| Wednesday, 22nd July 2020, 11:19 am

കാസര്‍ഗോഡ് പോക്‌സോ കേസ് പ്രതി തെളിവെടുപ്പിനിടെ കടലില്‍ ചാടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് തെളിവെടുപ്പിനിടെ പോക്‌സോ കേസ് പ്രതി കടലില്‍ ചാടി. കാസര്‍ഗോഡ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുഡ്‌ലു സ്വദേശി മഹേഷാണ് തെളിവെടുപ്പിനിടെ കടലില്‍ ചാടിയത്.

കസബ കടപ്പുറത്ത് വെച്ചായിരുന്നു സംഭവം. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രാവിലെ 8 മണിയോടെയാണ് ഇയാളെ തെളിവെടുപ്പിന്റെ ഭാഗമായി കടപ്പുറത്ത് കൊണ്ടുവന്നത്.

12 വയസുകാരിയുടെ നഗ്നചിത്രം പകര്‍ത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. പുലിമുട്ടിന് സമീപത്തായി ഫോണ്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇതെടുക്കാന്‍ വേണ്ടിയായിരുന്നു എസ്.ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ ഇയാളെ കൊണ്ടുവന്നത്.

എന്നാല്‍ പുലിമുട്ടിന് സമീപം വെച്ച് വിലങ്ങ് സഹിതം ഇയാള്‍ കടലിന് സമീപത്തേക്ക് ഓടുകയും വെള്ളത്തിലേക്ക് എടുത്ത്ചാടുകയുമായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ രണ്ട് പൊലീസുകാര്‍ ആശുപത്രിയിലാണ്.

ഇയാളെ കണ്ടെത്താനായി പൊലീസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും അടക്കം കടലില്‍ തിരച്ചില്‍ തുടരുകയാണ്.

ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയോടെയാണ് മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more