| Monday, 21st July 2025, 12:41 pm

കൊവിഡ് സമയത്ത് മലയാളസിനിമകളായിരുന്നു കൂടുതലും കണ്ടത്, ജോജുവിന്റെ ആ ചിത്രം ഒരുപാട് ഇഷ്ടമായി: കതിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരിലൊരാളാണ് കതിര്‍. മദ യാനൈക്കൂട്ടം എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച കതിര്‍ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ നായക കഥാപാത്രം ഒരുപാട് പ്രശംസ സമ്മാനിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐ ആം ഗെയിമിലൂടെ മലയാളത്തിലും കതിര്‍ തന്റെ സാന്നിധ്യമറിയിക്കുകയാണ്.

മലയാള സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് കതിര്‍. കൊവിഡ് സമയം മുതലാണ് മലയാള സിനിമകള്‍ കൂടുതലായും കണ്ടുതുടങ്ങിയതെന്ന് കതിര്‍ പറഞ്ഞു. കൊവിഡിന് മുമ്പ് ഷെയ്ന്‍ നിഗം നായകനായ ഇഷ്‌ക് താന്‍ കണ്ടിരുന്നെന്നും ആ സിനിമ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും താരം കൂട്ടിച്ചേര്‍ത്തു. പിന്നീട് ഒ.ടി.ടിയില്‍ പുറത്തിറങ്ങുന്ന മലയാള സിനിമകള്‍ തേടിപ്പിടിച്ച് കാണുമായിരുന്നെന്നും അദ്ദേഹം പറയുന്നു.

പിന്നീട് ജോജു ജോര്‍ജിന്റെ ജോസഫ്, ഇരട്ട എന്ന സിനിമകള്‍ കണ്ടെന്നും എല്ലാം വ്യത്യസ്തമായ അനുഭവങ്ങളായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും ആദ്യ ചോയ്‌സ് എപ്പോഴും മലയാളസിനിമയാണെന്നും കതിര്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് കതിര്‍ ഇക്കാര്യം പറഞ്ഞത്.

‘മലയാളസിനിമ കണ്ടുതുടങ്ങിയിട്ട് അധികം കാലമായില്ല. ഇഷ്‌ക് നല്ല സിനിമയാണെന്ന് കൂട്ടുകാര്‍ പറഞ്ഞത് കേട്ടിട്ട് പോയി കണ്ടിട്ടുണ്ട്. എനിക്ക് ആ സിനിമ ഒരുപാട് ഇഷ്ടമായി. പിന്നെ കൊവിഡ് ടൈമില്‍ മലയാളസിനിമ തേടിപ്പിടിച്ച് കാണുകയായിരുന്നു. ഓരോ ആഴ്ചയും ഒ.ടി.ടിയിലെത്തുന്ന സിനിമകള്‍ ഏതൊക്കയാണെന്ന് നോക്കിയിട്ട് കാണുമായിരുന്നു.

ജോജുവിന്റെ ജോസഫ്, ഇരട്ട എന്നീ സിനിമകള്‍ തേടിപ്പിടിച്ച് പോയി കണ്ടവയാണ്. എല്ലാം അടിപൊളി എക്‌സ്പീരിയന്‍സായിരുന്നു. വീട്ടില്‍ അച്ഛനും അമ്മയുമൊക്കെ മലയാളസിനിമയുടെ ഫാന്‍സായി. വെറുതേയിരിക്കുമ്പോള്‍ ‘ഏതെങ്കിലും നല്ല മലയാളം സിനിമ വെക്ക്’ എന്നാണ് അവര്‍ ഇപ്പോള്‍ പറയാറുള്ളത്. നല്ല സിനിമകളൊന്നും അവര്‍ മിസ്സാക്കാറില്ല.

ഇപ്പോള്‍ മലയാളസിനിമയില്‍ ഓഫര്‍ കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്ക് ചെറിയ എക്‌സൈറ്റ്‌മെന്റ് ഉണ്ട്. കാരണം, മലയാളസിനിമയെന്ന് പറഞ്ഞാല്‍ അവരുടെ മനസില്‍ ഒരു ഇമേജുണ്ടല്ലോ. അത് നന്നാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഈ ഇന്റര്‍വ്യൂവിന് വന്നപ്പോള്‍ നഹാസ് പ്രത്യേകം പറഞ്ഞ ഒരു കാര്യമുണ്ട്. ‘ചേട്ടാ, അവര്‍ തിരിച്ചും മറിച്ചും ചോദിക്കും, കഥയൊന്നും പറയരുത് എന്ന് പറഞ്ഞിട്ടാണ് വിട്ടത്.’ കതിര്‍ പറയുന്നു.

Content Highlight: Kathir about his craze on Malayalam movies

We use cookies to give you the best possible experience. Learn more