| Thursday, 16th May 2019, 2:32 pm

സാബിത്ത് വധം; പ്രതികളെ വെറുതെ വിട്ടത് പൊലീസിന്റെ വീഴ്ചയാണോയെന്ന് അന്വേഷിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്ന് കാസര്‍ഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്. കേസില്‍ മേല്‍കോടതിയില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും നെല്ലിക്കുന്ന് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇതിനുമുമ്പും കൊലപാതക കേസില്‍ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. അന്നും കോടതി പറഞ്ഞത് പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായിട്ടുണ്ട് എന്നാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്നും നെല്ലിക്കുന്ന് പറഞ്ഞു.

എന്നാല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഒരു അഭിഭാഷകനായിട്ടാണ് കേസില്‍ വാദിച്ചതെന്നും സംഭവത്തില്‍ സംഘപരിവാര്‍ ബന്ധമുണ്ടോ എന്ന് ഇപ്പോല്‍ പറയാനാവില്ലെന്നും നെല്ലിക്കുന്ന് പറഞ്ഞു.

തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്.

6 തവണ വിധി പറയുന്നത് മാറ്റിവെച്ച കേസില്‍ ജഡ്ജി മനോഹര്‍ കിനിയാണ് വിധിപറഞ്ഞത്. ജെ.പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ എന്‍ വൈശാഖ് (22), ജെ.പി കോളനിയിലെ 17കാരന്‍, ജെ.പി കോളനിയിലെ എസ്.കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി.കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്ബിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരെയാണ് വെറുതെവിട്ടത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും അഡ്വ. രവീന്ദ്രനുമാണ് പ്രതികള്‍ക്ക് വേണ്ടി വാദിച്ചിരുന്നത്.

2013 ജൂലൈ ഏഴിന് പകല്‍ 11.30 ഓടെ അണങ്കൂര്‍ ജെ.പി കോളനി പരിസരത്തു വെച്ച് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു. ബൈക്കോടിച്ചത് സാബിത്തായിരുന്നു. അക്രമത്തില്‍ റഹീസിനും സാരമായി പരിക്കേറ്റിരുന്നു.

ജെ.പി കോളനിയിലെ കെ.അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ.എന്‍ വൈശാഖ് (22), ജെ.പി കോളനിയിലെ 17 കാരന്‍, ജെ.പി കോളനിയിലെ എസ്.കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിംബിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരാണ് പ്രതികള്‍. സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more