| Wednesday, 22nd May 2019, 8:14 pm

കാസര്‍കോടിനെ കലാപഭൂമിയാക്കുന്നതാര് ?

അലി ഹൈദര്‍

കാസര്‍ഗോഡിനെ വിദ്വേഷങ്ങളുടെ കൊലപാതകഭൂമിയാക്കുന്ന സംഘപാറിന് നിയമപാലകരും കൂട്ടുനില്‍ക്കുകയാണോ. കാസര്‍ഗോഡ് ജില്ലയില്‍ സംഘപരിവാര്‍ നടത്തിയ കൊലപാതക കേസുകളിലെ പ്രതികള്‍ തുടര്‍ച്ചയായി രക്ഷപ്പെടുന്നത് എന്ത് കൊണ്ടാണ്. ഇപ്പോഴിതാ സാബിത് വധക്കേസ്സിലെ പ്രതികളെയും കോടതി വെറുതെ വിട്ടിരിക്കുന്നു.

2013 ജൂലൈ ഏഴിന് പകല്‍ സമയത്താണ് 18 വയസുണ്ടായിരുന്ന സാബിത്ത് എന്ന ചെറുപ്പക്കാരനെ മതവിദ്വേഷത്തിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. അണങ്കൂര്‍ ജെ.പി കോളനി പരിസരത്തു വെച്ച് മീപ്പുഗിരിയിലെ റഹീസ് എന്ന സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കെയാണ് ഏഴംഗ സംഘപരിവാര്‍ സംഘം ഇവരെ തടഞ്ഞുനില്‍ത്തിയതും സാബിത്തിനെ കുത്തിക്കൊലപ്പെടുത്തുന്നതും. റഹീസിന് മാരകമായ പരിക്കുകളേല്‍ക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇപ്പോള്‍ കേസിലെ മുഴുവന്‍ പ്രതികളെയും കാസര്‍ഗോഡ് സെഷന്‍സ് കോടതി വെറുതെ വിട്ടിരിക്കുന്നു.

സംഭവം നടന്ന് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം കേസന്വേഷണത്തില്‍ പൊലീസിന് സംഭവിച്ച വീഴ്ചകൂടി ചൂണ്ടിക്കാട്ടിയാണ് തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ കോടതി വെറുതെ വിട്ടത്. സാബിത്ത് വധക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍പിള്ളയാണ്. പ്രാദേശികമായ നടക്കുന്ന ഇത്തരം കൊലപാതക കേസ്സുകളില്‍ ഒരു പാര്‍ട്ടിയുടെ ഉന്നത നേതൃത്വം തന്നെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് മനസ്സിലാകും ഇത്തരം കൊലപാതകങ്ങള്‍ എത്രമാത്രം സംഘടിതവും ആസൂത്രിതവുമാണ് എന്നത്.

സാബിത്ത് വധക്കേസ്സില്‍ പോലീസ് സമര്‍പ്പിച്ച മൊഴിയില്‍ ഏറെ വൈരുദ്ധ്യങ്ങളുണ്ട് എന്നാണ് കോടതി നരീക്ഷിച്ചത്. കൊലനടക്കുമ്പോള്‍ സാബിത്തിനൊപ്പമുണ്ടായിരുന്ന റഹീസിന്റെ മൊഴി പോലും വിശ്വസിക്കാവുന്ന തരത്തിലല്ല എന്ന് കോടതിയ്ക്ക് പറയേണ്ടി വന്നതെന്തുകൊണ്ടാണ്. സുഹൃത്ത് കൊല്ലപ്പെടുന്നത് നേരില്‍ കാണുകയും അയാളെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത ഒരാളുടെ മൊഴി പോലും സത്യസന്ധമായി രേഖപ്പെടുത്താനും കൃത്യമായ തെളിവുകള്‍ ഹാജരാക്കാനും പോലീസിന് ഇവിടെ സാധിച്ചിട്ടില്ല. കേസന്വേഷണഘട്ടങ്ങളില്‍ പോലീസിന് സംഭവിച്ച ബോധപൂര്‍വവും ആസൂത്രിതവുമായ കൃത്യവിലോപങ്ങളിലേക്ക്ാണ് ഇത് വരല്‍ ചൂണ്ടുന്നത്. സമീപകാലങ്ങളില്‍ കാസര്‍ഗോഡ് നടന്ന സമാനമായ മറ്റ് പല കേസ്സുകളിലും പോലീസിന്‍രെ ഭാഗത്ത് നിന്നും ഇത്തരം ഗുരുതരമായ വീഴ്ചകള്‍ കാണാവുന്നതാണ്.

കാസര്‍ഗോഡ് ജില്ലയില്‍ സംഘപരിവാര്‍ നടത്തിയ കൊലപാതകങ്ങളില്‍ പ്രതികളെ കോടതി വെറുതെ വിടുന്നത് ഇതാദ്യമായല്ല. നേരത്തെ സിനാന്‍ വധക്കേസിലും അസ്ഹര്‍ വധക്കേസിലും ഉപേന്ദ്ര വധക്കേസിലുമെല്ലാം പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. അപ്പോഴെല്ലാം കോടതികളില്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിക്കപ്പെട്ടതുമാണ്.

