| Thursday, 4th September 2025, 4:34 pm

ദുല്‍ഖറിനൊപ്പമുള്ള സിനിമ; കൂടുതലൊന്നും പുറത്തുപറയരുതെന്ന് അദ്ദേഹത്തിന്റെ ഓര്‍ഡറുണ്ട്: കതിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മദയാനൈ കൂട്ടം എന്ന തമിഴ് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച് തമിഴ് സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ വ്യക്തിയാണ് കതിര്‍. കിരുമി, എന്നോടു വിളയാട്, വിക്രം വേദ, അങ്ങനെ നിരവധി സിനിമകളുടെ ഭാഗമായെങ്കിലും മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലൂടെയാണ് കതിര്‍ ശ്രദ്ധേയനാകുന്നത്.

എം.സി. ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മീശ എന്ന സിനിമയിലൂടെ കതിര്‍ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന്‍ നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമകളുടെ ആരാധകനാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് കതിര്‍.

‘മലയാളസിനിമകള്‍ കാണാറുണ്ട്. ജോജു സാര്‍ അഭിനയിച്ച ‘ഇരട്ട’ ഏറെ ഇഷ്ടപ്പെട്ടു. ഫഹദ് സാറിന്റെ ആവേശം കണ്ടത് ഫോര്‍ട്ട് കൊച്ചിയില്‍ വെച്ചാണ്. മീശയുടെ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു അത്. ഫഹദ് സാറിനൊപ്പം അഭിനയിക്കണമെന്നാഗ്രഹമുണ്ട്. അതുപോലെ അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‌മാന്‍ എന്നിവരുടെ സിനിമയുടെ ഭാഗമാകാനും ഇഷ്ടമാണ്.

തമിഴില്‍ ഏറെ ഇഷ്ടമുള്ള സംവിധായകര്‍ അറ്റ്‌ലി, സെല്‍വരാഘവന്‍ തുടങ്ങിയവരാണെന്നും സിനിമയെക്കുറിച്ചും പുതിയഭാവുകത്വത്തെക്കുറിച്ചുമെല്ലാം നല്ല ധാരണയുള്ളവരാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ സിനിമകളെ കുറിച്ചും ദുല്‍ഖറിനൊപ്പം വരാന്‍ പോകുന്ന മലയാള ചിത്രത്തെ കുറിച്ചും കതിര്‍ സംസാരിച്ചു. സൈ, മാനവന്‍ എന്നിവയാണ് തമിഴില്‍ റിലീസ് ചെയ്യാനുള്ളതെന്ന് കതിര്‍ പറഞ്ഞു.

‘ലിംഗം എന്ന പേരില്‍ ഒരു ഗാങ്സ്റ്റര്‍ ബയോപിക്കും ഒരുങ്ങുന്നുണ്ട്. ദുല്‍ഖറിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്. കൂടുതലൊന്നും പുറത്തുപറയരുതെന്ന് സംവിധായകന്‍ നഹാസ് സാറിന്റെ സ്ട്രിക്ട് ഓഡറുണ്ട്. അതുകൊണ്ട് നോ കമന്റ്‌സ്,’ കതിര്‍ പറഞ്ഞു.

Content highlight:  Kathir talks about Malayalam films and his upcoming Malayalam film with Dulquer

We use cookies to give you the best possible experience. Learn more