| Friday, 30th August 2013, 9:48 am

കാതിക്കുടത്ത് നീറ്റ ജലാറ്റിന്‍ കമ്പനി പുറന്തള്ളുന്ന മാലിന്യത്തില്‍ മാരക വിഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തൃശൂര്‍: കാതിക്കുടം നീറ്റ ജലാറ്റിന്‍ കമ്പനി പുറന്തള്ളുന്നത് മാരക വിഷം. പുറന്തള്ളുന്ന മാലിന്യത്തില്‍ ഘനലോഹങ്ങളുടെ അതിപ്രസരമുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ വി ടി പത്മനാഭന്‍ പറഞ്ഞു. []

ലെഡ്ഡിന്റേയും കാഡ്മിയത്തിന്റേയും നിക്കലിന്റേയും അംശങ്ങളാണ് കമ്പനി പ്രതിദിനം പുറംതള്ളുന്ന മാലിന്യങ്ങള്‍. ഇവ മനുഷ്യ ശരീരത്തിന് ഏറെ അപകടകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ജലാറ്റിന്‍ വേര്‍തിരിച്ചെടുക്കുന്നത് കാലികളുടെ 130 ടണ്‍ എല്ലുപൊടി ഉപയോഗിച്ചാണ് . 13 ടണ്‍ ഹൈഡ്രോക്ലോറിക് ആസിഡും 7 ടണ്‍ ചുണ്ണാമ്പ് കല്ലും ഒരു കോടി ലിറ്റര്‍ വെള്ളവുമാണ് അസംസ്‌കൃത പദാര്‍ത്ഥങ്ങളായി ഉപയോഗിക്കുന്നത്.

ഇവ ഉപയോഗിച്ചുള്ള ഉത്പാദന പ്രക്രിയയിലൂടെ 80 ടണ്‍ വിവിധ ഉത്പ്പന്നങ്ങള്‍ കമ്പനിക്ക് ലഭിക്കും. ഒപ്പം 35 വീതം ഖര ദ്രവ മാലിന്യം അടക്കം 70 ടണ്‍ മാലിന്യവുമുണ്ടാകും.

ഇതില്‍ ചാലക്കുടി പുഴയില്‍ നിന്ന് എടുക്കുന്ന ഒരു കോടി ലിറ്റര്‍ ജലം 15 ലക്ഷം കഴിച്ച് 85 ലിറ്റര്‍ മാലിന്യ ജലമായി പുഴയിലേക്ക് തന്നെ ഒഴുക്കും.

ഖര മാലിന്യത്തില്‍ കുട്ടികള്‍ക്കും വലിയവര്‍ക്കും അപകടകരമായ ലെഡിന്റേയും മറ്റും അംശങ്ങള്‍ ഏറെയുണ്ടാവും. മാലിന്യം ഉപയോഗിച്ച് ഉണ്ടാക്കുന്ന വളത്തിലും മറ്റും ഇവയുടെ നാന്നിധ്യം ഉണ്ടായിരിക്കും.

കമ്പനിയുടെ മാലിന്യത്തില്‍ നിന്ന് ഉണ്ടാക്കിയ വളം ഉപയോഗിച്ച് കൃഷിചെയ്ത പച്ചക്കറിയില്‍ ഒരു ഗ്രാമില്‍ അധികം ലെഡാണ് കണ്ടെത്തിയത്. സാധാരണ 1020 മൈക്രോഗ്രാം വേണ്ടിടത്താണിത്.

ഇത്തരം പച്ചക്കറികള്‍ ഉപയോഗിക്കുന്നതോടെ സാധാരണ മനുഷ്യര്‍ക്ക് വേണ്ട ബൗദ്ധിക നിലവാരം 110 ല്‍ നിന്ന് 80 മുതല്‍ 75 വരെയായി കുറയാനിടയുമ്ട്. ഇത് കുട്ടികള്‍ക്കാണ് ഏറെ ഹാനികരം. ഗര്‍ഭിണികള്‍ ഇത് ഭക്ഷിച്ചാല്‍ കുട്ടികള്‍ മന്ദബുദ്ധികളാകാന്‍ വരെ സാധ്യതയുണ്ട്.

കമ്പനി മാലിന്യത്തിലൂടെ നിര്‍മിക്കുന്ന വളം കാര്‍ഷിക സര്‍വകലാശാല അടക്കമുള്ള സംവിധാനങ്ങളെ ഉപയോഗിപ്പെടുത്തി വില്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഇത് വഴി ഏത് ജില്ലകളിലേക്കും വളം എത്തിയാല്‍ ദുരവ്യാപകമായ അനന്തരഫലമായിരിക്കും വരാനിരിക്കുന്നത്. മാലിന്യത്തിലെ ലെഡിന്റെ അംശം പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ തലമുറകള്‍ക്കും ദോഷമുണ്ടാകുംവിധം മണ്ണിലുണ്ടാകും.

മാലിന്യത്തിലെ ലെഡിന്റെ അംശം കുറക്കുന്നതിന് നടപടികള്‍ എടുക്കുന്നതിന് കമ്പനി തുനിഞ്ഞാല്‍ ഇപ്പോള്‍ ലഭിക്കുന്ന ലാഭം പോലും തികയില്ല. അതുകൊണ്ട് തന്നെ അത്തരം ഒരു സാഹസത്തിന് അധികൃതര്‍ മുതിരില്ലെന്നും അദ്ദേഹം പറയുന്നു.

മലിന ജലം പുഴയിലേക്ക് ഒഴുക്കുന്നതിലൂടെ കേരളത്തിലേക്ക് മുഴുവന്‍ ഈ രോഗാണു വ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more