തുടര്‍ച്ചായായ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ സ്ഥലമായിരുന്നു കണ്ണൂര്‍. വര്‍ഗീയ കൊലപാതകങ്ങളിലൂടെ കാസര്‍ഗോഡ് നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. മദ്രസയിലേക്ക് പോവുകയായിരുന്ന ഫഹദ് എന്ന പിഞ്ചുബാലനും പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയുമെല്ലാം കഴുത്തറുത്ത് കൊല്ലപ്പെടുന്നു. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തിയാണ് സിനാനും സാബിത്തും വ്യത്യസ്ത കാലങ്ങളില്‍ സമാനമായ രീതിയില്‍ കുത്തേറ്റ് കൊല്ലപ്പെടുന്നത്. ഇരുകേസ്സിലെയും പ്രതികള്‍ക്ക് വേണ്ടി ഹാജരായതും ശ്രീധരന്‍പിള്ള തന്നെയാണ്. 2008 മുതല്‍ 2017 വരെ യുള്ള ഒമ്പത് വര്‍ഷക്കാലത്തിനിടയില്‍ കാസര്‍ഗോഡ് പൊലീസ് സ്റ്റേഷന്റ പരിധിയില്‍ മാത്രം ആറു മുസ്ലീങ്ങളാണ് സംഘ് പരിവാറുകാരാല്‍ കൊല്ലപ്പെട്ടത്. ജില്ലയുടെ ഇതര പ്രദേശങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ വേറെയും.

രാഷ്ടീയ സംഘട്ടനങ്ങള്‍ക്കപ്പുറം തുടര്‍ച്ചയായ വര്‍ഗീയ കൊലപാതകങ്ങളുടെ നാടായി കാസര്‍ഗോഡ് മാറുന്നത് എന്തുകൊണ്ടാണ്. എന്ത് കൊണ്ടാണ് ഇവിടെ നടക്കുന്ന കൊലപാതകമടക്കമുള്ള കേസ്സുകളില്‍ പ്രതികള്‍ എളുപ്പത്തില്‍ രക്ഷപ്പെടുന്നത്. പോലീസ് ഇവിടെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആരാണ് പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ വരുന്നത്. എവിടെ നിന്നാണ് പ്രതികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത്. എന്ത് കൊണ്ടാണ് പ്രതികളെല്ലാം സംഘപരിവാര്‍ പ്രവര്‍ത്തകരായ ചെറുപ്പകാരാകുന്നത്. ഒറ്റ ഉത്തരമേ ഉള്ളൂ.

വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ അധികാരം ലക്ഷ്യമിടുന്ന സഘപരിവാര്‍ കലാപരാഷ്ട്രീയത്തിന്റെ കേരളത്തിലെ പരീക്ഷണശാലയാണ് കാസര്‍ഗോഡ്. ഉത്തരേന്ത്യയിലേതിന് സമാനമായി സംഘപരിവാര്‍ റിപ്ലബ്ലിക്കുകള്‍ പോലുള്ള പ്രദേശങ്ങള്‍ സൃഷ്ടിച്ചെടുത്തും, കൊച്ചുകുട്ടികളുടെ മാനസ്സിക നിലകളിലേക്കടക്കം വര്‍ഗീയത സന്നിവേശിപ്പിക്കുന്ന ദീര്‍ഘനാളുകള്‍ നീണ്ട ഇടപെടലുകള്‍ നടത്തിയും, സമൂഹത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായ ധ്രുവീകരണങ്ങള്‍ സാധ്യമാക്കിയും, സംഘപരിവാര്‍ ആസൂത്രണം ചെയ്യുന്ന ദീര്‍ഘവീക്ഷിത കലാപപദ്ധതിയുടെ കേന്ദ്രമായി മാറുകയാണ് കാസര്‍ഗോഡ്.

ഏറെക്കാലമായി തിരിച്ചടികള്‍ ഒന്നും നടത്തുന്നില്ലെങ്കിലും സംഘപരിവാറിന്റെ ലക്ഷ്യങ്ങള്‍ക്ക് ഗുണം ചെയ്യുന്ന തരത്തില്‍ മുസ്ലിം വര്‍ഗീയ സംഘടനകളും ഇവിടെ വളര്‍ന്നുവരുന്നുണ്ട്. കേരളത്തെ കലാപഭൂമിയാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധങ്ങള്‍ സാധ്യമാകേണ്ടത് അത്യാവശ്യമാണ്.

തുടര്‍ച്ചയായ കൊലപാതകങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നത് വീണ്ടും വീണ്ടും അക്രമങ്ങള്‍ നടത്താനുള്ള ധൈര്യമാണ് അവര്‍ക്ക് നല്‍കുന്നത്.

ഇനി വിചാരണ നടക്കാനുള്ള സൈനുല്‍ ആബിദ്, അഡ്വ.സുഹാസ്, മുഹമ്മദ് ഹാജി അടുക്കത്തുബയല്‍, സന്ദീപ്, റിയാസ് മൗലവി ഇവരുടെയൊക്കെ കൊലപാതകങ്ങളിലും പ്രതികള്‍ രക്ഷപ്പെടുമോ. അതും സംഭവിച്ചാല്‍ എന്തുമാത്രം അരക്ഷിതാവസ്ഥയായിരിക്കും അത് കാസര്‍ഗോഡിന്റെ സാമൂഹികയതില്‍ സൃഷ്ടിക്കുക.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more