ശ്രീനഗര്‍:കത്തുവാ ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനം ആവശ്യപ്പെട്ട് നടത്തിയ റാലിയില്‍ പങ്കെടുത്തത് ബി.ജെ.പി നേതൃത്വം പറഞ്ഞിട്ടാണെന്ന മന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബി.ജെ.പി മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം കോണ്‍ഗ്രസും സി.പി.ഐ.എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യവുമായി രംഗത്തെത്തി. മന്ത്രിപദം ഒഴിഞ്ഞതുകൊണ്ടു മാത്രം കാര്യമില്ലെന്നും എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും കോണ്‍ഗ്രസും സി.പി..ഐ.എമ്മും ആവശ്യപ്പെട്ടു.
അതേസമയം, മുഖ്യമമന്ത്രി മെഹബൂബ മുഫ്തിയുടെ ഫേസ്ബുക്ക് പേജിലും പ്രതിഷേധം ശക്തമാകുന്നു. ജസ്റ്റിസ് ഫോര്‍ *** എന്ന ഹാഷ്ടാഗില്‍ നിരവധിയാളുകളാണ് പ്രതിഷേധവുമായി എത്തിയത്. ഇത്രയും ഭീകരമായ ഒരു കൃത്യം താങ്കളുടെ കൂട്ടുകക്ഷിയിലെ അംഗങ്ങളില്‍ നിന്നും ഉണ്ടായിട്ട് വീണ്ടും അവരോടു ചേര്‍ന്ന് ഭരണത്തില്‍ ഇരിക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രതിഷേധക്കാരില്‍ കൂടുതലും മലയാളികളാണ്. എന്നാല്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇതിനോടു ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം മന്ത്രിമാരായ ചന്ദ്രപ്രകാശ് ഗംഗയുടെയും ലാല്‍ സിങ്ങിന്റെയും രാജിക്കത്ത് ബി.ജെ.പി, ഇന്നു മുഖ്യമന്ത്രിക്കു കൈമാറും.
“പാര്‍ട്ടിയാണ് ഞങ്ങളെ കത്തുവയിലേക്ക് അയച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ സാത് ശര്‍മ്മയാണ് ഞങ്ങളെ അയച്ചത്. അവിടേക്ക് പോയത് പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ചാണ്.” എന്നായിരുന്നു മന്ത്രിസ്ഥാനം രാജിവെച്ച ചദര്‍ പ്രകാശ് ഗംഗ പറഞ്ഞത്. കത്തുവ ബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാകയുമേന്തി റാലി നടത്തിയവരായിരുന്നു ഇരുവരും. ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്.
അതേസമയം, ടൂറിസം മന്ത്രി തസ്ദാഖ് മുഫ്തിയുടെ പരാമര്‍ശത്തെക്കുറിച്ചു മുഖ്യമന്ത്രി മെഹ്ബൂബ നിലപാട് അറിയിക്കണമെന്നു സി.പി.ഐ.എം നേതാവ് എം.വൈ. തരിഗമി ആവശ്യപ്പെട്ടു. ഒരു തലമുറ മുഴുവന്‍ രക്തം കൊണ്ടു മറുപടി പറയേണ്ട കുറ്റകൃത്യത്തിലെ പങ്കാളികളായി പി.ഡി.പിയും ബി.ജെ.പിയും മാറിയെന്നായിരുന്നു തസ്ദാഖ് മുഫ്തിയുടെ പരാമര്‍ശം. ജനങ്ങളോടു മാപ്പു പറയുന്നതില്‍നിന്നു പി.ഡി.പിയെ പിന്‍വലിക്കുന്നതെന്താണെന്നുള്ള ചോദ്യത്തോടു പ്രതികരിക്കവെയായിരുന്നു ടൂറിസം മന്ത്രി ഇങ്ങനെ പറഞ്ഞത്.
“ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ബിജെപിയുമായുള്ള “പൊരുത്തമില്ലാത്ത സഖ്യ”മാണ് ഇതിനു കാരണം. അവസരവാദപരമായ ഈ സഖ്യത്തെക്കുറിച്ചു സംസ്ഥാനത്തിന് അകത്തും പുറത്തും ജനാധിപത്യശക്തികള്‍ നിരവധി ആശങ്കകളും മുന്നറിയിപ്പുകളും നല്‍കിയെങ്കിലും പി.ഡി.പി അതു വകവച്ചില്ല. ഈ നിലപാടാണു ജമ്മു കശ്മീരിനെ ഇന്നത്തെ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്. സഖ്യകക്ഷിയുമായി “രാഷ്ട്രീയ വ്യാപാര”ത്തിലേര്‍പ്പെടുമ്പോള്‍ പി.ഡി.പി അവരുടെ രാഷ്ട്രീയ അജന്‍ഡയെക്കുറിച്ചു മൗനമാകുന്നു, എന്നാല്‍ ബി.ജെ.പി അതു വര്‍ധിച്ച ശക്തിയോടു കൂടെ നടപ്പാക്കുന്നു” അദ്ദേഹം പറഞ്ഞു.
അമിതമായ സൈനിക ഉപയോഗത്തിലൂടെ കശ്മീരിനെ ഒരു തടവറയാക്കി മാറ്റിയിരിക്കുകയാണെന്ന് സി.പി.ഐ.എം നേതാവ് താരിഗമി വ്യക്തമാക്കി. കശ്മീരിലെങ്ങും ഭരണനിര്‍വഹണത്തെക്കാള്‍ സൈന്യത്തെയാണു കൂടുതലായും കാണുന്നത്. “സഖ്യകക്ഷിയുടെ അജന്‍ഡ” എന്താണെന്നു സംസ്ഥാനത്തിനു മുഴുവന്‍ അറിയാം. വ്യാജമായ, ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളുടെ കൂമ്പാരം മാത്രമാണിത്. ജനങ്ങളുടെ ആഗ്രഹത്തിന് എതിരാണ് ഈ സര്‍ക്കാരെന്നും തരിഗമി വ്യക്തമാക്കി.
ജമ്മുവിനടുത്തുള്ള കത്തുവയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്.