലെ മുൻനിര ആക്ഷൻ താരം ആന്റണി വർഗീസ് (പെപ്പെ) നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘കാട്ടാളൻ’ റിലീസിന് ഒരുങ്ങുന്നു. കടുത്ത ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളുന്ന ചിത്രത്തിന് സെൻസർ ബോർഡ് ‘A’ (എ) സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ‘A for Action’ എന്ന ശക്തമായ ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം മെയ് 28-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സൂപ്പർഹിറ്റ് ചിത്രം ‘മാർക്കോ’യിലൂടെ മലയാളത്തിൽ ആക്ഷൻ തരംഗം സൃഷ്ടിച്ച ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പോൾ ജോർജ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

കാട്ടാളൻ.Photo: The Hollywood Reporter

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രകൃതിയോടും കാട്ടുമൃഗങ്ങളോടുമുള്ള നായകന്റെ അതിസാഹസികമായ പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ആനയെ തളച്ച് മസ്തകം വെട്ടിപ്പിളർക്കുന്ന ആന്റണി വർഗീസിന്റെ മാസ്മരിക പ്രകടനം ഉൾപ്പെടുത്തിയ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഒരു വർഷത്തിലധികം നീണ്ട പ്രീ-പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് വമ്പൻ ബജറ്റിൽ ഒരുങ്ങിയ ഈ ദൃശ്യവിസ്മയം പ്രേക്ഷകരിലേക്ക് എത്തുന്നത്.

സാങ്കേതിക മികവിലും താരനിരയിലും ഏറെ മുന്നിലാണ് ‘കാട്ടാളൻ’. കെജിഎഫ് (KGF) ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഇന്ത്യൻ സംഗീത പ്രതിഭ രവി ബസ്രൂർ പശ്ചാത്തല സംഗീതവും, ലോകപ്രശസ്ത സ്റ്റണ്ട് മാസ്റ്റർ കെച്ച കെമ്പാഡിക് ആക്ഷൻ കൊറിയോഗ്രാഫിയും നിർവ്വഹിക്കുന്നു. മലയാളത്തിന് പുറമെ മറ്റ് ഇന്ത്യൻ ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കാട്ടാളൻ.Photo: Mathrubhumi English

സോഷ്യൽ മീഡിയ താരങ്ങളായ ഹനാൻ ഷാ, റാപ്പർ ജിനി, ഹിപ്സ്റ്റർ (പ്രണവ് രാജ്), കോൾമീവെനം, പാർത്ഥ് തിവാരി, ഷിബിൻ എസ്. രാഘവ്.എന്നിവരും ചിത്രത്തിൽ ഉണ്ട്.

തായ്ലാൻഡിൽ ചിത്രീകരണം ആരംഭിച്ച് ഇടുക്കി, തേനി, മുംബൈ, പൂനെ, ചെന്നൈ, കൊച്ചി, രാമേശ്വരം എന്നിവിടങ്ങളിലായി പൂർത്തിയാക്കിയ ‘കാട്ടാളൻ’, ആന്റണി വർഗീസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാകുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിറയ്ക്കുന്ന ഒരു തിയേറ്റർ അനുഭവം തന്നെയാകും ചിത്രം സമ്മാനിക്കുക എന്നതാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Content Highlight: Kattalan malayalam movie got  A certifiacte through censoring

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more